വിജയം 137 റണ്‍സകലെ; ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിക്കാന്‍ ശ്രീലങ്ക

By Web TeamFirst Published Feb 22, 2019, 10:41 PM IST
Highlights

ചരിത്രത്തിനരികെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയെന്ന നേട്ടമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ മൂന്ന് ദിനം ശേഷിക്കെ 137 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ ലങ്കയ്ക്ക് വിജയം സ്വന്തമാക്കാം.

പോര്‍ട്ട് എലിസബത്ത്: ചരിത്രത്തിനരികെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയെന്ന നേട്ടമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ മൂന്ന് ദിനം ശേഷിക്കെ 137 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ ലങ്കയ്ക്ക് വിജയം സ്വന്തമാക്കാം. കൈയിലുള്ളത് എട്ട് വിക്കറ്റും. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 222 & 128. ശ്രീലങ്ക 154 & 60/2.

പോര്‍ട്ട് എലിസബത്തില്‍ നടക്കുന്ന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 128ന് പുറത്തായ ദക്ഷിണാഫ്രിക്കയ്ക്ക് 196 റണ്‍സിന്റെ ലീഡ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 197 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ദിമുത് കരുണാരത്‌നെ (19), ലാഹിരു തിരിമാനെ (10) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഒഷാഡ ഫെര്‍ണാണ്ടോ (17), കുശാല്‍ മെന്‍ഡിസ് (10) എന്നിവരാണ് ക്രീസില്‍. 

നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മുട്ടുക്കുത്തി. 50 റണ്‍സുമായി പുറത്താവാതെ നിന്ന് ഫാഫ് ഡു പ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഹാഷിം അംല (32), എയ്ഡന്‍ മാര്‍ക്രം (18) എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. നാല് വിക്കറ്റ് നേടിയ സുരംഗ ലക്മലാണ് ആതിഥേയരുടെ നടുവൊടിച്ചത്. ധനഞ്ജയ ഡിസില്‍വ മൂന്നും കശുന്‍ രജിത രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വിക്കറ്റ് നഷ്ടമില്ലാതെ മൂന്ന് റണ്‍സെടുത്തിട്ടുണ്ട്. 

ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടിയ കംഗീസോ റബാദയാണ് ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് തകര്‍ത്തത്. മൂന്നിന് 60 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ 94 റണ്‍സിനിടെ ലങ്കയ്ക്ക് നഷ്ടമായി. 42 റണ്‍സ് നേടിയ നിരോഷന്‍ ഡിക്‌വെല്ലയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. സ്‌റ്റെയ്‌നിന് പുറമെ ഡുവാന്നെ ഒലിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

click me!