
മുംബൈ: രാജ്യത്തെ മുൻനിര ടെലിക്കോം സേവനദാതാക്കളിലൊരാളായ ഭാരതി എയർടെൽ 399 രൂപ, 499 രൂപ നിരക്കിലുള്ള പ്രീപെയ്‌ഡ് റീചാർജ് പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തി. മുമ്പ് ഈ രണ്ട് റീചാര്‍ജ് പ്ലാനുകൾക്കും നിശ്ചിത ഡാറ്റാ പരിധിയുണ്ടായിരുന്നുവെങ്കിലും, പുതിയ മാറ്റം അനുസരിച്ച് ഇനി ഇവയിൽ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ ലഭ്യമാകും. എങ്കിലും, ഈ അൺലിമിറ്റഡ് ഡാറ്റയ്ക്ക് ഫെയർ യൂസേജ് പോളിസി (FUP) ബാധകമായിരിക്കും. ഉപഭോക്താവ് 300 ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം ഇന്‍റർനെറ്റ് വേഗത ഏകദേശം 1 എംബിപിഎസ് ആയി കുറയ്ക്കപ്പെടും.
ഇരു റീചാര്‍ജ് പ്ലാനുകൾക്കും 28 ദിവസത്തെ വാലിഡിറ്റിയാണ് എയർടെൽ നൽകുന്നത്. എന്നാൽ ശ്രദ്ധേയമായ കാര്യം, ഫെയർ യൂസേജ് പോളിസി കണക്കാക്കുന്നത് 30 ദിവസത്തെ അടിസ്ഥാനത്തിലാണ് എന്നതാണ്. അതായത്, 300GB ഡാറ്റാ പരിധി 28 ദിവസത്തിനല്ല, 30 ദിവസത്തിനുള്ള ഉപയോഗം കണക്കാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ മാറ്റം ഉയർന്ന ഡാറ്റ ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് ഗുണകരമായേക്കുമെന്നാണ് വിലയിരുത്തൽ. എയര്‍ടെല്ലിന്‍റെ ഇരു റീചാര്‍ജ് പ്ലാനുകളെയും കുറിച്ച് വിശദമായി അറിയാം.
399 രൂപ വിലയുള്ള പ്രീപെയ്‌ഡ് പ്ലാനിൽ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്‍ടിഡി വോയിസ് കോളുകൾ, ദിവസേന 100 എസ്എംഎസ്, 28 ദിവസത്തേക്ക് 4ജി, 5ജി നെറ്റ്‌വർക്കുകളിലുടനീളം അൺലിമിറ്റഡ് ഡാറ്റ എന്നിവ ഭാരതി എയര്‍ടെല്‍ നല്‍കുന്നു. ഇതിന് പുറമെ എയർടെൽ എക്‌സ്‌ട്രീം പ്ലേ ആക്‌സസ്, 12 മാസത്തേക്കുള്ള അഡോബ് എക്‌സ്‌പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, സൗജന്യ ഹലോ ട്യൂൺ സേവനം തുടങ്ങിയവയും ലഭ്യമാണ്. സ്‌പാം കോളുകളും സന്ദേശങ്ങളും കണ്ടെത്തുന്നതിനായി റിയൽ ടൈം അലർട്ടുകളോടെ എയർടെലിന്‍റെ സ്‌പാം-ഫൈറ്റിംഗ് നെറ്റ്‌വർക്കും 399 രൂപ റീചാര്‍ജ് പ്ലാനിന്‍റെ ഭാഗമാണ്.
449 രൂപ മുതല്‍മുടക്ക് വരുന്ന റീചാര്‍ജ് പ്ലാൻ കൂടുതൽ ഡിജിറ്റൽ ആനുകൂല്യങ്ങളോടെയാണ് എത്തുന്നത്. അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസും 28 ദിവസത്തെ വാലിഡിറ്റിയും ഇതിലുണ്ട്. 5ജി കവറേജ് ലഭ്യമായ പ്രദേശങ്ങളിൽ അടിസ്ഥാന ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് 5ജി ഡാറ്റയും, അൺലിമിറ്റഡ് 4ജി ഡാറ്റയും ലഭ്യമാകും. കൂടാതെ സോണി ലിവ് ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ എയർടെൽ എക്‌സ്‌ട്രീം പ്ലേ മുഖേന ലഭിക്കും. 28 ദിവസത്തേക്ക് ജിയോഹോട്ടസ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷന്‍, 30 ജിബി ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജ്, ആറ് മാസത്തേക്കുള്ള ആപ്പിൾ മ്യൂസിക്, 12 മാസത്തേക്കുള്ള അഡോബ് എക്‌സ്‌പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്‍, സൗജന്യ ഹലോ ട്യൂൺ, സ്‌പാം കോളുകൾക്കും എസ്എംഎസിനുമുള്ള സ്‌പാം ഫൈറ്റിംഗ് നെറ്റ്‌വർക്ക് ലൈവ് അലേർട്ടുകൾ തുടങ്ങിയവയും ഉപഭോക്താക്കൾക്ക് ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam