
സിഡ്‌നി: ആപ്പിള്‍ വാച്ചുകള്‍ പലപ്പോഴും ആളുകള്‍ക്ക് രക്ഷയുടെ ചൂണ്ടുപലകയാകാറുണ്ട്. സമാനമായ ഒരു രക്ഷാപ്രവര്‍ത്തനത്തിന്‍റെ കഥ ഓസ്ട്രേലിയയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. ബോഡിസര്‍ഫിംഗിനിടെ അപകടത്തില്‍പ്പെട്ട റിക്ക് ഷീയര്‍മാന്‍ എന്ന നീന്തല്‍ വിദഗ്‌ധനാണ് ആപ്പിള്‍ വാച്ച് രക്ഷയായി മാറിയത് എന്ന് എബിസി ന്യൂസ് ഓസ്ട്രേലിയ റിപ്പോര്‍ട്ട് ചെയ്തു.
പരിചയസമ്പന്നനായ നീന്തല്‍ക്കാരനും ബോഡിസര്‍ഫിംഗ് അഭ്യാസിയുമാണെങ്കിലും റിക്ക് ഷീയര്‍മാന്‍ ബൈറോണ്‍ ബേ തീരത്തുവച്ച് തീരമാലകളില്‍പ്പെടുകയായിരുന്നു. അതിശക്തമായ തിരമാലകള്‍ റിക്ക് ഷീയര്‍മാനെ വലച്ചു. അദേഹം പലതവണ തിരകളില്‍പ്പെട്ട് മരണം മുന്നില്‍ക്കണ്ടു. വലിയ തിരമാലകളില്‍പ്പെട്ട് മുങ്ങിയ അദേഹത്തിന് ബീച്ചിലേക്ക് മടങ്ങാന്‍ ആവതില്ലാതെ വന്നു. ഇതിനിടയില്‍ പരിഭ്രാന്തിയിലാവുകയും ചെയ്തു. 20 മിനുറ്റോളം കൂറ്റന്‍ തിരമാലകളോട് മല്ലിട്ട റിക്ക് ഷീയര്‍മാന് മനസിലായി ഇനി രക്ഷപ്പെടണമെങ്കില്‍ മറ്റാരുടെയെങ്കിലും സഹായം അനിവാര്യമാണ് എന്ന്. ഇവിടെയാണ് ആപ്പിള്‍ വാച്ച് റിക്ക് ഷീയര്‍മാന്‍റെ തുണയ്ക്കെത്തിയത്. ഇന്‍ബിള്‍ട്ട് സെല്ലുലാര്‍ കണക്ഷനുള്ള കയ്യിലെ ആപ്പിള്‍ വാച്ച് അള്‍ട്രാ ഉപയോഗിച്ച് റിക്ക് ഓസ്ട്രേലിയന്‍ എര്‍ജന്‍സി സര്‍വീസിനെ വിളിച്ചു.
തന്‍റെ രക്ഷയ്ക്കെത്തിയ ആപ്പിള്‍ വാച്ച് കനത്ത തിരമാലകളുടെ ആക്രമണത്തിനിടെ ഉപയോഗിക്കുക വലിയ വെല്ലുവിളിയായി എന്ന് റിക്ക് ഷീയര്‍മാന്‍ പറയുന്നു. ഞാന്‍ തീരത്ത് നിന്ന് ഏറെ അകലെയായിരുന്നു. കാറ്റും തിരമാലകളും കാരണം വാച്ച് ഉപയോഗിക്കുക വെല്ലുവിളിയായി. എര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഇതിനാല്‍ പാടുപെട്ടു. ഒരു മണിക്കൂറോളം നേരം ഇങ്ങനെ ലൈനില്‍ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തുവരെ ജീവന്‍ പിടിച്ചുനിര്‍ത്തിയത് എന്നും റിക്ക് ഷീയര്‍മാന്‍ വിശദീകരിച്ചു.
ആപ്പിള്‍ വാച്ച് അള്‍ട്രാ മുമ്പും അടിയന്തര സാഹചര്യങ്ങളില്‍ ആളുകളുടെ രക്ഷയ്ക്കെത്തിയ ചരിത്രമുണ്ട്. 100 മീറ്റര്‍ ആഴത്തില്‍ വരെ വാട്ടര്‍ റെസിസ്റ്റന്‍സ് ഈ വാച്ച് വാഗ്ദാനം ചെയ്യുന്നു. ജീവന്‍ രക്ഷിക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായം തേടാനായത് മഹത്തരമാണ് എന്നാണ് റിക്ക് ഷീയര്‍മാന്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് വിവരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം