
കാലിഫോര്‍ണിയ: സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ ദൈനംദിന ജോലിയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗം സ്വാഭാവികമായും കൂടി വരികയാണ്. കോഡിംഗില്‍ എഐയ്ക്ക് എത്രത്തോളം റോളുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആമസോണിലെ ഒരു വനിതാ എഞ്ചിനീയർ. ആനി ചെൻ എന്ന ഈ എഞ്ചിനീയറെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിൽ എഐ സാങ്കേതികവിദ്യ പലരും കരുതുന്നതിലുമേറെ പങ്ക് വഹിക്കുന്നു. ഇന്ന് താൻ തയ്യാറാക്കുന്ന കോഡിന്‍റെ ഏകദേശം 95 ശതമാനവും എഐ ടൂളുകളുടെ സഹായത്തോടെയാണ് സൃഷ്‌ടിക്കുന്നതെന്നും എഐ തന്നെയാണ് തന്‍റെ കരിയർ വളർച്ചയ്ക്ക് സഹായിച്ചതെന്നും ആനി ചെൻ വ്യക്തമാക്കുന്നതായി ബിസിനസ് ഇൻസൈഡറിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
2022-ൽ എൻട്രി-ലെവൽ പോസ്റ്റായ സോഫ്റ്റ്‍വെയർ എഞ്ചിനീയർ ഗ്രേഡ് I ആയിട്ടാണ് ചെൻ ആമസോണിൽ ചേര്‍ന്നത്. ഉപഭോക്താക്കൾക്ക് പ്രൊഡക്‌ട് നിർദ്ദേശങ്ങൾ നൽകുന്ന റെക്കമെൻഡേഷൻ സിസ്റ്റംസ് വികസിപ്പിക്കുന്ന ടീമിലായിരുന്നു ചെന്നിന്‍റെ ആദ്യകാല ജോലി. ചാറ്റ്‍ജിപിടി പോലുള്ള ജനറേറ്റീവ് എഐ സംവിധാനങ്ങളും ക്ലോഡ് എഐ പോലുള്ള ടൂളുകളും ലോകമെമ്പാടും ശ്രദ്ധ നേടാൻ തുടങ്ങിയ സമയമായിരുന്നു അത്. ഈ സാങ്കേതികവിദ്യകൾ ജോലിയിൽ പരീക്ഷിച്ചു തുടങ്ങിയത് പിന്നീട് തന്‍റെ പ്രവൃത്തനരീതിയെ തന്നെ മാറ്റിമറിച്ചതായും ചെൻ പറയുന്നു.
കോഡിംഗില്‍ തുടക്കത്തില്‍ ചെറിയ പരീക്ഷണങ്ങളായി തുടങ്ങിയ എഐ ഉപയോഗം പിന്നീട് അവളുടെ സ്ഥിരമായ ജോലിയുടെ ഭാഗമായി. ആദ്യകാലങ്ങളിൽ പ്രശ്‍നങ്ങളും സംശയങ്ങളും വന്നപ്പോൾ മാത്രമായിരുന്നു എഐ ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് ഏത് ജോലിയും തുടങ്ങുമ്പോൾ ആദ്യം തന്നെ എഐയോട് സഹായം തേടുക എന്ന രീതിയിലേക്ക് മാറി. ഈ എഐ ഉപയോഗം കോഡ് എഴുതുന്നത് വേഗത്തിലാക്കുന്നതിൽ മാത്രമല്ല സഹായിച്ചതെന്നും ചെൻ പറയുന്നു. എഐ നൽകുന്ന നിർദേശങ്ങൾക്ക് യഥാർഥ ഉൽപ്പന്നങ്ങളാക്കി മാറാനുള്ള കഴിവ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. “എഐ കോഡ് എഴുതാൻ സഹായിച്ചു. എന്നാൽ അതിനേക്കാൾ പ്രധാനമായി, അത് യഥാർത്ഥ പ്രൊഡക്‌ടുകളാക്കി മാറ്റാൻ സഹായിച്ചു,” ആനി ചെൻ പറയുന്നു.
എഐ ഉപയോഗിച്ചുള്ള ഈ തൊഴിൽ സമീപനം ആനിയുടെ കരിയറിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കി. റെക്കമെൻഡേഷൻ ടീമിൽ നിന്ന് അവർക്ക് സോഫ്റ്റ്‍വെയർ എഞ്ചിനീയർ II ആയി പ്രമോഷൻ ലഭിച്ചു. പിന്നീട് എഐ കേന്ദ്രീകരിച്ചുള്ള പുതിയ ടീമിലേക്ക് മാറിയ ശേഷം വീണ്ടും പ്രമോഷൻ നേടി സീനിയർ എഞ്ചിനീയർ ആയി. ഇപ്പോൾ വലിയ ഭാഷാ മോഡലുകൾ (എൽഎൽഎം) ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൊഡക്ഷൻ സിസ്റ്റംസ് വികസിപ്പിക്കുന്നതിലാണ് ആനി ചെൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആമസോൺ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത ജെനറേറ്റീവ് എഐ അനുഭവങ്ങൾ നൽകുന്ന സംവിധാനങ്ങളാണ് ഈ ടീമിന്‍റെ പ്രധാന ലക്ഷ്യം.
എന്നാൽ എഐ വലിയ സഹായം ചെയ്യുന്നുവെങ്കിലും, എഞ്ചിനീയർമാർ അവരുടെ കോഡ് പൂർണ്ണമായി മനസിലാക്കേണ്ടത് നിർബന്ധമാണെന്ന് ആനി ചെൻ മുന്നറിയിപ്പ് നൽകുന്നു. എഐ എഴുതിയ കോഡിനും പൂർണ ഉത്തരവാദിത്വം ഡെവലപ്പർക്ക് തന്നെ ആയിരിക്കും എന്നും അവർ വ്യക്തമാക്കുന്നു. എന്തെങ്കിലും തകരാറുണ്ടായാൽ ഡെവലപ്പർമാർക്ക് എഐയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ആനി ചെൻ മുന്നറിയിപ്പ് നൽകുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam