ബഹിരാകാശത്ത് മറ്റൊരു ഭൂമിയോ? അതിശയ ഗ്രഹം കണ്ടെത്തി ഗവേഷകർ, 146 പ്രകാശവർഷം അകലം

Published : Feb 04, 2026, 01:21 PM IST
Planet HD 137010 b

Synopsis

സൂര്യനെപ്പോലുള്ള ഒരു നക്ഷത്രത്തെ ചുറ്റി സഞ്ചരിക്കുന്നതും ഭൂമിയുടെ ആറ് മടങ്ങ് വലിപ്പമുള്ളതുമാണ് HD 137010 b ഗ്രഹം എന്ന് ഗവേഷകര്‍ പറയുന്നു. HD 137010 b എന്നാണ് ഈ പുതിയ ഗ്രഹത്തിന്‍റെ പേര്. 

ക്വീന്‍സ്‌ലന്‍ഡ്: ഭൂമിയോട് സാമ്യമുള്ളതും ഒരുപക്ഷേ വാസയോഗ്യത ഉണ്ടായേക്കാവുന്നതുമായ ഒരു പുതിയ ഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. ജ്യോതിശാസ്ത്രജ്ഞര്‍ HD 137010 b എന്ന് പേരിട്ട് വിളിക്കുന്ന ഈ ഗ്രഹം ഭൂമിയില്‍ നിന്ന് ഏകദേശം 146 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രഹം ഭൂമിയെക്കാൾ ഏകദേശം ആറ് ശതമാനം വലിപ്പം കൂടിയതും, സൂര്യനെപ്പോലുള്ള ഒരു നക്ഷത്രത്തെ ചുറ്റി സഞ്ചരിക്കുന്നതും ആണെന്ന് ഗവേഷകർ പറയുന്നു. ഓസ്‌ട്രേലിയ, ബ്രിട്ടൻ, യുഎസ്, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ സുപ്രധാന കണ്ടെത്തൽ നടത്തിയത്. നാസയുടെ കെപ്ലർ സ്പേസ് ടെലിസ്കോപ്പിന്‍റെ ദീർഘദൗത്യമായ K2 വഴി 2017-ൽ ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ഗ്രഹത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ ഗ്രഹത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ട് അടുത്തിടെ ദ അസ്‍ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സ് എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.

HD 137010 b ഒരു സൂപ്പർ സ്‍നോബോൾ ആവാം

നമ്മുടെ സൂര്യനെ പോലെ തന്നെയുള്ള ഒരു നക്ഷത്രത്തെ ചുറ്റിയാണ് HD 137010 b ഭ്രമണം ചെയ്യുന്നത്. ഭൂമിയെക്കാൾ ആറ് ശതമാനം വലിപ്പം ഈ ഗ്രഹത്തിന് കൂടുതലുണ്ട്. അതേസമയം, HD 137010 b ഗ്രഹത്തിന്‍റെ ഭ്രമണകാലം 355 ദിവസം മാത്രമാണെന്ന് ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സൗതേൺ ക്വിൻസ്‌ലാൻഡിലെ ഗവേഷകയായ ഡോ ചെൽസി ഹുവാങ് പറയുന്നു. അതായത് ഭൂമിയിലെ ഒരു വർഷത്തേക്കാൾ വെറും പത്ത് ദിവസം കുറവ്. കേന്ദ്രനക്ഷത്രം നമ്മുടെ സൂര്യനോട് സാമ്യമുള്ളതാണെങ്കിലും ഏകദേശം 1,000 ഡിഗ്രി സെൽഷ്യസ് കുറവ് താപനിലയാണ് ഈ ഗ്രഹത്തിൽ അനുഭവപ്പെടുന്നത് എന്നാണ് പഠനം പറയുന്നത്. ഇതിനാൽ ഗ്രഹത്തിലെ ഊർജസ്വീകാര്യത ഭൂമിയേക്കാൾ മൂന്നിലൊന്നിൽ താഴെയാണ്. ഇതിന്‍റെ ഫലമായി, HD 137010 b-യിലെ ഉപരിതല താപനില മൈനസ് 68 മുതൽ മൈനസ് 70 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

എങ്കിലും ഈ ഗ്രഹത്തെ പൂർണ്ണമായി സ്ഥിരീകരിക്കാൻ കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമാണെന്ന് സ്വിൻബേൺ സർവകലാശാലയിലെ ആസ്ട്രോഫിസിസിസ്റ്റായ ഡോ സാറ വെബ് വ്യക്തമാക്കുന്നു. ഇത് ഭൂമിയെപ്പോലുള്ള ഒരു ഗ്രഹമാകാമെങ്കിലും, മുഴുവനായും മഞ്ഞുകെട്ടിയ 'സൂപ്പർ സ്നോബോൾ' ഗ്രഹമാകാനുള്ള സാധ്യതയും നിലനിൽക്കുന്നുവെന്നാണ് വിലയിരുത്തൽ.

HD 137010 b ഗ്രഹത്തെ എങ്ങനെയാണ് കണ്ടെത്തിയത്?

വലിയ നിരീക്ഷണകേന്ദ്രങ്ങളല്ല, മറിച്ച് പ്ലാനെറ്റ് ഹണ്ടേവ്സ് എന്ന സിറ്റിസൺ സയൻസ് പദ്ധതിയിലൂടെയാണ് HD 137010 b ഗ്രഹത്തിന്‍റെ കണ്ടെത്തലിനെ കുറിച്ചുള്ള ആദ്യ സൂചനകൾ ലഭിച്ചത്. ഡോ. അലക്‌സാണ്ടർ വീനർ ഉൾപ്പെടെയുള്ള പൗര ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് അതിന്‍റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്തിയത്. പ്ലാനറ്റ് ഹണ്ടേഴ്‌സ് പ്രോജക്റ്റിലൂടെ ഡോ. അലക്സാണ്ടർ വെന്നർ ഗ്രഹത്തിന്‍റെ മങ്ങിയ സിഗ്നൽ തിരിച്ചറിഞ്ഞു. അന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം എന്നതാണ് ഏറെ ശ്രദ്ധേയം. പിന്നീട് ഇതേ വിഷയത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയ അദേഹം ഈ ചരിത്രപരമായ ഗവേഷണ പ്രബന്ധത്തിന്‍റെ മുഖ്യ രചയിതാവായി മാറി. വിദ്യാർഥിയായിരിക്കെ തുടങ്ങിയ ഈ ശ്രമം പിന്നീട് ഒരു പ്രധാന ശാസ്ത്രീയ കണ്ടെത്തലിലേക്ക് എത്തിയത് അതിശയകരമാണ് എന്ന് ഡോ. അലക്സാണ്ടർ വെന്നർ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജൻ ചോർച്ച കണ്ടെത്തി, ചന്ദ്രനിലേക്കുള്ള മനുഷ്യന്‍റെ മടക്കയാത്ര വൈകും; ആർട്ടിമിസ് 2 വിക്ഷേപണം നീട്ടി
ജീവന്‍റെ പിറവിയെക്കുറിച്ച് പുതിയ സൂചനകൾ, ബഹിരാകാശത്ത് അതിശയ തന്മാത്ര കണ്ടെത്തി ഗവേഷകർ