സോഷ്യൽ മീഡിയയിൽ വൈറലായ പുതിയ എഐ കാരിക്കേച്ചർ ട്രെൻഡ് വലിയ സൈബർ സുരക്ഷാ ഭീഷണികൾ ഉയർത്തുന്നു. ഉപയോക്താക്കൾ പങ്കുവെക്കുന്ന വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും ഉപയോഗിച്ച് ഡിജിറ്റൽ തട്ടിപ്പുകൾ നടത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു പുതിയ ട്രെൻഡ് സൈബർ സുരക്ഷാ വിദഗ്ധരുടെ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. ഉപയോക്താക്കൾ അവരുടെ വ്യക്തിഗത ഫോട്ടോ പങ്കുവെച്ച് എഐ ടൂളുകളോട് അവരുടെ ജീവിതം, ജോലി, കൂടാതെ എഐയ്ക്ക് "എന്നെക്കുറിച്ച് അറിയാവുന്ന എല്ലാം” (everything you know about me) അടിസ്ഥാനമാക്കി ഒരു കാരിക്കേച്ചർ അല്ലെങ്കിൽ ആനിമേറ്റഡ് ചിത്രം സൃഷ്ടിക്കാൻ ആവശ്യപ്പെടുന്ന പ്രവണതയാണ് ഇപ്പോൾ വ്യാപകമാകുന്നത്. ഓഫീസിൽ ജോലി ചെയ്യുന്ന രീതിയിൽ, കുടുംബത്തോടൊപ്പം, അല്ലെങ്കിൽ അവരുടെ തൊഴിൽ പ്രതിനിധീകരിക്കുന്ന രീതിയിൽ സൃഷ്‍ടിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാം, ഫേസ്‍ബുക്ക്, ലിങ്ക്ഡ് ഇൻ, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വലിയ പ്രചാരമാണ് നേടുന്നത്.
വൈറലായ കാരിക്കേച്ചർ ട്രെന്‍ഡ്
എന്നാൽ ഈ ട്രെൻഡ് വിനോദകരമെന്നു തോന്നിയാലും ഇത് വ്യക്തിഗത വിവരങ്ങൾ പുറത്താകാനും അതിലൂടെ ഡിജിറ്റൽ തട്ടിപ്പുകൾക്ക് വഴിയൊരുക്കാനും സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാസ്‌പെർസ്‌കിയിലെ ഏഷ്യാ പസഫിക് മാനേജിംഗ് ഡയറക്ടർ അഡ്രിയാൻ ഹിയ പറയുന്നത് ഈ രീതിയിലുള്ള എഐ അഭ്യർഥനകൾ സാധാരണ ഫോട്ടോ ഫിൽറ്ററുകളെപ്പോലെ അല്ല പ്രവർത്തിക്കുന്നത് എന്നാണ്. കൂടുതൽ കൃത്യതയുള്ള ചിത്രം സൃഷ്‍ടിക്കാൻ ഉപയോക്താക്കൾ അവരുടെ പ്രൊഫൈലുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ എഐയ്ക്ക് ലഭ്യമാക്കുന്നു.
ഒരു ഫോട്ടോ ഒരാളുടെ മുഖം, ഏകദേശ വയസ്, വംശപരമായ വിവരങ്ങൾ, പിന്നിലെ പശ്ചാത്തലത്തിലൂടെ വീട് അല്ലെങ്കിൽ ജോലി സ്ഥലം എന്നിവയെക്കുറിച്ച് സൂചനകൾ നൽകാൻ സാധ്യതയുണ്ട്. അതിന് പുറമെ പേര്, ജോലി, കമ്പനി, നഗരം, ഹോബികൾ, കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ ചേർന്നാൽ, എഐക്ക് ഒരു സമ്പൂർണ്ണ ഡിജിറ്റൽ പ്രൊഫൈൽ തന്നെ സൃഷ്‍ടിക്കാൻ സാധിക്കും.
ഈ വിവരങ്ങൾ തട്ടിപ്പുകാർക്ക് വലിയ സഹായമാകും എന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നത്. ഒരാളുടെ ഫോട്ടോയും ജോലി വിവരങ്ങളും ലഭിച്ചാൽ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ സൃഷ്‍ടിക്കാനും കമ്പനിയിലെ സഹപ്രവർത്തകർക്ക് വ്യാജ ഇമെയിലുകൾ അയയ്ക്കാനും തട്ടിപ്പുകാർക്ക് സാധിക്കും. ചിലപ്പോൾ കുടുംബാംഗങ്ങളെ ലക്ഷ്യമാക്കി 'അപകടം സംഭവിച്ചു' പോലുള്ള അടിയന്തര സന്ദേശങ്ങൾ അയച്ച് സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന തട്ടിപ്പുകളും നടത്താം. ഇതിനൊപ്പം എഐ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾ നൽകുന്ന ഫോട്ടോ, ടെക്സ്റ്റ് നിർദ്ദേശങ്ങൾ, ഉപയോഗ ചരിത്രം, ഐപി വിലാസം, ഉപകരണ വിവരങ്ങൾ എന്നിവയും ചില പ്ലാറ്റ്ഫോമുകൾ സംഭരിച്ചേക്കാം. ഈ ഡാറ്റ പിന്നീട് സേവനം മെച്ചപ്പെടുത്താനോ എഐ പരിശീലിപ്പിക്കാനോ ഉപയോഗിക്കപ്പെടാം.
അതുകൊണ്ടുതന്നെ ഇത്തരം ട്രെൻഡുകളിൽ പങ്കെടുക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് പരമാവധി കുറയ്ക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. കമ്പനി ലോഗോ, ഐഡി കാർഡ്, വിലാസം, കൃത്യമായ സ്ഥലം തുടങ്ങിയ തിരിച്ചറിയൽ വിവരങ്ങൾ കാണുന്ന ഫോട്ടോകൾ അപ്‌ലോഡ് ചെയ്യരുത്. കൂടാതെ "എന്നെക്കുറിച്ച് അറിയാവുന്ന എല്ലാം” (“everything you know about me”) പോലുള്ള നിർദ്ദേശങ്ങൾ എഐയ്ക്ക് നൽകുന്നതും ഒഴിവാക്കണം. ഡിജിറ്റൽ ലോകം അതിവേഗത്തിൽ മാറുന്ന സാഹചര്യത്തിൽ, സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം വളരെ പ്രധാനമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ചെറിയൊരു വിനോദമായി തോന്നുന്ന ട്രെൻഡുകൾ പോലും ചിലപ്പോൾ വലിയ സുരക്ഷാ അപകടങ്ങൾക്ക് കാരണമാകാം.


