വല്ല്യേട്ടന്റെ നിര്‍ദേശം നായകന്‍ നടപ്പാക്കി; ബെന്‍ക്രോഫ്റ്റ് ബലിയാടായി

By web deskFirst Published Mar 27, 2018, 10:53 AM IST
Highlights
  • വാര്‍ണറുടെ നിര്‍ദേശം ഏറ്റെടുത്ത സ്മിത്ത് ഡ്രസിങ് റൂമില്‍ അടുത്തുനിന്ന ബാന്‍ക്രോഫ്റ്റിനോട് പന്തില്‍ ചുരണ്ടാന്‍ ആവശ്യപ്പെടുകയായിരുന്നു.

സിഡ്‌നി: കേപ്ടൗണ്‍ ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് ഡേവിഡ് വാര്‍ണറെന്ന് ഓസ്‌ട്രേലിന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ണറുടെ നിര്‍ദേശം ഏറ്റെടുത്ത സ്മിത്ത് ഡ്രസിങ് റൂമില്‍ അടുത്തുനിന്ന ബാന്‍ക്രോഫ്റ്റിനോട് പന്തില്‍ ചുരണ്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ നിന്ന് സ്മിത്തിനെ  ഐസിസി വിലക്കിയെങ്കിലും, വാര്‍ണറിനെതിരെ നടപടിയെടുത്തിരുന്നില്ല. പുതിയ വെളിപ്പെടുത്തല്‍ വാര്‍ണറിന്റെ നില പരുങ്ങലിലാക്കും. 

ഇതിനിടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ അപമാനിച്ച സ്മിത്തിനും വാര്‍ണറിനും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അധ്യക്ഷന്‍ ജെയിംസ് സതര്‍ലന്‍ഡ്  നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങുന്നു. കൃത്യത്തില്‍ പങ്കുള്ള താരങ്ങള്‍ക്കുള്ള ശിക്ഷ ഉടനെ പ്രഖ്യാപിക്കും. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് കളിയുടെ മാന്യതയ്ക്ക്  വിരുദ്ധമായി പ്രവര്‍ത്തിച്ച ഇരുവര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താം. എങ്കിലും കുറഞ്ഞത് ഒരു വര്‍ഷത്തെ വിലക്കിനുള്ള സാധ്യതയാണ് നിലവില്‍ കാണുന്നത്. 

അങ്ങനെയെങ്കില്‍ അടുത്ത ആഷസ് പരമ്പരയും 2019ലെ ഏകദിന ലോകകപ്പും ഇരുവര്‍ക്കും നഷ്ടമാകും. ഐപിഎല്ലിന്റെ വരുന്ന സീസണിലും ഇരുവര്‍ക്കും കളിക്കാന്‍ കഴിഞ്ഞേക്കില്ല. പരിശീലകന്‍ ഡാരന്‍ ലീമാന് ഗൃഢാലോചനയില്‍ പങ്കില്ലെന്ന് സ്മിത്ത് വാദിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയ അംഗീകരിക്കില്ലെന്ന് സൂചനയുണ്ട്. ലീമാനെ മാറ്റിയാല്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങോ മുന്‍ ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗറോ പരിശീലകനായേക്കും.
 

click me!