ഗവേഷണ പ്രബന്ധങ്ങളുടെ ഭാഷ എഐ ഉഗ്രനാക്കി; പക്ഷേ അവയുടെ ഗുണനിലവാരം ഇടിഞ്ഞു- പഠനം

Published : Dec 21, 2025, 10:38 AM IST
AI-Logo

Synopsis

ഗവേഷണ പ്രബന്ധങ്ങൾ കൂടുതൽ സമഗ്രവും സങ്കീർണ്ണവുമാക്കാൻ എഐ സഹായിച്ചിട്ടുണ്ടെങ്കിലും പല കേസുകളിലും ഗവേഷണത്തിന്‍റെ യഥാർഥ ഗുണനിലവാരം അപകടത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു പുതിയ പഠനം

ബെർക്ക്‌ലി: ഗവേഷണ പ്രബന്ധങ്ങൾ എഴുതുന്നതിൽ കൃത്രിമബുദ്ധിയുടെ (എഐ) ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ശാസ്ത്ര ലോകത്ത് കാര്യമായ മാറ്റങ്ങൾക്ക് കാരണമാകുന്നു. അതേസമയം, ഗവേഷണ പ്രബന്ധങ്ങൾ കൂടുതൽ സമഗ്രവും സങ്കീർണ്ണവുമാക്കാൻ എഐ സഹായിച്ചിട്ടുണ്ടെങ്കിലും പല കേസുകളിലും ഗവേഷണത്തിന്‍റെ യഥാർഥ ഗുണനിലവാരം അപകടത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു പുതിയ പഠനം. കോർണെൽ യൂണിവേഴ്സിറ്റിയിലെയും ബെർക്ക്‌ലിയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ നടത്തിയ പഠനം സയൻസ് ജേണലിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പഠനം എന്താണ് പരിശോധിച്ചത്?

കോർണെൽ യൂണിവേഴ്സിറ്റിയിലെയും ബെർക്ക്‌ലിയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ 2.1 ദശലക്ഷത്തിലധികം പ്രീപ്രിന്‍റ് ഗവേഷണ പ്രബന്ധങ്ങൾ, 28,000-ത്തിലധികം പിയർ-റിവ്യൂഡ് പഠനങ്ങൾ, ശാസ്ത്രീയ രേഖകളുടെ ഏകദേശം 246 ദശലക്ഷം ഓൺലൈൻ കാഴ്‌ചകൾ എന്നിവ വിശകലനം ചെയ്‌തു. പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച്, ഗവേഷണത്തിൽ എഐ (ചാറ്റ്‍ജിപിടി പോലുള്ള എൽഎൽഎമ്മുകളും ജെമിനി പോലുള്ള മോഡലുകളും) എപ്പോഴാണ് ഉപയോഗിക്കാൻ തുടങ്ങിയതെന്നും അത് എന്ത് സ്വാധീനം ചെലുത്തുന്നുവെന്നും മനസിലാക്കാൻ അവർ ശ്രമിച്ചു.

ഈ പഠനം എന്താണ് വെളിപ്പെടുത്തിയത്?

ശാസ്ത്രജ്ഞരുടെ ഉൽ‌പാദനക്ഷമത 23 ശതമാനം മുതൽ ഏകദേശം 89% വരെ വർധിപ്പിക്കാൻ എഐക്ക് കഴിയുമെന്ന് ഈ പഠനം വെളിപ്പെടുത്തുന്നു. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവരിലാണ്, പ്രത്യേകിച്ച് ഏഷ്യൻ ഗവേഷകർക്കാണ് എഐയുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിച്ചത്. ഏഷ്യയിൽ നിന്നുള്ള ഗവേഷകർ ഉൽ‌പാദനക്ഷമതയിൽ 43 ശതമാനം മുതൽ 89.3 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. അതേസമയം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ 23 ശതമാനം മുതൽ 46 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തി.

