
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. അവസാന ഓവറിന്‍റെ അവസാന പന്ത് വരെ നീണ്ട് നിന്ന ആവേശപ്പോരില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ഏഴ് വിക്കറ്റിനാണ് മുംബൈയെ തകര്‍ത്തത്. ഡല്‍ഹിയുടെ ആദ്യ വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഡെല്‍ഹി 20 ഓവറിന്‍റെ അവസാന പന്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
പുറത്താവാതെ 53 പന്തില്‍ 91 റണ്‍സ് നേടിയ ഇംഗ്ലിഷ് താരം ജേസണ്‍ റോയാണ് ഡല്‍ഹിയുടെ വിജയം അനായാസമാക്കിയത്. ഋഷഭ് പന്ത് 47 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (15), ഗ്ലെന്‍ മാക്‌സവെല്‍ (13) റണ്‍സെടുത്തു. ശ്രേയാസ് അയ്യര്‍ 20 പന്തില്‍ 27 റണ്‍സുമായി പുറത്താവാതെ നിന്നു. മുംബൈക്കായി ക്രുനാല്‍ പാണ്ഡ്യ രണ്ടും മുസ്തഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റും വീഴ്ത്തി.
സംഭവബഹുലമായിരുന്നു അവസാന ഓവര്‍. 11 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. പന്തെറിയാനെത്തിത് ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് മുസ്തഫിസുര്‍ റഹ്മാന്‍. എന്നാല്‍ 20ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ റോയ് ഫോര്‍ നേടി. അടുത്ത് പന്തില്‍ കൂറ്റന്‍ സിക്‌സും. എന്നാല്‍ ഫിസിന്റെ അടുത്ത മൂന്ന് പന്തുകളും റോയ്ക്ക് തൊടാന്‍ കഴിഞ്ഞില്ല. അവസാന പന്തില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സ് മാത്രം. എന്നാല്‍ റോയ് പന്ത് കണക്റ്റ് ചെയ്തു. പന്തരീക്ഷത്തില്‍ ഉയര്‍ന്നെങ്കിലും മുംബൈ ഫീല്‍ഡര്‍മാര്‍ക്ക് ക്യാച്ചെടുക്കാനായില്ല.
നേരത്തെ, സൂര്യ കുമാര്‍ യാദവ് ( 53), എവിന്‍ ലൂയിസ് (48), ഇഷാന്‍ കിഷന്‍ (44) എന്നിവരുടെ ബാറ്റിങ്ങാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍റേറ്റ് കുറഞ്ഞതാണ് അനായാസം 200 കടക്കേണ്ട മുംബൈയ്ക്ക് തടയിട്ടത്. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച സൂര്യകുമാര്‍ യാദവും എവിന്‍ ലൂയിസും മുബൈയ്ക്ക് സ്വപ്നതുല്യ തുടക്കം നല്‍കി. ട്രന്‍ഡ് ബൗള്‍ട്ട് ഉള്‍പ്പെടെയുള്ള പേസര്‍മാരെല്ലാം അടിവാങ്ങി. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ മുംബൈ അടിച്ചുകൂട്ടിയത് 84 റണ്‍സ്. ഒമ്പതാം ഓവറിലെ അവസാന പന്ത് വരെ കാത്തിരിക്കേണ്ടിവന്നു ഡല്‍ഹിക്ക് ആദ്യ വിക്കറ്റിനായി.
28 പന്തില്‍ 48 റണ്‍സെടുത്ത ലെവിസ് രാഹുലിന്റെ പന്തില്‍ റോയിക്ക് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ അടുത്ത ഓവറില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച് സൂര്യകുമാര്‍ യാദവ് മിന്നലായി. ഒരിക്കല്‍ കൂടി രാഹുല്‍ വേണ്ടിവന്നു ഡല്‍ഹിക്ക് ആശ്വാസവാര്‍ത്ത നല്‍കാന്‍. 11ാം ഓവറിലെ രണ്ടാം പന്തില്‍ 32 പന്തില്‍ 53 റണ്‍സെടുത്ത യാദവ് പുറത്ത്. പിന്നീട് ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ഒന്നിച്ചതോടെ 14.1 ഓവറില്‍ മുംബൈ 150 കടന്നു. എന്നാല്‍ അടുത്തടുത്ത പന്തുകളില്‍ കിഷനെയും(44) പൊള്ളാര്‍ഡിനെയും(0) മടക്കി ഡാന്‍ ക്രിസ്റ്റ്യന്‍ ഞെട്ടിച്ചു.
രോഹിത് ശര്‍മ കരുതലോടെ കളിച്ചപ്പോള്‍ 17 ഓവറില്‍ നാല് വിക്കറ്റിന് 176. പതിനെട്ടാം ഓവറില്‍ ബൗള്‍ട്ട് രോഹിതിനെ(18) പുറത്താക്കിയത് മുംബൈയ്ക്ക് തിരിച്ചടിയായി. പിന്നീട് ക്രീസില്‍ പാണ്ഡ്യ സഹോദരന്‍മാര്‍. പ്രതീക്ഷ നല്‍കിയെങ്കിലും 18.3 ഓവറില്‍ ഒരു സ്‌കൂപ്പിനുള്ള ശ്രമത്തില്‍ ക്രുനാല്‍(10) വീണു. അവസാന ഓവറിലെ ആദ്യ രണ്ട് റണ്‍സെടുത്ത ഹര്‍ദികും പുറത്തായി. ഡല്‍ഹിക്കായി ബോള്‍ട്ട്, ക്രിസ്റ്റ്യന്‍, രാഹുല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!