ഒരു താരം പോലുമില്ല; ഇത്തവണ സെന്റ് ജോര്‍ജിന്റെ മൊട്ടക്കൂട്ടമില്ലാത്ത കായികമേള

By Web TeamFirst Published Nov 10, 2019, 5:50 PM IST
Highlights

കോതമംഗലം സെന്റ് ജോര്‍ജ്ജും മൊട്ടക്കൂട്ടവും ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളക്കുണ്ടാകില്ല. എറണാകുളം റവന്യൂമീറ്റില്‍ ഒരാളെ പോലും അയക്കാന്‍ സെന്റ് ജോര്‍ജിന് കഴിഞ്ഞില്ല.

കൊച്ചി: കോതമംഗലം സെന്റ് ജോര്‍ജ്ജും മൊട്ടക്കൂട്ടവും ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളക്കുണ്ടാകില്ല. എറണാകുളം റവന്യൂമീറ്റില്‍ ഒരാളെ പോലും അയക്കാന്‍ സെന്റ് ജോര്‍ജിന് കഴിഞ്ഞില്ല. കഴിഞ്ഞ സംസ്ഥാന മീറ്റിലെ ചാന്പ്യന്‍മാരായിരുന്നു കോതമംഗലം സെന്റ് ജോര്‍ജ്. മത്സരിച്ച 25 കുട്ടികള്‍ക്കും മെഡല്‍. ഈ സ്‌കൂളില്‍നിന്ന് ഇതുവരെ പിറവിയെടുത്തത് നാല് ഒളിംപ്യന്മാര്‍. 

സ്‌കൂളിന്റെ കായികനിമിഷങ്ങള്‍ ചരിത്രമാവുകയാണ്. കോതമംഗലത്ത് നടക്കുന്ന എറണാകുളം റവന്യൂമീറ്റില്‍ സെന്റ് ജോര്‍ജില്‍നിന്ന് ഒരാള്‍ പോലുമില്ല. സബ് ജില്ലാ തലത്തില്‍ സ്‌കൂള്‍ മത്സരിച്ചിരുന്നെങ്കിലും ഒരാള്‍ക്കാണ് റവന്യൂ മീറ്റിന് യോഗ്യത കിട്ടിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ അനന്ദു രാജു. ഈ കുട്ടിയാകട്ടെ ഇന്ന് മത്സരിക്കാനെത്തിയതുമില്ല. 

കായികാധ്യാപകനായിരുന്ന രാജു പോള്‍ കഴിഞ്ഞ വര്‍ഷം വിരമിച്ചതോടെയാണ് സെന്റ് ജോര്‍ജിന്റെ കായിക ഭാവി ഇരുളടഞ്ഞത്. സെന്റ് ജോര്‍ജിന്റെ കരുത്തിലായിരുന്നു കഴിഞ്ഞ തവണ എറണാകുളം ജില്ല ഒന്നാമതെത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണ ജില്ലകളുടെ പോരാട്ടത്തില്‍ എറണാകുളത്തിന് ആശങ്കകളേറെയാണ്.

click me!