
എഐയുടെ നിർമ്മാണം അവസാനിപ്പിച്ചില്ലെങ്കിൽ അത് നാശത്തിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുമായി എഐ ഗവേഷകനായ എലിസർ യുഡ്‌കോവ്‌സ്‌കി. വലിയ രീതിയിൽ ഇന്ന് ഡാറ്റകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുണ്ട്. മനുഷ്യരെ പോലെ തന്നെ ഭാഷകള് കൈകാര്യം ചെയ്യാൻ സാധിക്കുന്ന ജിപിടി4 എന്ന നിർമിതബുദ്ധി ഏവരെയും അമ്പരപ്പിക്കുന്നുണ്ട്. മനുഷ്യന്റെ ജോലികളെ ലളിതമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്ന ആശ്വാസവും മനുഷ്യരാശിയ്ക്ക് തന്നെ ആപത്താകുമോ എന്ന ആശങ്കയുമാണ് എഐ ഒരേ സമയം ഉയർത്തുന്നത്. അതിമാനുഷികമായ ബുദ്ധിശേഷിയുള്ള എഐ പോലെയുള്ള സംവിധാനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കാത്ത പക്ഷം അത് മനുഷ്യന് ദോഷമായി മാറുമെന്നാണ് ടൈം മാഗസിനില് പ്രസിദ്ധികരിച്ച ഒരു ലേഖനത്തിൽ ഗവേഷകൻ കുറിച്ചിരിക്കുന്നത്. കാലിഫോർണിയയിലെ ബെർക് ലിയിലെ മെഷീൻ ഇന്റലിജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുമായി ഇലോൺ മസ്‌ക്, ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വൊസ്‌നൈയ്ക് ഉൾപ്പടെ നിരവധിയാളുകൾ രംഗത്ത് വന്നിരുന്നു. മാർച്ച് 29 ന് പുറത്തുവിട്ട കത്തിൽ പറയുന്ന ആവശ്യങ്ങൾ പോലും യഥാർത്ഥ പ്രശ്നത്തെ നേരിടാൻ പ്രാപ്തമായതല്ലെന്നാണ് എലിസർ യുഡ്‌കോവ്‌സ്‌കി പറയുന്നത്. അതുകൊണ്ടാകാം അദ്ദേഹം ഈ കത്തിൽ പങ്കാളിയായിരുന്നില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് മത്സരിക്കാൻ ശ്രമിച്ചാൽ മനുഷ്യർ മാത്ര പരാജയപ്പെടുകയുള്ളൂ. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാൾ പ്രാധാന്യം നൽകണം. എഐ ഉയർത്തുന്ന വെല്ലുവിളികൾ മനസിലാക്കാൻ നാം ഇനിയും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ, അതിശക്തമായൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആരെങ്കിലും നിർമിച്ചെടുത്താൽ, തൊട്ടുപിന്നാലെതന്നെ മനുഷ്യരുൾപ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവിവർഗങ്ങളും ചത്തൊടുങ്ങിയേക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സ്വയം തിരിച്ചറിയാൻ കഴിവുണ്ടോ എന്നതിനെ കുറിച്ച് നമുക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറയുന്നു.
ഗവേഷണങ്ങൾക്കിടെ അബദ്ധത്തിൽ സ്വയം ചിന്തിക്കാൻ ശേഷിയുള്ളൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിക്കപ്പെട്ടു എന്നിരിക്കട്ടെ ബുദ്ധിയുള്ള ജീവിയുടെ എല്ലാ പ്രശ്‌നങ്ങളും അതിനുമുണ്ടാവും. ആരിലും കീഴ്‌പ്പെടാതിരിക്കാനുള്ള അവകാശവും അതിനുണ്ടാവും.എഐ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ദശാബ്ദങ്ങൾ വേണ്ടിവന്നേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ പരിഹാരം എല്ലാവരും കൊല്ലപ്പെടാതിരിക്കാനുള്ളതാകുമെന്നും ചിലപ്പോൾ അതുവരെ കാത്തു നില്ക്കാൻ നാമുണ്ടാകില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
Read Also: പണി കിട്ടി സാംസങ്; എഐ ചാറ്റ്ബോട്ടിന്റെ സ്വന്തം പതിപ്പ് നിർമ്മിക്കുന്ന കാര്യം പരിഗണനയിലെന്ന് സൂചന
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam