സന്തോഷ് ട്രോഫി: കേരളം ടീമിനെ പ്രഖ്യാപിച്ചു; എസ് സീസണ്‍ നായകന്‍

By Web TeamFirst Published Jan 29, 2019, 8:04 PM IST
Highlights

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ ഒമ്പത് പുതുമുഖങ്ങള്‍. മിഡ്ഫീല്‍ഡര്‍ എസ്. സീസണ്‍ ക്യാപ്റ്റന്‍. ആദ്യ മല്‍സരം ഫെബ്രുവരി രണ്ടിന് തെലങ്കാനയ്ക്കെതിരെ. 

തിരുവനന്തപുരം: എഴുപത്തിമൂന്നാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റിനുള്ള 20 അംഗ കേരളാ ടീമിനെ കൊച്ചിയില്‍ പ്രഖ്യാപിച്ചു. എസ് സീസണാണ് ഒന്‍പത് പുതുമുഖങ്ങളുള്ള ടീമിന്‍റെ ക്യാപ്റ്റന്‍. മുന്‍താരം വി പി ഷാജിയാണ് പരിശീലകന്‍. പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ വര്‍ഷം കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയിരുന്നു.

പുതുമുഖങ്ങള്‍ക്കും പരിചയസമ്പന്നര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ കേരളം 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ നിര്‍ണായക പ്രകടനം കാഴ്‌ചവച്ച ഗോള്‍ കീപ്പര്‍ വി മിഥുനാണ് വൈസ് ക്യാപ്റ്റന്‍.

എസ് ബി ഐയില്‍ നിന്ന് ആറ് താരങ്ങളും കെ എസ് ഇബി, ഗോകുലം എഫ് സി എന്നീ ടീമുകളില്‍ നിന്ന് നാല് പേരുമുണ്ട് ഇത്തവണ ടീമില്‍. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ടീം എന്തിനും സജ്ജമായിക്കഴിഞ്ഞെന്ന് കോച്ച് വിപി ഷാജി പറഞ്ഞു. അടുത്ത മാസം നാലിന് തെലങ്കാനക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ടീം വ്യാഴാഴ്ച രാവിലെ മല്‍സരം നടക്കുന്ന തമിഴ്നാട്ടിലെ നെയ്‌വേലിയിലേക്കു പുറപ്പെടും.

click me!