സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോള്‍ ഏഴാം റൗണ്ടില്‍ ആധികാരിക വിജയത്തോടെ മലപ്പുറത്തിന്റെ തിരിച്ചുവരവ്‌ ഗംഭീരം. രണ്ട്‌ ഗോളുകള്‍ നേടിയ ബോസ്‌നിയന്‍ താരം നെദീം ഹാദ്‌സിച്ചാണ്‌ താരം. എല്‍ഫോര്‍സിയാണ്‌ മറ്റൊരു സ്‌കോറര്‍.

മഞ്ചേരി: കാലിക്കറ്റിനെതിരെ കഴിഞ്ഞ മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ തോല്‍വി വഴങ്ങിയ മലപ്പുറം എഫ്‌ സി രണ്ടും കല്‍പിച്ചായിരുന്നു ഫോഴ്‌സ കൊച്ചിയെ നേരിട്ടത്‌. ഫലം ഉഗ്രനായി, എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ജയം. സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോള്‍ ഏഴാം റൗണ്ടില്‍ ആധികാരിക വിജയത്തോടെ മലപ്പുറത്തിന്റെ തിരിച്ചുവരവ്‌ ഗംഭീരം. രണ്ട്‌ ഗോളുകള്‍ നേടിയ ബോസ്‌നിയന്‍ താരം നെദീം ഹാദ്‌സിച്ചാണ്‌ താരം. എല്‍ഫോര്‍സിയാണ്‌ മറ്റൊരു സ്‌കോറര്‍. ഏഴ് മത്സരങ്ങളിൽ നിന്ന് 11 പോയന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തും 13 പോയന്റുമായി കൊച്ചി രണ്ടാം സ്ഥാനത്തും തുടരുന്നു.

മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത് ആറാം മിനിറ്റിൽ മലപ്പുറത്തിന്. മധ്യനിരയിൽ നിന്നുള്ള ത്രൂബോൾ സ്വീകരിച്ച് കുതിച്ച നെദീം ഹാദ്സിച്ചിന് അനായാസം സ്കോർ ചെയ്യാമായിരുന്നു. എന്നാൽ പിന്നിൽ നിന്ന് വേഗത്തിലെത്തിയ ഡിഫണ്ടർ റെനാൻ റോച്ചയുടെ നിർണായക ഇടപെടൽ അപകടം ഒഴിവാക്കി. 14-ാം മിനിറ്റിൽ മലപ്പുറം ലീഡ് നേടി. ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് എൽഫോർസി കൃത്യമായ പ്ലേസ്മെന്റിലൂടെ പോസ്റ്റിന്റെ കോർണറിലേക്ക് തൊടുത്തുവിട്ടു. ഉയർന്നു ചാടിയ ഗോൾകീപ്പർ ദേബ്ജിത് മജുംദാറിന് അവസരം നൽകാതെ പന്ത് വലയിലെത്തി (1–0).

27-ാം മിനിറ്റിൽ മലപ്പുറം ലീഡുയർത്തി. ഗ്രെയ്‌സ് യൂമോവിന്റെ ലോങ് റേഞ്ചർ ക്രോസ് ബാറിലിടിച്ച് തിരിച്ചെത്തിയപ്പോൾ റീബൗണ്ടിനായി കൃത്യം പൊസിഷനിലുണ്ടായിരുന്ന നെദീം ഹാദ്സിച്ച് ഹെഡറിലൂടെ ഗോൾ നേടി (2–0).

ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ലീഡുയർത്താൻ മലപ്പുറത്തിന് രണ്ട് സുവർണാവസരങ്ങൾ കൂടി ലഭിച്ചു. എൽഫോർസിക്കും പൗളോ വിക്ടറിനും കൊച്ചി ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ അവസരം മുതലാക്കാനായില്ല.

രണ്ടാം പകുതിയിൽ കൊച്ചി ദിൽജിത്, പൗളോ ഹെൻറിക് എന്നിവരെ പകരക്കാരായി കൊണ്ടുവന്നു. അറുപതാം മിനിറ്റിൽ എലിറ്റൻ ജൂനിയർ എടുത്ത ഫ്രീകിക്ക്‌ മലപ്പുറം പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. പിന്നാലെ മഹ്ദിയെ പിൻവലിച്ച മലപ്പുറം റിഷാദിനെ കളത്തിലിറക്കി. 74-ാം മിനിറ്റിൽ പൗളോ ഹെൻറിക്കിന്റെ ഗോളുറച്ച ഹെഡ്ഡർ മലപ്പുറം ഗോൾകീപ്പർ മുഹമ്മദ്‌ അർബാസ് രക്ഷിച്ചു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ നിരന്തരം വന്ന കൊച്ചിയുടെ ആക്രമണങ്ങൾ പ്രതിരോധിച്ച മലപ്പുറം ഇഞ്ചുറി സമയത്ത് നെദീം ഹാദ്സിച്ചിലൂടെ മൂന്നാം ഗോളും സ്കോർ ചെയ്തു. 15189 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

ഏഴാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ശനിയാഴ്ച (നവംബർ 7) തൃശൂർ മാജിക് എഫ്സി, കണ്ണൂർ വാരിയേഴ്‌സ് എഫ്സിയുമായി മത്സരിക്കും. തൃശൂർ കോർപറേഷൻ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ ഒരു ഗോളിന് കണ്ണൂരിനായിരുന്നു വിജയം.

മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)

ടിക്കറ്റുകൾക്ക് https://wwwu.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK