ഇന്ത്യയിലേക്ക് പഴുക്കടക്ക കള്ളക്കടത്ത്; ജയസൂര്യ അടക്കം മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അന്വേഷണം

By Web TeamFirst Published Nov 22, 2018, 4:36 PM IST
Highlights

നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് പഴുക്കടക്ക കള്ളക്കടത്ത് നടത്തിയെന്ന കേസില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം താരവും മന്ത്രിയുമായിരുന്ന സനത് ജയസൂര്യ അടക്കം മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അന്വേഷണം. കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നികുതിവെട്ടിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ പഴുക്കടക്ക റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് പിടികൂടിയിരുന്നു. എന്നാല്‍ ജയസൂര്യക്ക് പുറമെ ആരോപണം നേരിടുന്ന മറ്റ് രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

മുംബൈ: നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് പഴുക്കടക്ക കള്ളക്കടത്ത് നടത്തിയെന്ന കേസില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം താരവും മന്ത്രിയുമായിരുന്ന സനത് ജയസൂര്യ അടക്കം മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അന്വേഷണം. കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നികുതിവെട്ടിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ പഴുക്കടക്ക റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് പിടികൂടിയിരുന്നു. എന്നാല്‍ ജയസൂര്യക്ക് പുറമെ ആരോപണം നേരിടുന്ന മറ്റ് രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ജയസൂര്യയെ മുംബൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ദ് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ജയസൂര്യ അടക്കമുള്ള മൂന്ന് ക്രിക്കറ്റ് താരങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്‍ഡോനേഷ്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക വാങ്ങിയ പഴുക്കടക്കയാണ് ഇന്ത്യയിലേക്ക് നികുതിവെട്ടിച്ച് കടത്തിയതെന്ന് റവന്യൂ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ദിലിപ് സിവാരെയെ പറഞ്ഞതായി ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ മുതലെടുത്ത് ശ്രീലങ്കയിലെ കടലാസ്  കമ്പനികള്‍ വഴിയാണ് ഇന്ത്യയിലേക്ക് പഴുക്കടക്ക കള്ളക്കടത്തു നടത്തിയത്. രാജ്യത്തു തന്നെയുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇത്തരത്തില്‍ നികുതിയിളവ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇവിടെ ഇന്‍ഡോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത പഴുക്കടക്കയാണ് ഇന്ത്യയിലേക്ക് കയറ്റി അയച്ചത്.

ക്രിക്കറ്റ് താരമെന്ന പദവി ഉപയോഗിച്ച് കടലാസു കമ്പനികളുടെ പേരില്‍ ജയസൂര്യ ട്രേഡ്, എക്സ്പോര്‍ട് ലൈസന്‍സുകള്‍ സ്വന്തമാക്കുകയും ശ്രീലങ്കയില്‍ ഉല്‍പ്പാദിപ്പിച്ച പഴുക്കടക്ക എന്ന പേരില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുകയുമായിരുന്നു. ഇന്‍ഡോനേഷ്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന പഴുക്കടക്കയ്ക്ക് 108 ശതമാനം ആണ് ഇന്ത്യയില്‍ ഇറക്കുമതി തീരുവ. എന്നാല്‍ സ്വതന്ത്ര വ്യാപാര കരാര്‍ അനുസരിച്ച് ശ്രീലങ്കയില്‍ നിന്നാവുമ്പോള്‍ ഇതിന് ഇറക്കുമതി തീരുവ ഇല്ല. ഇതാണ് ഇവര്‍ മുതലെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!