ഈ വെള്ളം കുടിക്കാതെ ഇവര്‍ തുപ്പിക്കളയുന്നത് വെറുതയല്ല !

First Published Jul 21, 2018, 3:45 PM IST
Highlights

ഇവരെന്തിനാണ് വെള്ളം ഇങ്ങനെ പാഴാക്കി കളയുന്നത് എന്നാണ് ചോദ്യമെങ്കില്‍ അത് കുടിക്കാനുള്ള പച്ചവെള്ളമല്ലെന്നാണ് ഉത്തരം.

മോസ്കോ: കളിച്ചു തളര്‍ന്നുവരുമ്പോള്‍ കുടിക്കാന്‍ കൊടുക്കുന്ന കുപ്പിവെള്ളം ഇവരെന്തിനാണ് ഇങ്ങനെ കവിള്‍കൊണ്ടശേഷം തുപ്പിക്കളയുന്നത്. ഫുട്ബോള്‍ ലോകകപ്പ് ടിവിയിലൂടെ കണ്ട നമ്മടെയെല്ലാം മനസില്‍ ഒരുതവണയെങ്കിലും ഈ ചോദ്യം ഉയര്‍ന്നിട്ടുണ്ടാവും. കളിക്കിടെ കുടിക്കാന്‍ കൊടുക്കുന്ന വെളളം കുടിക്കില്ലെന്നു മാത്രമല്ല, പലപ്പോഴും കളിക്കാര്‍ അത് തലയിലൊഴിക്കുകയും വായയിലേക്ക് ശക്തമായി ചീറ്റുകയുമെല്ലാം ചെയ്യുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്.

ഇവരെന്തിനാണ് വെള്ളം ഇങ്ങനെ പാഴാക്കി കളയുന്നത് എന്നാണ് ചോദ്യമെങ്കില്‍ അത് കുടിക്കാനുള്ള പച്ചവെള്ളമല്ലെന്നാണ് ഉത്തരം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ദ്രാവകമാണ് ഇത്തരത്തില്‍ കളിക്കാര്‍ക്ക് ഇടവേളകളില്‍ കുപ്പിയിലാക്കി കൊടുക്കുന്നത്. കാര്‍ബോഹൈഡ്രേറ്റ് ദ്രാവകം കവിള്‍ക്കൊള്ളുന്നത് താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. കാര്‍ബോഹൈഡ്രേറ്റ് ദ്രാവകം കവിള്‍കൊള്ളുകയോ കുടുിക്കുകയോ ചെയ്യുന്നത് കളിക്കാരുടെ പ്രകടനം രണ്ടു മുതല്‍ മൂന്ന് ശതമാനം വരെ മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.

എന്നാല്‍ പിന്നെ കുടിച്ചുകൂടെ എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം ഇതാണ്. കാര്‍ബോഹൈഡ്രേറ്റ് ദ്രാവകം കുടിച്ച് വയര്‍നിറച്ചാല്‍ ഒരുപാട് ഓടിക്കളിക്കാനാവില്ല. അത് സാധാരണ പച്ചവെള്ളം കുടിച്ചാലും അങ്ങനെതന്നെയാണ്. വെറുടെ വായില്‍ കവിള്‍കൊള്ളുന്ന വെള്ളം എങ്ങനെയാണ് പ്രകടനം മെച്ചപ്പെടുത്തുക എന്നാണ് സംശയിക്കുന്നതെങ്കില്‍ അതിനും ഉത്തരമുണ്ട്. വായിലെ കാര്‍ബ് സ്വീകരണികളിലൂടെ തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ ഇവക്കാവുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഗ്ലൂക്കോസ്, മാള്‍ട്ടോഡെക്സ്ട്രിന്‍ എന്നിവയാണ് കാര്‍ബോഹൈഡ്രേറ്റ് ദ്രാവകത്തിലെ പ്രധാനഘടകങ്ങള്‍. മധുരമാണ് ഇതിന്റെ രുചി. മധുരം കഴിക്കുന്നത് കളിക്കാര്‍ക്ക് ഊര്‍ജ്ജം നല്‍കുമെന്നും പഠനങ്ങളില്‍ പറയുന്നു. അതേസമയം, സ്പോര്‍ട്സുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ മാത്രമെ  കാര്‍ബോഹൈഡ്രേറ്റ് ദ്രാവകം കവിള്‍കൊള്ളാന്‍ പാടൂ എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പ്രത്യേകിച്ചും ഒരു മണിക്കൂറില്‍ കൂടുതല്‍ ദീര്‍ഘിക്കാത്ത കായികമത്സരങ്ങളില്‍. ഉദാഹരണത്തിന് മാരത്തണില്‍ പങ്കെടുക്കുന്ന ഒരാള്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ദ്രാവകമോ മറ്റ് ഭക്ഷണങ്ങളോ കഴിക്കുകയാണ് വേണ്ടതെന്നും ഇത്തരത്തില്‍ കവിള്‍കൊണ്ടാല്‍ അവര്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കില്ലെന്നും വിദഗ്ദര്‍ പറയുന്നു.

 

click me!