
തിരുവനന്തപുരം: രാജ്യത്ത് ടെലികോം, ഇന്‍റര്‍നെറ്റ് സേവന രംഗത്തെ മത്സരം മുറുകുന്നതിനിടെ 1200ല്‍ അധികം നഗരങ്ങളില്‍ അതിവേഗത്തിലുള്ള വൈഫൈ സേവനം ലഭ്യമാക്കിയതായി എയര്‍ടെല്ലിന്‍റെ പ്രഖ്യാപനം. എയര്‍ടെല്‍ വരിക്കാര്‍ക്കുള്ള കത്തില്‍ ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റലാണ് ഇക്കാര്യം അറിയിച്ചത്.
എയര്‍ടെല്‍ വൈഫൈക്ക് പരിമിതമായ ലഭ്യതാ പ്രശ്‌നം നാളുകളായുണ്ടായിരുന്നു. എന്നാലിത് പരിഹരിച്ച് ഇപ്പോള്‍ 1200ലധികം നഗരങ്ങളില്‍ ഹൈസ്‌പീഡ് വൈഫൈ സേവനം ലഭ്യമാക്കിയിരിക്കുന്നു. ഇത്തരം അതിവേഗ വൈഫൈകള്‍ ഇക്കാലത്ത് വീടുകളിലും ജോലിക്കും അനിവാര്യമാണ്. അതിവേഗ വൈഫൈ ലഭ്യമാക്കിയതോടെ എയര്‍ടെല്‍ വൈഫൈ വരിക്കാര്‍ക്ക് അവരുടെ പ്ലാനിലുള്ള ടിവി ഷോകളും സിനിമകളും വെബ് സീരീസുകളും 22ല്‍ അധികം ഒടിടികളിലും 350ല്‍ അധികം ടിവി ചാനലുകളിലും കൂടി ലഭിക്കുമെന്നും കത്തില്‍ ഗോപാല്‍ വിറ്റല്‍ അറിയിച്ചു.
കൂടാതെ മറ്റൊരു പ്രഖ്യാപനവും ഗോപാല്‍ വിറ്റല്‍ നടത്തിയിട്ടുണ്ട്. പുതിയൊരു എയര്‍ടെല്‍ സേവനമെടുക്കുമ്പോള്‍ അടിസ്ഥാന പ്ലാനിനേക്കാള്‍ അധികം മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് വരിക്കാര്‍ക്കുള്ള കത്തില്‍ എയര്‍ടെല്‍ സിഇഒയുടെ വാഗ്‌ദാനം. മൊബൈല്‍, കണ്ടന്‍റ്, വൈഫൈ സേവനങ്ങള്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ് എന്ന് എയര്‍ടെല്‍ പറയുന്നു.
അടുത്തിടെ റിലയന്‍സ് ജിയോയ്‌ക്ക് പിന്നാലെ എയര്‍ടെല്ലും മൊബൈല്‍ താരീഫ് നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ 21 ശതമാനം വരെയാണ് എയര്‍ടെല്‍ വർധിപ്പിച്ചത്. രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡല്‍ സൃഷ്ടിക്കുന്നതിനും സ്‌പെക്ട്രം അടക്കമുള്ള സാങ്കേതികസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താരിഫുകള്‍ ഉയര്‍ത്തിയത് എന്നാണ് പിന്നാലെ എയര്‍ടെല്‍ വിശദീകരിച്ചത്. നിരക്ക് വര്‍ധന ജൂലൈ മൂന്ന് മുതൽ നിലവിൽ വന്നിരുന്നു.
Read more: ജിയോയ്‌ക്ക് പിന്നാലെ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതെന്തിന്; വിശദീകരണവുമായി എയര്‍ടെല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം