ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ സ്പാനിഷ് താരങ്ങളുമായി കയ്യാങ്കളിയില്‍ ഏര്‍പ്പെട്ട അര്‍ജന്റൈന്‍ താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ താരങ്ങള്‍ക്ക് വിലക്കും അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന് പിഴയും ലഭിച്ചേക്കാം.

സൂറിച്ച്: ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ സ്പാനിഷ് താരങ്ങളും അര്‍ജന്റൈന്‍ താരങ്ങളും തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കാന്‍ ഫിഫ. ഫിഫയുടെ അച്ചടക്ക നിയമം അനുസരിച്ച് സംഭവം അന്വേഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചു. ലോംഗ് വിസില്‍ മുഴങ്ങിയ ശേഷം നെഹ്വെല്‍ മൊളീന, ലിയാന്‍ഡ്രോ പരേഡസ്, തിയാഗോ അല്‍മാഡ, സഹപരിശീലകന്‍ റോബെര്‍ട്ടോ അയാള എന്നിവരാണ് സ്പാനിഷ് താരങ്ങളുമായി കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടത്. വിജയാഘോഷത്തിനിടെ മൊളീന സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

സ്പാനിഷ് താരങ്ങള്‍ ചോദ്യം ചെയ്തതോടെ കൂട്ടത്തല്ലായി മാറി. കോച്ച് സ്‌കലോണി താരങ്ങളെ മയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ വിജയത്തിന് ശേഷമുള്ള അര്‍ജന്റൈന്‍ താരങ്ങളുടെ അതിരുവിട്ട ആഹ്ലാദ പ്രകടനവും ഫിഫ അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ താരങ്ങള്‍ക്ക് വിലക്കും അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന് പിഴയും ചുമത്തും.

ഇതിനിടെ, കയ്യാങ്കളിയുമായി ശേഷം ആദ്യ പ്രതികരണവുമായി അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രോ പരേഡസ് രംഗത്തെത്തി. വിവാദ സംഭവങ്ങള്‍ പരാമര്‍ശിക്കാതെയാണ് പരേഡസ് പ്രതികരിച്ചത്. അര്‍ജന്റീന അര്‍ഹിച്ച സന്തോഷം നല്‍കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. ദേശീയ ടീമിനായി അവസാന നിമിഷം വരെ പൊരുതി. ചരിത്രത്തിലെ ഏറ്റവും മികച്ച അര്‍ജന്റൈന്‍ ടീമിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും പരേഡസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സ്പാനിഷ് താരങ്ങളെ കൈയേറ്റം ചെയ്ത സംഭവത്തെക്കുറിച്ച് മൗനംപാലിച്ച പരേഡസ് ക്ഷമാപണം നടത്താനും തയ്യാറായില്ല. അര്‍ജന്റൈന്‍ താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു പേരേഡസിന്റെ പ്രതികരണം.

YouTube video player