സച്ചിന്‍ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍

By Web DeskFirst Published Feb 17, 2017, 11:12 AM IST
Highlights

മുംബൈ: കരിയറില്‍ ഒരുപാട് ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിക്കുകയും ഒരിക്കല്‍ ടീമിന്റെ ക്യാപ്റ്റനാവുകയും ചെയ്തിട്ടുള്ളയാളാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ താന്‍ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാരാണെന്ന ചോദ്യത്തിന് സച്ചിന്റെ മറുപടി അല്‍പം വ്യത്യസ്തമാണ്. തന്റെ എതിരാളികളില്‍  സച്ചിന്‍ ഏറ്റവും മികച്ച ക്യാപ്റ്റനായി കരുതുന്നത് ഇംഗ്ലീഷ് മുന്‍ നായകന്‍ നാസിര്‍ ഹുസൈനെയാണ്. നാസിര്‍ ഹുസൈന്‍ ബുദ്ധിശാലിയും തന്ത്രശാലിയുമായ ക്യാപ്റ്റനായിരുന്നുവെന്ന് സച്ചിന്‍ വ്യക്തമാക്കി.

ചിന്തിക്കുന്ന ക്രിക്കറ്ററായിരുന്നു നാസിര്‍ ഹുസൈന്‍. ഒരു ബാറ്റ്സ്മാന്‍ ഷോട്ട് കളിച്ചുവെന്നതിന്റെ പേരില്‍ ഫീല്‍ഡിലെ ഏതെങ്കിലും സ്ഥാനത്ത് ഫീല്‍ഡറെ വിന്യസിക്കുന്ന നായകനായിരുന്നില്ല നാസിര്‍ ഹുസൈന്‍. ഒരു ബാറ്റ്സ്മാന്‍ ഏത് തരത്തിലുള്ള ഷോട്ടാണ് കളിക്കാന്‍ സാധ്യതയെന്ന് മുന്‍കൂട്ടി മനസിലാക്കി ഫീല്‍ഡറെ നിയോഗിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും സച്ചിന്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ നായകന്‍മാരില്‍ മാര്‍ക് ടെയ്‌ലര്‍, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ എന്നിവരേക്കാളും മികച്ച ക്യാപ്റ്റനായിരുന്നു മൈക്കല്‍ ക്ലാര്‍ക്കെന്നും സച്ചിന്‍ പറയുന്നു. ക്ലാര്‍ക്കിന്റെ കീഴിലാണ് ഓസീസ് 2015ലെ ഏകദിന ലോകകപ്പ് നേടിയത്.

ക്യാപ്റ്റനെന്ന നിലയില്‍ അലന്‍ ബോര്‍ഡറെ വിലയിരുത്താന്‍ എനിക്കായിട്ടില്ല. എന്നാല്‍ സ്റ്റീവ് വോ, പോണ്ടിംഗ്, മാര്‍ക് ടെയ്‌ലര്‍ എന്നിവരുടെ നേട്ടത്തിന് പിന്നില്‍ മഹാന്‍മാരായ ഒരുപാട് കളിക്കാരുടെ പിന്തുണ ഉണ്ടായിരുന്നു. ക്ലാര്‍ക്കിന് അത്തരമൊരു പിന്തുണ ഇല്ലായിരുന്നുവെന്നും ഇതാണ് ക്ലാര്‍ക്കിനെ ഓസീസ് നായകന്‍മാരില്‍ മികച്ച ക്യാപ്റ്റനായി കരുതാന്‍ കാരണമെന്നും സച്ചിന്‍ പറഞ്ഞു. നായകനെന്ന നിലയില്‍ ഗ്രെയിം സ്മിത്തിനോട് തനിക്ക് ഏറെ ബഹുമാനമാണെന്നും സച്ചിന്‍ പറഞ്ഞു.

 

 

 

click me!