കൊഹ്‌ലിയ്‌ക്ക് സെഞ്ച്വറി; ആര്‍സിബി വീണ്ടും വിജയവഴിയില്‍

By Web DeskFirst Published May 7, 2016, 2:22 PM IST
Highlights

പൂനെ സൂപ്പര്‍ജൈന്റ്സ് ഉയര്‍ത്തിയ 192 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം കൊഹ്‌ലിയുടെ(പുറത്താകാതെ 108) ഒറ്റയാള്‍ പോരാട്ടത്തില്‍ ഏഴു വിക്കറ്റും മൂന്നു പന്തും ശേഷിക്കെ ആര്‍സിബി മറികടന്നത്. 58 പന്ത് നേരിട്ട കൊഹ്‌ലി എട്ടു ബൗണ്ടറികളും ഏഴു സിക്‌സറുകളും ഉള്‍പ്പടെയാണ് പുറത്താകാതെ 108 റണ്‍സെടുത്തത്. ആര്‍സിബിക്കുവേണ്ടി കെ എല്‍ രാഹുല്‍ 38 റണ്‍സും ഷെയ്ന്‍ വാട്ട്സണ്‍ 13 പന്തില്‍ 36 റണ്‍സും നേടി. തിസര പെരേര എറിഞ്ഞ ഒരോവറില്‍ അഞ്ചു ബൗണ്ടറികളാണ് വാട്ട്സണ്‍ നേടിയത്. വിരാട് കൊഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്.

ഈ ജയത്തോടെ എട്ടു കളികളില്‍ ആറു പോയിന്റുള്ള ആര്‍സിബി ഏഴാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം ആറു പോയിന്റുള്ള റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്സ്  റണ്‍ നിരക്കിന്റെ മികവില്‍ ആറാം സ്ഥാനത്താണ്.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത പൂനെ ടീം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ആജിന്‍ക്യ രഹാനെ(48 പന്തില്‍ 74), സൗരഭ് തിവാരി(52) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളാണ് പൂനെയ്‌ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. ധോണി ഒമ്പത് റണ്‍സെടുത്ത് പുറത്തായി. ആര്‍സിബിക്കുവേണ്ടി മൂന്നു വിക്കറ്റെടുത്ത ഷെയ്ന്‍ വാട്ട്സനാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

മലയാളി താരം സച്ചിന്‍ ബേബി ആര്‍സിബിക്കുവേണ്ടി കളിച്ചെങ്കിലും ബാറ്റുചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.

click me!