കിടപ്പുമുറികളിലെ മുതല്‍ ഗൈനക്കോളജി ക്ലിനിക്കിലെ വരെ 1.20 ലക്ഷം ഐപി ക്യാമറകള്‍ ഹാക്ക് ചെയ്തു; വീഡിയോകള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റു

Published : Dec 03, 2025, 12:17 PM IST
IP cameras were placed in private rooms hacked

Synopsis

വീടുകളിലെയും ബിസിനസ് സ്ഥാപനങ്ങളിലെയും 1.20 ലക്ഷം ഐപി ക്യാമറകൾ ഹാക്ക് ചെയ്‌ത് അശ്ലീല വീഡിയോകള്‍ നിർമ്മിച്ച് വെബ്‌സൈറ്റുകള്‍ക്ക് വിറ്റ് പ്രതികള്‍ സമ്പാദിച്ചത് ലക്ഷക്കണക്കിന് രൂപയെന്ന് പൊലീസ്. ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 

സോള്‍: മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങളും വാട്‌സ്ആപ്പ് പോലുള്ള ആപ്പുകളും ഹാക്ക് ചെയ്യുന്ന കേസുകൾ ദിവസവും വർധിച്ചുവരികയാണ്. നിങ്ങളുടെ വീട്ടിലോ ഓഫീസിലോ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയും ഹാക്ക് ചെയ്യപ്പെടാം. അടുത്തിടെ സമാനമായ ഒരു ഞെട്ടിക്കുന്ന കേസ് ദക്ഷിണ കൊറിയയിൽ നിന്ന് പുറത്തുവന്നു, അവിടെ 1.20 ലക്ഷത്തിലധികം ഐപി ക്യാമറകളിൽ (IP cameras) നിന്നും സ്വകാര്യ ദൃശ്യങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതികൾ ഐപി ക്യാമറകള്‍ ഹാക്ക് ചെയ്‌ത് ദൃശ്യങ്ങള്‍ ഒരു വിദേശ പോൺ വെബ്‌സൈറ്റിന് വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചു എന്നാണ് റിപ്പോർട്ടുകൾ.

പ്രതികൾ ഐപി ക്യാമറകളുടെ സുരക്ഷാ ബലഹീനതകളും ലളിതമായ പാസ്‌വേഡുകളും ചൂഷണം ചെയ്‌തു എന്നാണ് കേസ് അന്വേഷിച്ച പൊലീസ് പറയുന്നത്. ഐപി ക്യാമറകൾ അഥവാ ഇന്‍റർനെറ്റ് പ്രോട്ടോക്കോൾ ക്യാമറകൾ ( Internet Protocol camera) സിസിടിവി ക്യാമറകൾക്ക് പകരം ആളുകള്‍ ഇപ്പോള്‍ വ്യാപകമായി സ്ഥാപിക്കുന്ന ചിലവ് കുറഞ്ഞ ക്യാമറ സംവിധാനാണ്. അവ ഇന്‍റർനെറ്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഹാക്കർമാർക്ക് ഇവയിൽ എളുപ്പത്തിൽ കടന്നുകയറാൻ സാധിക്കും. പ്രത്യേകിച്ച് പാസ്‌വേഡുകൾ ദുർബലമാണെങ്കിൽ ഐപി ക്യാമറകളിലേക്ക് ഹാക്കിംഗ് എളുപ്പത്തിൽ സാധിക്കും.

ക്യാമറകൾ എവിടെ നിന്നാണ് ഹാക്ക് ചെയ്‌തത്?