പഠനത്തിലെ ഏറ്റവും പ്രധാനമായും ഞെട്ടിക്കുന്നതുമായ നിരീക്ഷണം എഐ ഉപയോഗിച്ച് എഴുതിയ പ്രബന്ധങ്ങളുടെ ഭാഷ കൂടുതൽ സങ്കീർണ്ണമായി കാണപ്പെടുന്നുണ്ടെങ്കിലും പല പ്രബന്ധങ്ങളും സാങ്കേതികമായും ശാസ്ത്രീയമായും ദുർബലമാണ് എന്നതായിരുന്നു. മുമ്പ് സങ്കീർണ്ണമായ ഭാഷ എന്നാൽ മികച്ച ഗവേഷണം എന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ഈ പഠനം കാണിക്കുന്നത് എഐയുടെ സങ്കീർണ്ണമായ ഭാഷ പലപ്പോഴും ദുർബലമായ ഗവേഷണത്തെ 'മറയ്ക്കുന്നു'എന്നാണ്.

ഗവേഷകർ വൈവിധ്യമാർന്ന സ്രോതസ്സുകൾ ഉദ്ധരിക്കാൻ എഐ കാരണമായി എന്നും പഠനം പറയുന്നു. പുസ്‍തകങ്ങളുടെയും ക്വോട്ട് ചെയ്യുന്ന ലേഖനങ്ങളുടെയും ഉപയോഗം വർദ്ധിച്ചു. ഏകദേശം 12 ശതമാനം ഗവേഷകർ മുമ്പത്തേക്കാൾ കൂടുതൽ പുസ്‍തകകങ്ങൾ പരാമർശിച്ചു. ദൈർഘ്യമേറിയ പഠനഭാഗങ്ങളിൽ നിന്ന് വിവരങ്ങൾ വേർതിരിച്ചെടുക്കാനുള്ള എഐ യുടെ കഴിവ് ഇത് പ്രകടമാക്കുന്നു.

ഭാവിയിലെ വെല്ലുവിളി എന്താണ്?

ഭാവിയിൽ ഗവേഷണത്തിന്‍റെ ഗുണനിലവാരം, ശാസ്ത്രീയ ആശയവിനിമയം, ബൗദ്ധിക കാഠിന്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ എന്നിവയെ വിപുലമായ എഐ സംവിധാനങ്ങൾ വെല്ലുവിളിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഭാവിയിൽ ഇംഗ്ലീഷിൽ പ്രാവീണ്യം അത്ര അത്യാവശ്യമായിരിക്കില്ലെങ്കിലും കൃത്യമായ ഗവേഷണ സ്ഥിരീകരണം, ശക്തമായ വിലയിരുത്തൽ, സമഗ്രമായ അവലോകനം എന്നിവ എക്കാലത്തേക്കാളും നിർണായകമാകുമെന്നും ഗവേഷകർ വാദിക്കുന്നു. സ്പ്രിംഗർ നേച്ചർ, എൽസെവിയർ തുടങ്ങിയ പ്രമുഖ പ്രസാധകർ ഗവേഷണ രചനയിൽ എഐ ഉപയോഗിക്കാൻ അനുവദിക്കുകയും അതിനുള്ള നിയന്ത്രണങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്ന സമയത്താണ് ഈ പുതിയ പഠന റിപ്പോർട്ട് പുറത്തുവരുന്നത് എന്നതാണ് ശ്രദ്ധേയം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചാറ്റ്ജിപിടി ഉപയോഗിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും ശ്രദ്ധയ്‌ക്ക്; പുതിയ നിയമങ്ങൾ അറിയൂ
ഭയാനകം ഗോസ്റ്റ്‌പെയറിംഗ്! ഫോൺ സാധാരണപോലെ പ്രവർത്തിക്കും, പക്ഷേ വാട്‍സ്ആപ്പ് നിങ്ങളെ ചതിക്കും