സ്വാഭാവികമായ മാറ്റമാണോ മൊബൈല്‍ റീച്ചാര്‍ജ് പ്ലാനുകളുടെ തുകയില്‍ വന്നിരിക്കുന്നത്?

ദില്ലി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ വിളിയും ഡാറ്റ ഉപയോഗവും ചിലവേറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മൊബൈല്‍ റീച്ചാര്‍ജ് താരിഫ് നിരക്കുകള്‍ ഇന്നലെ ജിയോ കൂട്ടിയതിന് പിന്നാലെ ഇന്ന് എയര്‍ടെല്ലും തുകകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ടെലികോം നിരക്കുകള്‍ ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നുവെങ്കിലും എന്താണ് നിരക്ക് വര്‍ധനയ്ക്ക് മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. റീച്ചാര്‍ജ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതിനെ കുറിച്ച് ഭാരതി എയര്‍ടെ‌ല്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ. 

രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡല്‍ സൃഷ്ടിക്കുന്നതിനും സ്‌പെക്ട്രം അടക്കമുള്ള സാങ്കേതികസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താരിഫുകള്‍ ഉയര്‍ത്തുന്നത് എന്നാണ് എയര്‍ടെല്‍ വിശദീകരിച്ചിരിക്കുന്നത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. ടെലികോം രംഗത്തെ ആരോഗ്യകരമായ നിലനില്‍പിന് എആര്‍പിയു (ആവറേജ് റെവന്യു പെര്‍ യൂസര്‍) 300 രൂപയ്‌ക്ക് മുകളിലായിരിക്കണം എന്നും എയര്‍ടെല്‍ വാദിക്കുന്നു. 

റിലയന്‍സ് ജിയോ നിരക്കുകള്‍ കൂട്ടിയതിന് പിന്നാലെയാണ് എയര്‍ടെല്ലും രാജ്യവ്യാപകമായി റീച്ചാര്‍ജ് നിരക്കുകളില്‍ മാറ്റം വരുത്തിയത്. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ 21 ശതമാനം വരെ എയര്‍ടെല്‍ വർധിപ്പിച്ചു. ഇതോടെ പ്രതിമാസ അൺലിമിറ്റഡ് പാക്കുകൾക്ക് 20 മുതൽ 50 രൂപ വരെ കൂടും. നിരക്ക് വർധന ജൂലൈ മൂന്ന് മുതൽ നിലവിൽ വരുമെന്നാണ് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്. ഏറ്റവും മിതമായ നിരക്കിലുണ്ടായിരുന്ന 179 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ 199 രൂപയിലേക്കാണ് എയര്‍ടെല്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റയും പരിമിതികളില്ലാത്ത കോളിംഗും ദിവസം 100 സൗജന്യ എസ്എംഎസ് വീതവുമാണ് ഈ പാക്കേജില്‍ ലഭിക്കുന്നത്.

Scroll to load tweet…

Read more: ജിയോയ്ക്ക് പിന്നാലെ എയർടെല്ലിന്‍റെയും ഇരുട്ടടി; മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം