
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രകടനത്തെയും റണ്‍സ് ദാഹത്തെയും പ്രകീര്‍ത്തിക്കുകയണ് ക്രിക്കറ്റ് ലോകം. രണ്ടാം മത്സരത്തില്‍ മൂന്നാം ഓവറില്‍ ക്രീസിലെത്തിയ കോലി അമ്പതാം ഓവറിലെ അവസാന പന്ത് വരെ ക്രീസില്‍ നിന്നു. അപ്പോഴും സിംഗിളുകള്‍ ഡബിളാക്കാനായി കോലിയുടെ ശ്രമം കണ്ട് ക്രിക്കറ്റ് ലോകം കൈയടിച്ചു. മത്സരത്തിന്റെ അവസാന ഓവറുകളിലെത്തിയിട്ടും ഒരു സിംഗിള്‍ ഡബിളാക്കാനായി കോലി ഓടിയ ഓട്ടവും ക്രീസിലേക്ക് ഡൈവ് ചെയ്തുള്ള വീഴ്ചയും കളിയോട് കോലിയുടെ പ്രതിബദ്ധതക്കുള്ള തെളിവായിരുന്നു.
ഇതിന് കോലി പറയുന്ന മറുപടി ഇങ്ങനെയാണ്. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് വലിയ ബഹുമതിയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി 10 വര്‍ഷമായെങ്കിലും ഇവിടെ ഞാനെന്തെങ്കിലും ചെയ്തുവെന്ന തോന്നല്‍ എനിക്കില്ല. രാജ്യാന്തര ക്രിക്കറ്റില്‍ രാജ്യത്തിനായി നേടുന്ന ഓരോ റണ്ണിനും ഇപ്പോഴും നമ്മള്‍ കഠിനാധ്വാനം ചെയ്തേ പറ്റു. അതിനായി ഒരോവറില്‍ ആറുതവണ ക്രീസിലേക്ക് ഡൈവ് ചെയ്യേണ്ടി വരികയാണെങ്കില്‍ ടീമിനായി ഞാനതിനും തയാറാണ്. അതിനാണ് രാജ്യത്തിന് കളിക്കാനായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുതന്നെയാണ് എന്റെ ജോലി-ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കോലി പറഞ്ഞു.
ഇത് ആരോടെങ്കിലുമുള്ള പ്രതിബദ്ധത കാണിക്കലല്ല. ടീമിനായി ഒരു അധിക റണ്‍കൂടി നേടുക എന്നതാണ്. അല്ലാതെ ഞാന്‍ ക്ഷീണിതനാണ്. ഇനി ഒരു റണ്‍കൂടി ഓടാന്‍ കഴിയില്ലെന്ന് ചിന്തിക്കലല്ല കാര്യം. ടീമിനായി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുക എന്നതിലാണ് കാര്യം-കോലി പറഞ്ഞു. റെക്കോര്‍ഡുകള്‍ക്കും നാഴികക്കല്ലുകള്‍ക്കും തന്റെ ജീവിതത്തില്‍ ചെറിയ സ്ഥാനമേ ഉള്ളൂവെന്നും പക്ഷെ താന്‍ കരിയറില്‍ ഏതുവരെയെത്തി എന്ന ഓര്‍മപ്പെടുത്തലാണ് ഇതെന്നും കോലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!