ജിയോ വെല്ലുവിളി നേരിടാന്‍ 135 എംബിപിഎസ് വേഗതയുള്ള ഡാറ്റയുമായി എയര്‍ടെല്‍

By Web DeskFirst Published Sep 1, 2016, 11:56 AM IST
Highlights

ടെലികോം സേവനരംഗത്തേക്കുള്ള റിലയന്‍സ് ജിയോയുടെ വരവ് ഇന്ത്യയില്‍ ശക്തമായ മല്‍സരത്തിന് കളമൊരുങ്ങുകയാണ്. ജിയോയെ നേരിടാന്‍ മറ്റു സേവനദാതാക്കള്‍ ആകര്‍ഷകമായ ഓഫറുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിവേഗ 4ജി സേവനവുമായാണ് ഭാരതി എയര്‍ടെലിന്റെ വരവ്. 135 എംബിപിഎസ് വേഗമുള്ള 4ജി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. മുംബൈയിലാണ് തുടക്കത്തില്‍ ഈ വേഗതയില്‍ 4ജി നെറ്റ്‌വര്‍ക്ക് ലഭിക്കുകയെന്നും എയര്‍ടെല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇനിമുതല്‍ മുംബൈയില്‍ എയര്‍ടെല്‍ ഇന്റര്‍നെറ്റിന്റെ വേഗം കുതിച്ചുയരുകയും, കൂടുതല്‍ സ്ഥലങ്ങളില്‍ നെറ്റ്‌വര്‍ക്ക് കവറേജ് ലഭിക്കുകയും ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം. വൈകാതെ രാജ്യത്തെ മറ്റു ഭാഗങ്ങളിലേക്കും ഉയര്‍ന്ന വേഗതയുള്ള 4ജി ഡാറ്റ ലഭ്യമാക്കുമെന്നും എയര്‍ടെല്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2015 മെയ് മുതലാണ് എയര്‍ടെല്‍ മുംബൈയില്‍ 4ജി സേവനം ആരംഭിക്കുന്നത്. അതേസമയം കേരളത്തില്‍ ഉയര്‍ന്ന വേഗതയിലുള്ള 4ജി ഡാറ്റ 2016 ഫെബ്രുവരി മുതല്‍ എയര്‍ടെല്‍ നല്‍കുന്നുണ്ട്. സാംസങ് ഗ്യാലക്‌സി നോട്ട് 5, മോട്ടോ ജി3 ഫോണുകളിലാണ് കേരളത്തില്‍ ഉയര്‍ന്നവേഗമുള്ള 4ജി ഡാറ്റ എയര്‍ടെല്‍ ആദ്യം ലഭ്യമാക്കിയത്.
 
പരിധിയില്ലാത്ത സൗജന്യ ഡാറ്റയും കോളുമായാണ് റിലയന്‍സ് ജിയോ രംഗപ്രവേശം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് എയര്‍ടെലും വൊഡാഫോണും ഐഡിയയുമൊക്കെ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ തയ്യാറാകുന്നത്. ഇതോടെ ഇന്ത്യന്‍ ടെലികോം രംഗത്തെ മല്‍സരം ശക്തമായിരിക്കുകയാണ്.

click me!