ട്രംപ് 'സ്വര്‍ണക്കട്ടി' കാട്ടി പറ്റിച്ചോ? ടി1 ഫോണ്‍ ഇതുവരെ ആര്‍ക്കും ലഭിച്ചില്ല, പ്രതിഷേധം ശക്തം

Published : May 11, 2026, 01:48 PM IST
Trump-Mobile

Synopsis

ഡൊണാൾഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓർഗനൈസേഷൻ പ്രഖ്യാപിച്ച ടി1 സ്മാർട്ട്‌ഫോൺ ഇതുവരെ പുറത്തിറങ്ങിയില്ല. 100 ഡോളർ നൽകി ഫോൺ പ്രീ-ബുക്ക് ചെയ്ത ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് പണം തിരികെ ലഭിക്കുകയോ ഫോണിനെക്കുറിച്ച് വിവരം ലഭിക്കുകയോ ചെയ്യാത്തതിനാൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.

വാഷിംഗ്‌ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച സ്‌മാര്‍ട്ട്‌ഫോണ്‍ (ടി1 ഫോണ്‍) ഇനിയും വിപണിയിലെത്തിയില്ല. ടി1 ഫോണ്‍ ലഭിക്കാത്തതില്‍ പ്രീ-ബുക്ക് ചെയ്‌തവര്‍ കനത്ത പ്രതിഷേധത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. 2025 ജൂണില്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറും എറിക് ട്രംപും ചേര്‍ന്നാണ് ടി1 ഫോണ്‍ പ്രഖ്യാപിച്ചത്. സ്വര്‍ണ നിറത്തിലുള്ള ഡിസൈനായിരുന്നു ഫോണിന്‍റെ പ്രധാന ആകര്‍ഷണം. പൂര്‍ണമായും അമേരിക്കയില്‍ നിര്‍മ്മിക്കുന്നു എന്ന് തുടക്കത്തില്‍ അവകാശപ്പെട്ടിരുന്ന ടി1 ഫോണ്‍ 100 യുഎസ് ഡോളര്‍ നല്‍കി ആയിരക്കണക്കിന് പേരാണ് അമേരിക്കയില്‍ ബുക്ക് ചെയ്തത്. ഈ തുക റീഫണ്ട് ചെയ്യാനാവുന്നതാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

ടി1 ഫോണ്‍ തട്ടിപ്പോ?

2026 ജനുവരി മാസം ടി1 ഫോണ്‍ പുറത്തിറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മെയ് മാസമായിട്ടും ഫോണിനെ കുറിച്ച് യാതൊരു വിവരവുമില്ല. ഫോണ്‍ എപ്പോള്‍ ലഭിക്കുമെന്ന് ഒരു അറിയിപ്പും ആളുകള്‍ക്ക് കമ്പനി നല്‍കിയിട്ടുമില്ല. ഫോണ്‍ ലഭിക്കാത്തതില്‍ ആളുകള്‍ പ്രതിഷേധം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കിടുകയാണ്. ആറ് ലക്ഷം പേരെങ്കിലും ടി1 ഫോണിനായി 100 ഡോളര്‍ ഡിപ്പോസിറ്റ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല.

2025 ജൂണ്‍ മാസത്തിലായിരുന്നു ട്രംപ് ഓര്‍ഗനൈസേഷന്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കുള്ള പ്രവേശനം വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. ട്രംപ് മൊബൈല്‍ എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഗോള്‍ഡന്‍ വേരിയന്‍റിലുള്ള ഫോണിന് ടി1 ഫോണ്‍ എന്ന് പേരിടുകയും ചെയ്‌തു. 2025 ഓഗസ്റ്റ് മാസം ടി1 പുറത്തിറങ്ങുമെന്നായിരുന്നു ട്രംപ് ഓര്‍ഗനൈസേഷന്‍ വാര്‍ത്താക്കുറിപ്പില്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ഫോണ്‍ വിപണിയില്‍ എത്തിയില്ല. 'മെയ്‌ഡ് ഇന്‍ ദി യുഎസ്' എന്ന അവകാശവാദത്തോടെയാണ് ടി1 ഫോണ്‍ ട്രംപിന്‍റെ കമ്പനി പ്രഖ്യാപിച്ചത്. ഈ ആപ്‌തവാക്യം പിന്നീട്, അമേരിക്കന്‍ മൂല്യങ്ങള്‍ക്കുചിതമായ ഫോണ്‍ എന്നാക്കി തിരുത്തി.

ടി1 ഫോണ്‍: സവിശേഷതകള്‍

ടി1 ഫോണിന് 499 യുഎസ് ഡോളറാകും അമേരിക്കയില്‍ വിലയെന്നായിരുന്നു പ്രഖ്യാപനം. റീചാര്‍ജിനായി മാസം തോറും 47.45 ഡോളര്‍ നല്‍കണമെന്നും കമ്പനി അറിയിച്ചിരുന്നു. നിലവില്‍ അമേരിക്കയില്‍ എടി&ടി, വെലിസോണ്‍, ടി-മൊബൈല്‍ എന്നീ മൂന്ന് കമ്പനികളാണ് മൊബൈല്‍ ഫോണ്‍ രംഗത്തെ പ്രധാന ഓപ്പറേറ്റര്‍മാര്‍. ഈ കമ്പനികളെല്ലാം മാസം 40 ഡോളറില്‍ താഴെ വില വരുന്ന പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. അതിനിടെയാണ് വലിയ തുകയുടെ പ്ലാനുമായി ട്രംപ് മൊബൈല്‍ കടന്നുവരവ് പ്രഖ്യാപിച്ചത്. '47 പ്ലാന്‍' റീചാര്‍ജ് ചെയ്യുമ്പോള്‍ പരിധിയില്ലാത്ത കോളും ഡാറ്റയും മെസേജിംഗും ടെലിഹെല്‍ത്ത് സൗകര്യവും റോഡ്‌സൈഡ് അസിസ്റ്റന്‍സും ലഭിക്കുമെന്നും ട്രംപ് മൊബൈല്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പോക്കറ്റ് കീറി ആളുകള്‍; ഇന്ത്യയില്‍ എന്തുകൊണ്ട് സ്‌മാര്‍ട്ട്‌ഫോണ്‍ വില കുതിച്ചുയരുന്നു?
ഐഫോണ്‍ 18 സീരീസ് കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത; വില സൂചന പുറത്ത്