
ദില്ലി: ഇന്ത്യയിലെ ഡിജിറ്റൽ ജീവിതത്തിന്‍റെ അവിഭാജ്യഘടകമായി മാറിയ ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഇപ്പോൾ വലിയൊരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. കുടുംബസംവാദങ്ങൾ മുതൽ ഔദ്യോഗിക അറിയിപ്പുകൾക്കും വ്യാപാര ഇടപാടുകൾക്കുമൊക്കെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാട്‌സ്ആപ്പിനെതിരെ സുപ്രീംകോടതി സ്വീകരിച്ച കടുത്ത നിലപാടാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യൻ ഭരണഘടനയെഅനുസരിക്കാൻ കഴിയില്ലെങ്കിൽ വാട്‌സ്ആപ്പിന് ഇന്ത്യ വിടാം എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ പരാമർശം വലിയ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ.
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) പിഴ ചുമത്തിയ കേസിൽ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് വാട്‌സ്ആപ്പിനും മാതൃ കമ്പനിയായ മെറ്റയ്ക്കും സുപ്രീം കോടതി വ്യക്തമായ മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതാ അവകാശങ്ങളിൽ ഒരു കമ്പനിക്കും ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സ്വകാര്യതാ അവകാശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് ഇന്ത്യ വിടാനുള്ള ഓപ്ഷൻ ഉണ്ടെന്ന് പോലും കോടതി വ്യക്തമാക്കി.
പ്രശ്‍നങ്ങളുടെ തുടക്കം ഇങ്ങനെ
2021-ൽ വാട്‌സ്ആപ്പ് അവതരിപ്പിച്ച സ്വകാര്യതാ നയമാണ് ഈ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളുമായി ഉപയോക്തൃ ഡാറ്റ പങ്കുവെക്കാമെന്ന വ്യവസ്ഥയാണ് ആശങ്കയ്ക്ക് കാരണമായത്. ഈ നയം അംഗീകരിക്കുകയോ അല്ലെങ്കിൽ അക്കൗണ്ട് ഇല്ലാതാക്കുകയോ ചെയ്യുക എന്നതായിരുന്നു ഉപയോക്താക്കൾക്ക് മുന്നിലുള്ള ഏക മാർഗം. അതായത് ഡാറ്റാ ഷെയറിംഗിൽ നിന്ന് ഒഴിവാകാൻ വ്യക്തമായ അവസരം കമ്പനി നൽകിയില്ല. സുഹൃത്തുക്കളും കുടുംബവും തമ്മിലുള്ള ചാറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനിൽ സുരക്ഷിതമാണെന്ന് വാട്‌സ്ആപ്പ് വിശദീകരിക്കുന്നു. പക്ഷേ ബിസിനസ് അക്കൗണ്ടുകളുമായി പങ്കുവെക്കുന്ന വിവരങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന വസ്‍തുത ആശങ്കകൾക്ക് ഇടയാക്കി.
ഈ വിഷയത്തിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) വാട്‌സ്ആപ്പിന് 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരായ അപ്പീലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ എത്തിയത്. ഈ അപ്പീലിന്മേലുള്ള വാദത്തിനിടയിലാണ് ഭരണഘടന പാലിക്കാൻ കഴിയില്ലെങ്കിൽ വാട്‌സ്ആപ്പിന് ഇന്ത്യ വിടാം എന്ന പരാമർശം ഉൾപ്പെടെ കോടതി നടത്തിയത്.
വാദം കേൾക്കുന്നതിനിടെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അസാധാരണമാംവിധം ശക്തമായ നിലപാട് സ്വീകരിച്ചു. ഉപയോക്താക്കൾക്ക് "എടുക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക" എന്ന സാഹചര്യം അവശേഷിക്കുമ്പോൾ സമ്മതം എങ്ങനെ യഥാർഥമാകുമെന്ന് കോടതി ചോദിച്ചു. വാട്‌സ്ആപ്പിന്‍റെത് 'നിർമിത സമ്മതമാണ്' എന്ന് ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‍ചി നിരീക്ഷിച്ചു. ഇവിടെ ഉപയോക്താക്കൾക്ക് യഥാർഥ തിരഞ്ഞെടുപ്പ് ഇല്ലെന്നും കോടതി വ്യക്തമാക്കി.
ഉപയോക്തൃ ഡാറ്റ പങ്കുവെക്കില്ലെന്ന് ഉറപ്പ് നൽകുന്ന സത്യവാങ്മൂലം ഫെബ്രുവരി ഒമ്പതിനകം സമർപ്പിക്കണമെന്ന് മെറ്റയോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ അപ്പീൽ തള്ളാൻ സാധ്യതയുണ്ട്. വാട്‌സ്ആപ്പ് ഇന്ത്യ വിടാനുള്ള സാധ്യത കുറവാണെങ്കിലും ഇന്ത്യൻ ഭരണഘടനയും സ്വകാര്യതാവകാശവും അനുസരിച്ചേ പ്രവർത്തിക്കാൻ കഴിയൂ എന്നതാണ് കോടതിയുടെ വ്യക്തമായ സന്ദേശം. ഉപയോക്തൃ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന ഒരു നിർണായക വഴിത്തിരിവായി ഈ കേസ് മാറിയേക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam