ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം; വനിതകളുടെ ഗുസ്തിയില്‍ ചരിത്രനേട്ടവുമായി വിനേഷ് ഫോഗത്ത്

By Web TeamFirst Published Aug 20, 2018, 6:38 PM IST
Highlights

11 സ്വര്‍ണം അടക്കം 21 മെഡലുകളുമായി ചൈനയാണ് മെഡല്‍പ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. ഗുസ്തിയില്‍ വിനേഷ് ഫോഗത്ത് ആണ് സുവര്‍ണനേട്ടത്തിനുടമ. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് വിനേഷ് ഫോഗത്ത്. 50 കി.ഗ്രാം ഫ്രീസ്റ്റൈലില്‍ ജപ്പാന്‍റെ യുകി ഇറിയെ ആണ് വിനേഷ് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-2. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് അഞ്ച് മെഡലുകളായി. രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും.

പുരുഷവിഭാഗം ഷൂട്ടിങ് ട്രാപ്പ് ഇനത്തില്‍ കൗമാരതാരം എല്‍ ലക്ഷ്യയാണ് ഇന്ത്യക്കായി ഇന്ന് വെള്ളി നേടിയത്. ചൈനീസ് തായ്പേയിയുടെ യാംഗിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറും ഇന്ത്യക്കായി ഇന്ന് മെഡല്‍ നേടിയിരുന്നു. അതേസമയം, സ്വര്‍ണം ഉറപ്പിച്ചിറങ്ങുന്ന കബഡിയില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി.ദക്ഷിണ കൊറിയയുടെയും ഉത്തര കൊറിയയുടെയും സംയുക്ത ടീമിനോട് 23-24നാണ് ഇന്ത്യ തോറ്റത്. പ്രോ കബഡി ലീഗില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സാന്നിധ്യമാണ് കൊറിയക്ക് കരുത്തായത്. ഇതാദ്യമായാണ് കബഡിയില്‍ കൊറിയ ഇന്ത്യയെ കീഴടക്കുന്നത്.

ടെന്നീസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ രാംകുമാര്‍ രാമനാഥന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. അതേസമയം, പുരുഷ വിഭാഗം ബാഡ്മിന്റണ്‍ ഡബിള്‍സ് ടീം ഇനത്തില്‍ ഇന്ത്യ ഇന്തോനേഷ്യയോട് തോറ്റ് പുറത്തായി. 62 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക്ക് സെമിയില്‍ തോറ്റ് പുറത്തായി. റെപ്പഷേജ് റൗണ്ടില്‍ സാക്ഷിക്ക് വെങ്കലത്തിനായി മത്സരിക്കാനാവും. 11 സ്വര്‍ണം അടക്കം 21 മെഡലുകളുമായി ചൈനയാണ് മെഡല്‍പ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

click me!