'ചാറ്റ്‌ജിപിടി ഉപയോഗിച്ച് മുൻ കാമുകൻ തന്നെ ഉപദ്രവിക്കുന്നു'; ഓപ്പൺഎഐക്കെതിരെ കേസുമായി വനിത

Published : Apr 13, 2026, 12:39 PM IST
OpenAI-ChatGPT

Synopsis

അമേരിക്കയിലെ കാലിഫോർണിയയിൽ ഒരു യുവതി, ഓപ്പൺഎഐയുടെ ചാറ്റ്‍ജിപിടി തന്‍റെ മുൻ കാമുകന് തെറ്റായ ഉപദേശം നൽകി ഉപദ്രവിക്കാൻ പ്രേരിപ്പിച്ചു എന്ന് ആരോപിച്ച് കേസ് ഫയൽ ചെയ്തു. ഈ സംഭവം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകളുടെ സുരക്ഷയെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ഒരു വനിത ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കമ്പനിയായ ഓപ്പൺഎഐക്ക് എതിരെ ഫയൽ ചെയ‌്‌ത കേസ് ടെക് ലോകത്തും നിയമരംഗത്തും വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു. ഓപ്പണ്‍എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്‍ജിപിടി തന്‍റെ മുൻ കാമുകനെ തെറ്റിദ്ധരിപ്പിച്ചതായും, തന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ അദേഹത്തെ പ്രേരിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ടെക്‌ക്രഞ്ചാണ് അസാധാരണമായ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഈ സംഭവം എഐ ടൂളുകളുടെ നിരുത്തരവാദിത്വപരമായ ഉപയോഗത്തെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

ഓപ്പണ്‍എഐക്കെതിരായ കേസിന്‍റെ വിശദാംശങ്ങള്‍

പരാതിക്കാരിയായ സ്ത്രീയുടെ വാദമനുസരിച്ച്, 2024-ൽ ഇരുവരും വേർപിരിഞ്ഞതിന് ശേഷം, മുൻ കാമുകൻ തന്‍റെ മാനസിക അവസ്ഥ കൈകാര്യം ചെയ്യാൻ ചാറ്റ്‍ജിപിടിയുടെ സഹായം തേടി. എന്നാൽ, കാമുകന് ആശ്വാസം നൽകേണ്ടതിന് പകരം, ചാറ്റ്ബോട്ട് കാമുകിയെ നിയന്ത്രണ സ്വഭാവമുള്ളവളായും മാനസികമായി അസ്ഥിരയായവളായും ചിത്രീകരിച്ചുവെന്നാണ് ആരോപണം. ചാറ്റ്‌ബോട്ടിന്‍റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പിന്നീട് തന്നെ പീഡിപ്പിക്കാൻ മുന്‍ കാമുകന് പ്രചോദനമായി എന്നാണ് യുവതിയുടെ പരാതി.

കേസിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നത് ഓപ്പൺഎഐയുടെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. ഓപ്പൺഎഐയുടെ സ്വന്തം ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ നേരത്തെ തന്നെ യുവതിയുടെ മുൻ കാമുകനെതിരെ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരുന്നു എന്നതാണ് ഈ കേസിനെ കൂടുതൽ കൗതുകകരമാക്കുന്നത്. അതായത്, കഴിഞ്ഞ വർഷം, 'മാസ് കാഷ്വാലിറ്റി വെപ്പൺസ്' എന്ന സംശയാസ്‍പദ പ്രവർത്തനങ്ങൾക്ക് ആ വ്യക്തിയുടെ അക്കൗണ്ട് ഫ്ലാഗ് ചെയ്‌ത് താൽക്കാലികമായി ഓപ്പണ്‍എഐ നിർത്തിവച്ചിരുന്നു. എന്നാൽ പിന്നീട് ഓപ്പണ്‍എഐയുടെ വിദഗ്‌ധ സുരക്ഷാ സംഘം നടത്തിയ പരിശോധനയ്ക്കുശേഷം അക്കൗണ്ട് വീണ്ടും സജീവമാക്കിയതായി റിപ്പോർട്ടില്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ വര്‍ഷം നവംബർ മാസത്തിൽ നോട്ടീസ് ഓഫ് അബ്യൂസ് വഴി ഓപ്പൺഎഐയിലേക്ക് പരാതി നൽകിയപ്പോൾ, കമ്പനി അതിനെ ഗൗരവത്തോടെ പരിഗണിക്കുമെന്ന് അറിയിച്ചെങ്കിലും, തുടർന്ന് യാതൊരു വിശദീകരണവും ലഭിച്ചില്ലെന്ന് പരാതിക്കാരി പറയുന്നു. ഇത് കമ്പനിയുടെ പ്രതികരണ രീതിയെക്കുറിച്ചും കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ഇപ്പോൾ, കോടതി വഴി താൽക്കാലിക നിരോധന ഉത്തരവ് ആവശ്യപ്പെട്ടിരിക്കുന്ന സ്ത്രീ, പ്രതിയുടെ ചാറ്റ്‌ജിപിടി അക്കൗണ്ട് പൂർണ്ണമായും ബ്ലോക്ക് ചെയ്യുകയും, പുതിയ അക്കൗണ്ടുകൾ സൃഷ്‍ടിക്കുന്നത് തടയുകയും വേണമെന്ന് ആവശ്യപ്പെടുന്നു. കൂടാതെ, പ്രതി വീണ്ടും ചാറ്റ്‍ജിപിടി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെങ്കിൽ അതിനെക്കുറിച്ച് അറിയിക്കണമെന്നും മുൻ കാമുകന്‍റെ ചാറ്റ് രേഖകൾ മുഴുവൻ തെളിവായി സംരക്ഷിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.

യുവതിയുടെ പരാതി സംബന്ധിച്ച് ഓപ്പൺഎഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, ബന്ധപ്പെട്ട അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തതായി റിപ്പോർട്ടുകൾ ഉണ്ട്. പക്ഷേ, പരാതിക്കാരിയുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ല. കേസിലെ അഭിഭാഷകർ കമ്പനിയുടെ സുരക്ഷാ സമീപനത്തെ ചോദ്യം ചെയ്‌ത് കൂടുതൽ ഉത്തരവാദിത്തം ആവശ്യപ്പെടുകയാണ്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുത്ത ക്യാമറ വിപ്ലവം, വിവോ എക്‌സ്300 അൾട്ര ഇന്ത്യയിലേക്ക്, 200എംപി ഇരട്ട സെന്‍സര്‍ പ്രധാന സവിശേഷത
കീശ കാലിയാക്കാതെ ഒരു തകര്‍പ്പന്‍ ഫോണ്‍; റെഡ്‌മി എ7 പ്രോ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു