
ദില്ലി: നിങ്ങളുടെ കമ്പ്യൂട്ടര്‍ സിസ്റ്റത്തിൽ നിന്നും വാട്‌സ്ആപ്പ് വെബ് ഇടയ്ക്കിടെ ലോഗ്‌ഔട്ട് ആയിപ്പോകുന്നുണ്ടോ? വീണ്ടും വീണ്ടും ലോഗിൻ ചെയ്യേണ്ടി വരുന്നുണ്ടോ? എങ്കിൽ പരിഭ്രമിക്കേണ്ട, ഇത് രാജ്യത്ത് പുതിയ ടെലികോം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന്‍റെ ഭാഗമാണ്. ഇനി മുതൽ വാട്‌സ്ആപ്പ് വെബ്, മറ്റ് വെബ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ ഓരോ ആറ് മണിക്കൂറിലും തനിയെ ലോഗ്‌ഔട്ട് ചെയ്യപ്പെടും. സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം.
ഇന്ത്യയിൽ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങൾ ഇപ്പോൾ മാറുകയാണ്. വാട്‌സ്ആപ്പ് വെബ്, ടെലിഗ്രാം വെബ്, സമാനമായ എല്ലാ വെബ് അധിഷ്ഠിത മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയെ നേരിട്ട് ബാധിക്കുന്ന പുതിയ സൈബർ സുരക്ഷാ നിയമങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) നടപ്പിലാക്കിയിട്ടുണ്ട്. പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, ഉപയോക്താക്കൾ ഇപ്പോൾ ഓരോ ആറ് മണിക്കൂറിലും വാട്‌സ്ആപ്പ് വെബ് വീണ്ടും ലോഗിൻ ചെയ്യേണ്ടി വരും. ഇപ്പോൾ ഓരോ ആറ് മണിക്കൂറിലും വാട്‌സ്ആപ്പ് വെബ് സ്വയമേവ ലോഗ്‌ഔട്ട് ചെയ്യപ്പെടും. ഇതിനുശേഷം, ഉപയോക്താവ് മൊബൈലിൽ നിന്ന് ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് വീണ്ടും ലോഗിൻ ചെയ്യേണ്ടിവരും. 90 ദിവസത്തിനുള്ളിൽ പുതിയ സംവിധാനം നടപ്പിലാക്കാൻ മെസേജിംഗ് ആപ്പ് കമ്പനികളോട് കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ഇതുവരെ, മെസേജിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ, ഒടിപി വഴി മൊബൈൽ നമ്പറിന്‍റെ സ്ഥിരീകരണം ഒരിക്കൽ മാത്രമേ ആവശ്യമായിരുന്നുള്ളൂ. അതിനുശേഷം, മൊബൈലിൽ നിന്ന് സിം കാർഡ് നീക്കം ചെയ്‌തതിനുശേഷവും ആപ്പ് പ്രവർത്തിക്കുന്നത് തുടർന്നു. സൈബർ തട്ടിപ്പുകാർ ഈ പഴുതുകൾ മുതലെടുക്കാറുണ്ടായിരുന്നു. ഈ രീതിയും ഇനി നടക്കില്ല. വാട്‌സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം, അറട്ടൈ, ഷെയര്‍ചാറ്റ്, സ്‌നാപ്‌ചാറ്റ്, ജിയോചാറ്റ്, ജോഷ് തുടങ്ങിയ ഓൺലൈൻ മെസേജിംഗ് കമ്പനികൾക്ക് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) നൽകിയ നിർദ്ദേശം അനുസരിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ഫോണുകളിൽ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്‌ത സിം കാർഡ് ഇല്ലാതെ ആപ്ലിക്കേഷനുകൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനുള്ള ഒരു മാർഗമാണ് ഈ നിർദ്ദേശമെന്ന് വകുപ്പ് പറയുന്നു.
മെസേജിംഗ് ആപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് 120 ദിവസങ്ങള്‍ക്കുള്ളില്‍ അവ നടപ്പിലാക്കിയതായി മെസേജിംഗ് ആപ്പുകള്‍ കേന്ദ്ര ടെലികോം മന്ത്രാലയത്തെ രേഖാമൂലം അറിയിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ച വരുത്തുന്ന കമ്പനികള്‍ക്ക് 2023-ലെ ടെലികമ്മ്യൂണിക്കേഷന്‍ ആക്‌ട്, ടെലികോം സൈബര്‍ സുരക്ഷാ നിയമങ്ങള്‍, മറ്റ് ബാധകമായ നിയമങ്ങള്‍ എന്നിവ അനുസരിച്ചുള്ള നടപടികള്‍ നേരിടേണ്ടിവരും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം