
ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി ചരിത്രമെഴുതിയ പൃഥ്വിക്ക് പുറമേ നായകൻ വിരാട് കോലിയും സെഞ്ച്വറിയെടുത്തപ്പോള്‍ ടീം ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. വെസ്റ്റിൻഡീസിനെതിരെ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ ഇന്ത്യ 506 റണ്‍സ് ആണ് എടുത്തിരിക്കുന്നത്. സെഞ്ച്വറിയുമായി വിരാട് കോലിയും 19 റണ്‍സുമായി രവിന്ദ്ര ജഡേജയുമാണ് ക്രീസില്‍.
രാജ്കോട്ടിലെ ബൗണ്‍സുള്ള പിച്ചില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ കെ എല്‍ രാഹുലിനെ പൂജ്യത്തിന് പുറത്താക്കി വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ചുവെങ്കിലും പിന്നീട് വിന്‍ഡീസിന് ആശ്വസിക്കാന്‍ വകയൊന്നുമുണ്ടായില്ല. ആദ്യ മത്സരത്തില്‍ തന്നെ കളംവാണ പൃഥ്വി ഷായും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഏകദിനശൈലിയില്‍ ബാറ്റ് വീശിയതോടെ ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 133ല്‍ എത്തി. ഓവറില്‍ അഞ്ച് റണ്‍സ് ശരാശരിയിലായിരുന്നു ഷായുടെയും പൂജാരയുടെയും സ്കോറിംഗ്.
പൃഥ്വി ഷാ 154 പന്തില്‍ 134 റണ്‍സെടുത്തപ്പോള്‍, ചേതേശ്വര്‍ പൂജാര 130 പന്തില്‍ 86 റണ്‍സെടുത്തു. 19 ഫോറുകളുടെ അകമ്പടിയോടെയാണ് ഷാ 134 റണ്‍സെടുത്തത്. 14 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റില്‍ 206 റണ്‍സ് കൂട്ടിച്ചേര്‍ത്ത പൃഥ്വി--പൂജാര കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്കോറിന്റെ അടിത്തറ. ഷായെ ബിഷൂ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പൂജാരയെ ലൂയിസ് വിക്കറ്റ് കീപ്പര്‍ ഡോര്‍വിച്ചിന്റെ കൈകളിലെത്തിച്ചു. പൂജാര പുറത്തായശേഷം ക്രീസിലെത്തിയ രഹാനെ-കോലി സഖ്യം മറ്റൊരു വലിയ കൂട്ടുകെട്ടിന് തുടക്കമിട്ടെങ്കിലും 41 റണ്‍സെടുത്ത രഹാനെയെ വീഴ്‌ത്തി റോസ്റ്റണ്‍ ചേസ് വിന്‍ഡീസിന് അവസരമൊരുക്കി.
എന്നാല്‍ ഇംഗ്ലണ്ടിലെ മികച്ച ഫോം തുടര്‍ന്ന വിരാട് കോലി അവസരങ്ങളൊന്നും നല്‍കാതെ മറ്റൊരു സെഞ്ച്വറിയിലേക്കായിരുന്നു ബാറ്റ് വീശിയത്. ഇന്ത്യക്ക് മികച്ച അടിത്തറയിടുകയെന്ന ലക്ഷ്യത്തോടെ സ്ഥിരതയോടെ ബാറ്റ് ചെയ്‍ത വിരാട് കോലി 215 പന്തുകളില്‍ നിന്ന് ഏഴ് ബൌണ്ടറികള്‍ ഉള്‍പ്പടെ 120 റണ്‍സ് ആണ് എടുത്തത്. വിരാട് കോലിക്ക് മികച്ച പിന്തുണയുമായി ബാറ്റ് വീശിയ പന്ത് തകര്‍ത്തടിച്ച് സ്കോറിംഗിന് വേഗം കുറയാതെയും നോക്കി. 84 പന്തുകളില്‍ നിന്ന് ആറ് സിക്സറുകളും എട്ട് ബൌണ്ടറികളും ഉള്‍പ്പടെ 92 റണ്‍സ് ആണ് പന്ത് എടുത്തത്. പന്തിനു ശേഷം ബാറ്റിംഗിനിറങ്ങിയ രവീന്ദ്ര ജഡേജയാണ് ഇപ്പോള്‍ വിരാട് കോലിക്കൊപ്പം ക്രീസില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!