പരിശീലകന് വിലക്ക്; എകദിന പരമ്പരയില്‍ വിന്‍ഡീസിന് കനത്ത തിരിച്ചടി

By Web TeamFirst Published Oct 16, 2018, 4:49 PM IST
Highlights

അച്ചടക്കലംഘനത്തിന് പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോയ്ക്ക് സസ്‌പെന്‍ഷന്‍. ഹൈദരാബാദ് ടെസ്റ്റില്‍ ടിവി അംപയറോട് മോശമായി പെരുമാറിയതിനാണ് നടപടി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് വിന്‍ഡീസിന് വമ്പന്‍ തിരിച്ചടി. 

മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കേ വെസ്റ്റ് ഇന്‍ഡീസിന് വമ്പന്‍ തിരിച്ചടി. അച്ചടക്കലംഘനത്തിന് പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോയെ രണ്ട് ഏകദിനങ്ങളില്‍ നിന്ന് ഐസിസി വിലക്കി. ഒക്ടോബര്‍ 21, 14 തിയതികളിലാണ് ആദ്യ രണ്ട് ഏകദിനങ്ങള്‍. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ കീറോണ്‍ പവല്‍ പുറത്തായശേഷം ടിവി അംപയറോട് മോശമായി പെരുമാറിയതിന് മൂന്ന് ഡീ മെറിറ്റ് പോയിന്‍റും മാച്ച് ഫീയുടെ 100 ശതമാനം പിഴയും ചുമത്തിയുണ്ട്. 

ഐസിസി പെരുമാറ്റചട്ടത്തിലെ ലെവല്‍ 2 കുറ്റമാണ് ലോയ്ക്ക് ചുമത്തിയിരിക്കുന്നത്. നേരത്തെ 2017 മെയില്‍ പാക്കിസ്ഥാനെതിരായ ഡൊമിനിക്കന്‍ ടെസ്റ്റില്‍ ലോയ്ക്ക് ഒരു ഡീ മെറിറ്റ് പോയിന്‍റും 25 ശതമാനം പിഴയും ലഭിച്ചിരുന്നു. ഹൈദരാബാദ് ടെസ്റ്റില്‍ മൂന്ന് ഡീ മെറിറ്റ് പോയിന്‍റുകൂടി ലഭിച്ചതോടെ ആകെ പോയിന്‍റ് നാലിലെത്തിയതാണ് രണ്ട് മത്സരങ്ങളിലെ വിലക്കിലേക്ക് വഴിതുറന്നത്. ഇതോടെ അവസാന മൂന്ന് ഏകദിനങ്ങളിലും ടി20 പരമ്പരയിലും മാത്രമേ ലോയുടെ സേവനം വിന്‍ഡീസിന് ലഭ്യമാകൂ.

എന്നാല്‍ ഈ ഡിസംബറോടെ വിന്‍ഡീസ് ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയുന്നയാളാണ് സ്റ്റുവര്‍ട്ട്. ഹൈദരാബാദ് ടെസ്റ്റില്‍ പവല്‍ അശ്വിന്‍റെ പന്തില്‍ സ്ലിപ്പില്‍ രഹാനെ പിടിച്ചാണ് പുറത്തായത്. എന്നാല്‍ പന്ത് നിലത്തുതട്ടിയോ എന്ന് വിശദമായി പരിശോധിച്ചശേഷമായിരുന്നു ടിവി അംപയര്‍ ഔട്ട് അനുവദിച്ചത്. ഇതിനി പിന്നാലെയാണ് ലോയുടെ മോശമായ പെരുമാറ്റമുണ്ടായത്. 

click me!