
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസിന് അട്ടിമറികളോടെ തുടക്കം. പുരുഷ വിഭാഗത്തില്‍ നിലവിലെ എട്ടാം സീഡ് ഗ്രിഗര്‍ ദിമിത്രോവ്, വനിതകളില്‍ ഒന്നാം സീഡും ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവുമായ സിമോണ ഹാലെപ്പ് എന്നിവര്‍ പുറത്തായി.
മുന്‍ യുഎസ് ഓപ്പണ്‍ ചാംപ്യനായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയാണ് ദിമിത്രോവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-2, 7-5. ഇക്കൊല്ലത്തെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിലും വാവ്റിങ്ക ദിമിത്രോവിനെ ഒന്നാം റൗണ്ടില്‍ പരാജയപ്പെടുത്തിയിരുന്നു. 2016 ലെ യുഎസ് ഓപ്പണ്‍ ചാംപ്യനാണ് വാവ്‌റിങ്ക.
വനിതകളില്‍ എസ്‌റ്റോണിയയുടെ കയേ കനേപി 6-2,6-4 എന്ന സ്‌കോറിന് സിമോണയെ അട്ടിമറിക്കുകയായിരുന്നു. മറ്റുമത്സരങ്ങളില്‍ വില്ല്യംസ് സഹോദരിമാര്‍, സ്റ്റീഫന്‍സ്, അസരങ്ക, സ്വിറ്റോലിന, പ്ലിസ്‌കോവ, മുഗുരുസ എന്നിവര്‍ ജയിച്ചു.
പുരുഷ വിഭാഗത്തില്‍ ഡേവിഡ് ഫെററര്‍ ഒന്നാം സീഡ് നദാലുമായുള്ള മത്സരത്തിനിടെ പരിക്ക് കാരണം പിന്മാറി. മറ്റുമത്സരങ്ങളില്‍ ഡെല്‍പോട്രോ, ആന്റി മറെ, ഇസ്നര്‍, റവോണിച്ച, ഷാപവലോവ്, ആന്‍ഡേഴ്സന്‍, ഡൊമിനിക് തിം തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലെത്തി.