വീടുകൾ, റൂമുകൾ, സ്റ്റുഡിയോകൾ, ഗൈനക്കോളജിസ്റ്റ് ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന ഐപി ക്യാമറകളാണ് പ്രതികൾ ലക്ഷ്യമിട്ടത്. ഈ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ വിറ്റ് പ്രതികൾ ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചു. നാല് പ്രതികളും വ്യത്യസ്ത സ്ഥലങ്ങളിൽ വ്യക്തിഗതമായി നിരീക്ഷണ ക്യാമറകള്‍ ഹാക്ക് ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരു പ്രതി 63,000 ക്യാമറകൾ ഹാക്ക് ചെയ്യുകയും 545 അശ്ലീല വീഡിയോകൾ നിർമ്മിക്കുകയും ചെയ്‌തു. അതിൽ നിന്ന് അയാൾ ഏകദേശം 35 ദശലക്ഷം വോൺ (ഏകദേശം 24.7 ലക്ഷം രൂപ) നേടി. രണ്ടാമത്തെ പ്രതി 70,000 ക്യാമറകൾ ഹാക്ക് ചെയ്യുകയും 648 അശ്ലീല വീഡിയോകൾ വെബ്‌സൈറ്റിന് വിൽക്കുകയും ചെയ്‌തു. അതിൽ നിന്ന് അയാൾ 18 ദശലക്ഷം വോൺ (ഏകദേശം 12.7 ലക്ഷം രൂപ) സമ്പാദിച്ചു.

നാല് പ്രതികളും സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നുവെന്നും ഒരു സംഘടിത സംഘത്തിന്‍റെ ഭാഗം അല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. വെബ്‌സൈറ്റിൽ നിന്ന് ഈ വീഡിയോകൾ വാങ്ങുകയോ കാണുകയോ ചെയ്തതിന് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം വെബ്‌സൈറ്റുകൾ തടയാനും അടച്ചുപൂട്ടാനും പൊലീസ് വിദേശ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഐപി ക്യാമറകൾ ഹാക്ക് ചെയ്യുന്നതും നിയമവിരുദ്ധമായി ചിത്രീകരിക്കുന്നതും വളരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് സൈബർ യൂണിറ്റ് മേധാവി പാർക്ക് വൂ-ഹ്യുൻ പറഞ്ഞു. അത്തരം വീഡിയോകൾ കാണുന്നതും കൈവശം വയ്ക്കുന്നതും കുറ്റകൃത്യങ്ങളാണ്. പൊലീസ് ഇതുവരെ 58 സ്ഥലങ്ങൾ സന്ദർശിക്കുകയും ഇരകളുടെ പാസ്‌വേഡുകൾ മാറ്റാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട നടപടി പാസ്‌വേഡ് സുരക്ഷയാണെന്ന് ദക്ഷിണ കൊറിയയിലെ നാഷണൽ പൊലീസ് ഏജൻസി പറയുന്നു.

നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഒരു ഐപി ക്യാമറയോ സിസിടിവിയോ ഉണ്ടെങ്കിൽ, അത് ഹാക്കിംഗിൽ നിന്ന് സംരക്ഷിക്കാൻ ഈ നടപടികൾ സ്വീകരിക്കുക.

1. ക്യാമറ പാസ്‌വേഡ് വളരെ ശക്തമാക്കുക.

2. കുറഞ്ഞത് 30 ദിവസത്തിലൊരിക്കൽ നിങ്ങളുടെ പാസ്‌വേഡ് മാറ്റുക

3. ഒരിക്കലും ഡിഫോൾട്ട് പാസ്‌വേഡ് ഉപയോഗിക്കരുത്

4. ക്യാമറ സോഫ്റ്റ്‌വെയർ/ഫേംവെയർ എപ്പോഴും അപ്‌ഡേറ്റ് ചെയ്യുക.

5. കിടപ്പുമുറികൾ/കുളിമുറികൾ/വസ്ത്രം മാറുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കരുത്.

6. എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ തന്നെ പാസ്‌വേഡ് മാറ്റി പൊലീസിലോ സൈബർ സെല്ലിലോ റിപ്പോർട്ട് ചെയ്യുക.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ഐപിഎല്‍ തന്നെ തലപ്പത്ത്, തൊട്ടുപിന്നില്‍ ജെമിനി; ഗൂഗിളില്‍ 2025ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് ഇവ