ദുരിതക്കടല്‍ കടന്ന് വിജയക്കടല്‍ നീന്തിക്കയറി താനൂരിന്റെ സ്വന്തം ഷമീര്‍

Published : Oct 01, 2018, 02:45 PM IST
ദുരിതക്കടല്‍ കടന്ന് വിജയക്കടല്‍ നീന്തിക്കയറി താനൂരിന്റെ സ്വന്തം ഷമീര്‍

Synopsis

ഇത് താനൂരുകാര്‍ ചിന്നന്‍ എന്നു വിളിക്കുന്ന ഷമീര്‍. ചിട്ടയായ പരിശീലനങ്ങളൊന്നുമില്ലാതെ തന്നെ നീന്തല്‍ മത്സരങ്ങളില്‍ ദേശീയ ശ്രദ്ധയാകാര്‍ഷിക്കുന്ന മത്സ്യത്തൊഴിലാളിയായ നീന്തല്‍ താരം. ചിട്ടയായ പരിശീലനവും പരിശീലകനുമില്ലാതെയാണ് ഈ മത്സ്യത്തൊഴിലാളി ഒരു നാടിന്റെ മുഴുവന്‍ അഭിമാനമാകുന്നത്. തിരുവനന്തപുരം പിരപ്പന്‍കോട് കൊപ്പം ഇന്റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനത്തില്‍ ഷമീര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

താനൂര്‍: ഇത് താനൂരുകാര്‍ ചിന്നന്‍ എന്നു വിളിക്കുന്ന ഷമീര്‍. ചിട്ടയായ പരിശീലനങ്ങളൊന്നുമില്ലാതെ തന്നെ നീന്തല്‍ മത്സരങ്ങളില്‍ ദേശീയ ശ്രദ്ധയാകാര്‍ഷിക്കുന്ന മത്സ്യത്തൊഴിലാളിയായ നീന്തല്‍ താരം. ചിട്ടയായ പരിശീലനവും പരിശീലകനുമില്ലാതെയാണ് ഈ മത്സ്യത്തൊഴിലാളി ഒരു നാടിന്റെ മുഴുവന്‍ അഭിമാനമാകുന്നത്. തിരുവനന്തപുരം പിരപ്പന്‍കോട് കൊപ്പം ഇന്റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനത്തില്‍ ഷമീര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

50 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ രണ്ടാം സ്ഥാനവും, 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ മൂന്നാം സ്ഥാനവും ഷമീര്‍ നേടി. ജില്ലാ നീന്തല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ഷമീര്‍ സംസ്ഥാന മത്സരത്തിന് എത്തിയത്. സ്വന്തമായി പരിശീലകനും പരിശീലനത്തിനു നീന്തല്‍ കുളവുമില്ലാതെയാണ് മത്സ്യത്തൊഴിലാളിയായ ഷമീര്‍ വിജയക്കടല്‍ നീന്തിക്കയറുന്നത്. അറബിക്കടലാണ് ഷെമീറിന്റെ പരിശീലനക്കളരി. കേരളത്തെ നടുക്കിയ മഹാപ്രളയത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും ഷമീറും സംഘവും ജീവന്‍ മറന്നാണ് പ്രവര്‍ത്തിച്ചത്.

താനൂര്‍ കടപ്പുറത്തുനിന്നും വിവിധ പ്രദേശങ്ങളിലേക്ക് മത്സ്യബന്ധന ബോട്ടുകളും മത്സ്യതൊഴിലാളികളെയും എത്തിക്കുന്നതിനും ഇദ്ദേഹം കൈമെയ്‌ മറന്നു പ്രവര്‍ത്തിച്ചു.  ഷമീര്‍ താനൂരിലെ വൈറ്റ്ഗാര്‍ഡ് വളന്റിയര്‍മാരോടൊപ്പം ചെങ്ങന്നൂരിലെ വീടുകള്‍ ശു‌ചീകരിക്കുന്നതിലും പങ്കാളിയായി. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച ഷമീറിന് നാലാം ക്ലാസ് മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. പരീക്ഷാസമയത്ത് രോഗം വന്നു കിടപ്പിലായതിനാല്‍ പഠനം മുടങ്ങി.

ഇതോടെ പിതാവിനോടൊപ്പം മത്സ്യബന്ധനത്തിറങ്ങി. മത്സ്യബന്ധന ജോലിയാണ് ഷമീറിനെ നീന്തല്‍ താരമാക്കിമാറ്റിയത്. നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമാണ് ഷമീറിനെ വിജയത്തിന്റെ നെറുകയില്‍ എത്തിക്കുന്നത്. ദുരിതക്കടലിലൂടെയാണ് ഈ ദേശീയ നീന്തല്‍ താരത്തിന്റെ ജീവിത യാത്ര. താനൂര്‍  കോര്‍മ്മന്‍ കടപ്പുറം ആല്ബസാറിലെ എടക്കാമാടത്തു കോയയുടെയും താഹിറയുടെയും മകനാണ് യുവ നീന്തല്‍ താരം.
മൂന്നു തവണ ദേശീയ മീറ്റില്‍ ഷമീര്‍ മെഡല്‍ നേടിയിട്ടുണ്ട്. ഈ മാസം 18നു വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ മീറ്റില്‍ ഷമീര്‍ കേരളത്തെ പ്രതിനിധീകരിക്കും.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു