ബിഗ് സല്യൂട്ട് മി​ഗ്-21; ആറ് പതിറ്റാണ്ട് രാജ്യത്തെ കാത്ത പോരാളികള്‍ക്ക് പടിയിറക്കം, വിരമിക്കുന്നത് ഇന്ത്യയുടെ ആകാശ ഭടന്‍

Published : Sep 25, 2025, 04:24 PM IST
mig-21

Synopsis

നീണ്ട 62 വര്‍ഷക്കാലം ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങള്‍ സേവനം അവസാനിപ്പിക്കുന്നു. അവസാന ബാച്ചിലുള്ള 36 മിഗ്-21 വിമാനങ്ങളാണ് ഇപ്പോള്‍ വിരമിക്കുന്നത്. 

തിരുവനന്തപുരം: ഇന്ത്യന്‍ പ്രതിരോധ രംഗത്ത് മിഗ്-21 എന്ന യുഗം അവസാനിക്കുന്നു, അവിടെ മറ്റൊരു യുഗം ആരംഭിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറും വിജയമാക്കി മിഗ്-21 യുദ്ധവിമാനങ്ങള്‍ പടിയിറങ്ങുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 ഫൈറ്റര്‍ ജെറ്റുകളിലെ അവസാന ബാച്ചും വിരമിക്കുന്നു. ആറ് പതിറ്റാണ്ടുകാലം രാജ്യത്തെ കാത്ത മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് ഇനി വിശ്രമം, പുതു തലമുറയ്‌ക്ക് വഴിമാറല്‍.

ബിഗ് മിഗ്-21: ഇന്ത്യന്‍ വ്യോമസേനയുടെ മുഖമുദ്ര

മിഖായോൻ-ഗുരേവിച്ച് മിഗ്-21. അതാണ് മിഗ്-21 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന യുദ്ധവിമാനങ്ങള്‍. പേരില്‍ തന്നെ ആ പഴയ സോവിയറ്റ് ബന്ധം വ്യക്തം. സോവിയറ്റ് വിമാന നിര്‍മ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് അവതരിപ്പിച്ച ശബ്‌ദാധിവേഗ വിമാനങ്ങളാണ് മിഗ്-21. ലളിതമായ ഡിസൈനും, അതിലെ നീണ്ടുകൂര്‍ത്ത മൂക്കും, ഡെല്‍റ്റാ വിങും, മാക് 2+ വേഗവും, നൊടിയിടയുള്ള കുതിപ്പുമെല്ലാം മിഗ്-21നെ ഗംഭീര്യമാക്കി. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട സൂപ്പര്‍സോണിക് ഫൈറ്റര്‍ ജെറ്റുകളിലൊന്നാണ് മിഗ്-21. സോവിയറ്റ് യൂണിയനും ഇന്ത്യയും ചൈനയും ഇറാഖും വിയറ്റ്‌നാമുമെല്ലാം മിഗ്-21 ഉപയോഗിച്ചു.

മിഖായോൻ ഖുരേവിച്ച് 1950-കളുടെ തുടക്കത്തില്‍ മിഗ് -21-ന്‍റെ മാതൃക വികസിപ്പിച്ചുതുടങ്ങി. 1963-ല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് മിഗ്-21 യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ചെത്തി. 1962-ലെ ഇന്തോ-ചൈന യുദ്ധത്തിന് ശേഷമുള്ള പ്രതിരോധ ശക്തിപ്പെടുത്തലിന്‍റെ ഭാഗമായിരുന്നു ഇന്ത്യയിലെത്തിയ മിഗ്-21 ജെറ്റുകള്‍. അവിടുന്നിങ്ങോട്ട് നീണ്ട 62 വര്‍ഷക്കാലം ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തും കാവലാളുമായി മിഗ്-21.

നാളിതുവരെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത് തൊള്ളായിരത്തോളം മിഗ്-21 വിമാനങ്ങളാണ്. രാജ്യത്തിന്‍റെ ആകെ യുദ്ധവിമാനങ്ങളുടെ കണക്കെടുത്താല്‍ അതില്‍ മൂന്നിലൊന്നും ഒരുവേള മിഗ്-21 ആയിരുന്നു. സാങ്കേതികവിദ്യ ഇന്ത്യക്ക് സോവിയറ്റ് യൂണിയന്‍ കൈമാറിയതോടെ മിക്ക മിഗ്-21 ഉം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഇവിടത്തന്നെ നിര്‍മ്മിച്ചു. ഇതിലെ അവസാന ബാച്ചിലുള്ള 36 മിഗ്-21 വിമാനങ്ങളാണ് ഇപ്പോള്‍ യാത്രപറയുന്നത്.

എതിരാളികളുടെ പേടിസ്വപ്‌നമായിരുന്ന മിഗ്-21

ഇന്ത്യന്‍ പ്രതിരോധ രംഗത്ത് മിഗ്-21ന്‍റെ സംഭാവനകള്‍ ചെറുതല്ല. പാകിസ്ഥാനെതിരായ 1971-ലെ യുദ്ധം, 1999-ലെ കാര്‍ഗില്‍ യുദ്ധം, 2019-ലെ ബലാകോട്ട് വ്യോമാക്രമണം എന്നിവയില്‍ മിഗ്-21 കരുത്തുകാട്ടി. ഏറ്റവുമൊടുവില്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കിയ ഓപ്പറേഷന്‍ സിന്ദൂര്‍. മിഗ്-21 യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കിയത് എണ്ണിയാലൊടുങ്ങാത്ത സേവനവും സുരക്ഷിതത്വവും.

ഇന്ത്യന്‍ വ്യോമസേനയിലെ മിഗ്-21 യുഗം അവസാനിക്കുകയാണ്. 2025 സെപ്റ്റംബര്‍ 26ന് ഔദ്യോഗികമായി മിഗ്-21 യുദ്ധവിമാനങ്ങളോട് ഇന്ത്യന്‍ വ്യോമസേന ഗുഡ്‌ബൈ പറയും. ചണ്ഡീഗഡ് എയര്‍ഫോഴ്‌സ് സ്റ്റേഷനിലാണ് ഔദ്യോഗിക വിരമിക്കല്‍ ചടങ്ങ്.

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായിരുന്നപ്പോഴും ഒരു പഴി മിഗ്-21 യുദ്ധവിമാനങ്ങള്‍ കേട്ടിരുന്നു. 'പറക്കും ശവപ്പെട്ടി' എന്ന ചീത്തപ്പേരായിരുന്നു അത്. ഓടിത്തളര്‍ന്ന മിഗ്-21 വിമാനങ്ങള്‍ അനവധി അപകടങ്ങള്‍ക്ക് സമീപ വര്‍ഷങ്ങളില്‍ വഴിവെച്ചതുതന്നെ കാരണം. മിഗ്-21 വിമാനങ്ങളുടെ അറ്റകുറ്റപ്പണി ദുസ്സഹമായി. മിഗ്-21 അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്കും സിവിലിയന്‍സിനും ജീവന്‍ നഷ്‌ടമായി. ഇനിയാ പഴയ മിഗ്-21 എന്ന ചീറ്റപ്പുലി ഇല്ലെങ്കിലും സാരമില്ല. ഇന്ത്യന്‍ വ്യോമസേന പുത്തന്‍ അത്യാധുനിക യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. മിഗ്-21 വിരമിക്കുന്നതിന്‍റെ തൊട്ടുതലേന്ന് ഇന്ത്യ പുത്തന്‍ തേജസ് വിമാനങ്ങളുടെ കരാര്‍ ഒപ്പിട്ടു. എങ്കിലും, 62 വര്‍ഷം രാജ്യത്തെ കാത്ത മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് ബിഗ് സല്യൂട്ട്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി