കോലിക്ക് നിയന്ത്രണം നഷ്ടമായി; 'രാജ്യം വിടല്‍' പരാമര്‍ശത്തില്‍ വിശ്വനാഥന്‍ ആനന്ദ്

By Web TeamFirst Published Nov 12, 2018, 9:01 PM IST
Highlights

കോലിക്ക് ലോകമെമ്പാടും ആരാധകരുണ്ടെന്നും അവരാരും സ്വന്തം രാജ്യംവിട്ട് ഇന്ത്യയിലേക്ക് വരില്ലെന്നും വിശ്വനാഥന്‍ ആനന്ദ് പരിഹസിച്ചു. കോലി വളരെയധികം വിമര്‍ശിക്കപ്പെട്ടു...
 

മുംബൈ: ഇന്ത്യന്‍ താരങ്ങളെ ഇഷ്ടപ്പെടാത്തവര്‍ രാജ്യം വിടണമെന്ന വിരാട് കോലിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്. വിവാദ പരാമര്‍ശം നടത്തുമ്പോള്‍ കോലിക്ക് ആത്മനിയന്ത്രണം നഷ്ടമായതായി ആനന്ദ് ആരോപിച്ചു. കോലിക്ക് നിയന്ത്രണം നഷ്ടമായി, വികാരാതീതനായി ആദ്യം മനസില്‍ തോന്നിയ കാര്യം വിളിച്ചുപറഞ്ഞു. കോലിയുടെ പരാമര്‍ശത്തോട് ആനന്ദ് പ്രതികരിച്ചു.

കോലിക്ക് ലോകമെമ്പാടും ആരാധകരുണ്ടെന്നും അവരാരും സ്വന്തം രാജ്യംവിട്ട് ഇന്ത്യയിലേക്ക് വരില്ലെന്നും ആനന്ദ് പരിഹസിച്ചു. കോലി ഒരു വീക്ക് പോയിന്‍റിലാണ് പ്രതിരോധത്തിലായത് എന്നാണ് താന്‍ മനസിലാക്കുന്നത്. താരം അല്‍പം സെന്‍സിറ്റീവായിരുന്നു, ചിലപ്പോള്‍ മൂഡ് അത്ര നന്നായിരിക്കില്ല, ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. കോലി വളരെയധികം വിമര്‍ശിക്കപ്പെട്ടു. ഇനിയും അദേഹത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും മുന്‍ ലോക ചെസ് ചാമ്പ്യന്‍ പറഞ്ഞു. 

ദിവസങ്ങള്‍ക്ക് മുന്‍പ് തന്‍റെ ഔദ്യോഗിക ആപ്ലിക്കേഷനില്‍ കോലി ഒരു ക്രിക്കറ്റ് ആരാധകന് നല്‍കിയ മറുപടിയാണ് വലിയ വിവാദത്തിന് വഴിവെച്ചത്. കോലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ്ങാണ് താന്‍ കാണാറെന്നുമാണ് ആരാധകന്‍ പറഞ്ഞത്. കോലിയുടെ ഒരു വീഡിയോയ്‌ക്ക് താഴെയായിരുന്നു ആരാധകന്‍റെ ഈ കമന്‍റ്. 

'നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട വ്യക്തിയല്ല. പോയി വേറെ രാജ്യങ്ങളില്‍ ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ ആരാധിക്കുന്നത് എന്തിനാണ്'- ആരാധകനുള്ള കോലിയുടെ ഈ മറുപടിയാണ് വലിയ വിവാദത്തിന് വഴിവെച്ചത്. എന്നാല്‍ വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി കോലി രംഗത്തെത്തിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ നായകനെതിരെ പ്രതിഷേധം തുടരുകയായിരുന്നു. 

click me!