
വാഷിംഗ്‌ടൺ: ടെക് ലോകത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) തരംഗമായതോടെ അമേരിക്കയിലെ വൻകിട കമ്പനികളെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. ഇതൊരു താൽക്കാലിക ചെലവുചുരുക്കൽ നടപടിയല്ല, മറിച്ച് ടെക് വ്യവസായത്തിൽ ഇപ്പോള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്ന സ്ഥായിയായ മാറ്റമാണിതെന്നാണ് സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നത്.
യുഎസിലെ കണക്കുകൾ പരിശോധിച്ചാൽ, 2020 മുതൽ ഇതുവരെ 9,00,000 പേർക്കാണ് ടെക് മേഖലയിൽ ജോലി നഷ്ടപ്പെട്ടത്. ഇതിൽ കഴിഞ്ഞ വർഷം മാത്രം 92,000 പേരെ പിരിച്ചുവിട്ടു. ടെക് ഭീമന്മാരായ മെറ്റ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളിൽ നിന്നുമാത്രം 20,000 പേർക്ക് ജോലി പോയി. ആമസോൺ, ഗൂഗിൾ, ഒറാക്കിൾ, സെയിൽസ്ഫോഴ്സ്, നൈക്കി, സ്‌നാപ്പ് തുടങ്ങിയ കമ്പനികളും പിരിച്ചുവിടലിൻ്റെ കാര്യത്തിൽ പിന്നിലായിരുന്നില്ല. എഐയുടെ കടന്നുവരവും, കൊറോണക്കാലത്ത് ആവശ്യമില്ലാതെ നടത്തിയ നിയമനങ്ങളുമാണ് ഈ കൂട്ടപ്പിരിച്ചുവിടലിന് കാരണമായി പറയുന്നത്.
മെറ്റ, വരും ദിവസങ്ങളിൽ 8,000 പേരെക്കൂടി പിരിച്ചുവിടാൻ പദ്ധതിയിടുന്നുണ്ട്. അതോടൊപ്പം 6,000 പുതിയ തസ്തികകളിലേക്കുള്ള നിയമനം മരവിപ്പിക്കുകയും ചെയ്‌തു. മൈക്രോസോഫ്റ്റ് ആകട്ടെ, അമേരിക്കയിലെ 7% ജീവനക്കാർക്ക് സ്വയം വിരമിക്കാനുള്ള (VRS) അവസരം നൽകി പ്രോത്സാഹിപ്പിക്കുകയാണ്. പ്രമുഖ ബ്രാൻഡായ നൈക്കി 1,400 തസ്തികകൾ പൂർണ്ണമായി റദ്ദാക്കി.
ഒരുവശത്ത് ചെലവ് ചുരുക്കാനായി ജീവനക്കാരെ ഒഴിവാക്കുമ്പോൾ, മറുവശത്ത് എഐ സാങ്കേതികവിദ്യയിൽ കോടികളാണ് ഈ കമ്പനികൾ നിക്ഷേപിക്കുന്നത്. ആൽഫബെറ്റ്, മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ എന്നീ കമ്പനികൾ 2026-ഓടെ എഐയിൽ നടത്താനിരിക്കുന്ന മൊത്തം നിക്ഷേപം ഏകദേശം 66 ലക്ഷം കോടി രൂപ വരുമെന്നാണ് കണക്ക്. ഒറാക്കിളിന് മാത്രം പിരിച്ചുവിടലിലൂടെ 75,000 മുതൽ 94,000 കോടി രൂപ വരെ ലാഭിക്കാനാകും. പണ്ട് 250 ജീവനക്കാരെ വെച്ച് 472 കോടി രൂപ വരുമാനമുണ്ടാക്കിയിരുന്ന സ്ഥാനത്ത്, ഇന്ന് വെറും 50 ജീവനക്കാരെ വെച്ച് ഇതേ വരുമാനം നേടാൻ കമ്പനികൾക്ക് കഴിയുന്നുണ്ട്.
അമേരിക്കയിലെ ഗ്ലാസ്‌ഡോർ എംപ്ലോയീ കോൺഫിഡൻസ് സൂചിക പ്രകാരം, ടെക് മേഖലയിലെ ജീവനക്കാരുടെ ആത്മവിശ്വാസം 6.8% ഇടിഞ്ഞ് മാർച്ചിൽ 47.2% ആയി. ഭാവിയെക്കുറിച്ചുള്ള പേടി കാരണം പലരും ജോലി ഉപേക്ഷിച്ചു പോകുന്ന സാഹചര്യവും നിലവിലുണ്ട്. എന്തായാലും, എഐ തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു എന്നതൊരു വസ്‌തുതയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam