
പാരിസ്: ഭൂമിയിലെ വേഗമേറിയ മനുഷ്യനാണ് ജമൈക്കന്‍ സ്‌പ്രിന്‍റ് വിസ്‌മയം ഉസൈൻ ബോൾട്ട്. ഓടാൻ വിസിൽ മുഴങ്ങിയാൽ മുന്നിലെത്താൻ മറ്റാരെയും ബോൾട്ട് അനുവദിക്കില്ല. ഫ്രാൻസിൽ നടന്ന മത്സരത്തിലും അത് ആവര്‍ത്തിച്ചു. എന്നാല്‍ ഗുരുത്വാകർഷണമില്ലാത്ത പ്രതലത്തിലായിരുന്നു ഓട്ടമത്സരം സംഘടിപ്പിച്ചത് എന്നതായിരുന്നു വ്യത്യസ്‌തത.
ഫ്രാൻസിലെ പ്രശസ്ത ഇന്‍റീരിയർ ഡിസൈനറായ ഒക്ടേവ് ഡി ഗൗളാണ് പഴയൊരു എയർബസ് വിമാനം സീറോ ഗ്രാവിറ്റി ചേമ്പർ ആക്കി മാറ്റിയത്. പ്രശസ്ത ബഹിരാകാശ സഞ്ചാരി ജീൻ ഫ്രാൻസ്വാ ക്ലെർവോയുമൊത്ത് ബോൾട്ടിനെ പങ്കെടുപ്പിച്ച് പ്രദർശന മത്സരം നടത്തി. ബഹിരാകാശ കേന്ദ്രത്തിൽ മുൻപരിചയം ഇല്ലെങ്കിലും മത്സരത്തിൽ ബോൾട്ട് എതിരാളികളെ ബഹുദൂരം പിന്നിലാക്കി.
മത്സരം അവിസ്മരണീയമായിരുന്നെന്ന് ബോൾട്ട് പറയുന്നു. സന്തോഷം പങ്കുവച്ച് ചിത്രങ്ങളും താരം ട്വീററ് ചെയ്തു. നാല് മിനുട്ട് നേരമാണ് ശരീരഭാരമില്ലാതെ പാറിപ്പറന്ന് ബോൾട്ടും സംഘവും കേന്ദ്രത്തിൽ ചെലവഴിച്ചത്. സ്‌പ്രിന്‍റ് ഇനങ്ങളിൽ എട്ട് ഒളിംപിക് മെഡലുകൾ നേടിയ താരമാണ് ഉസൈൻ ബോൾട്ട്. അത്‍ലറ്റിക്സിൽ നിന്ന് വിരമിച്ച 32കാരനായ ബോൾട്ട് ഓസ്ട്രേലിയൻ ലീഗ് ഫുട്ബോളിൽ അരങ്ങേറാൻ കാത്തിരിക്കുകയാണ്.