
ദില്ലി: സമകാലിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായിരുന്നു അടുത്തിടെ വിരമിച്ച ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റിലെ മിസ്റ്റര്‍ 360, സൂപ്പര്‍മാന്‍ എന്നീ പേരുകളിലായിരുന്നു എബിഡി അറിയപ്പെട്ടിരുന്നത്. 14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനൊടുവില്‍ 34കാരനായ എബിഡി മെയ് 23ന് പാഡഴിക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ എബിഡിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സമകാലികനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ സഹതാരവുമായിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി.
'എന്‍റെ സഹോദരന് എല്ലാവിധ ആശംസകളും നേരുന്നു. താങ്കള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിന്‍റെ ബാറ്റിംഗ് ശൈലി തന്നെ മാറ്റിയത് കാണാനായി. പ്രിയ സഹോദരനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു'- ട്വിറ്ററില്‍ എബിഡിക്കായി വിരാട് കോലി കുറിച്ചു. ഐപിഎല്‍ പതിനൊന്നാം സീസണില്‍ എബിഡി മികച്ച ഫോമിലായിരുന്നെങ്കിലും റോയല്‍ ചലഞ്ചേഴ്സിന് പ്ലേ ഓഫിലെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് ലോകമെമ്പാടുമുള്ള ആരാധകരെ നിരാശരാക്കി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ലോകകപ്പ് എന്ന പതിറ്റാണ്ടുകള്‍ നീണ്ട പ്രോട്ടീസ് കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കരിയറില്‍ മികച്ച നേട്ടങ്ങള്‍ കൊയ്താണ് എബിഡി ക്രീസ് വിട്ടത്. ഈ തലമുറയിലെ മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാള്‍ എന്ന വിശേഷണം നേടാന്‍ എബിഡിക്കായി. സമകാലികരായ വിരാട് കോലി, എംഎസ് ധോണി, ഹാഷിം അംല ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെല്ലാം എബിഡിക്കൊപ്പം ചേര്‍ത്തുവായിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റുകളില്‍ 8765 റണ്‍സും, 228 ഏകദിനങ്ങളില്‍ 9577 റണ്‍സും എബിഡി നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!