ഈ ഗാലക്സി ഇതുവരെ കണ്ടെത്തിയവയിൽ ഏറ്റവും കൂടുതലായി ഇരുണ്ട ദ്രവ്യം അടങ്ങിയ ഗാലക്സിയാകാമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

ഭൂമിയിൽ നിന്ന് ഏകദേശം 30 കോടി പ്രകാശവർഷം അകലെയുള്ള പെർസിയസ് ഗാലക്സി ക്ലസ്റ്ററിൽ അതീവ മങ്ങിയതും ഏതാണ്ട് മുഴുവൻ ഇരുണ്ട ദ്രവ്യത്താൽ (ഡാർക്ക് മാറ്റർ) നിർമ്മിതവുമായ ഒരു ഗാലക്സി ശാസ്ത്രജ്ഞർ കണ്ടെത്തി. ACDG-2 (CDG-2 എന്നും വിളിക്കപ്പെടുന്നു) എന്നറിയപ്പെടുന്ന ഈ ഗാലക്സി ഇതുവരെ കണ്ടെത്തിയവയിൽ ഏറ്റവും കൂടുതലായി ഇരുണ്ട ദ്രവ്യം അടങ്ങിയ ഗാലക്സിയാകാമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ടൊറോന്റോ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഡേയി (ഡേവിഡ്) ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.

സാധാരണ ഗാലക്സികളെ കണ്ടെത്തുന്നത് അവയിലെ നക്ഷത്രങ്ങളുടെ പ്രകാശത്തെ ആശ്രയിച്ചാണ്. എന്നാൽ ഈ ഗാലക്സിയുടെ കാര്യത്തിൽ ശാസ്ത്രജ്ഞർ സ്വീകരിച്ച മാർഗം വ്യത്യസ്തമായിരുന്നു. അവർ നേരിട്ട് നക്ഷത്രങ്ങളെ തേടിയല്ല, പകരം ഗാലക്സികളെ ചുറ്റി ഭ്രമണം ചെയ്യുന്ന ഗോളാകൃതിയിലുള്ള നക്ഷത്രസമൂഹങ്ങളായ ഗ്ലോബുലർ ക്ലസ്റ്ററുകളെയാണ് അന്വേഷിച്ചത്.

ഗവേഷകർ ഹംബിൾ സ്‍പേസ് ടെലിസ്‍കോപ്പ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ യൂക്ലിഡ്, ജപ്പാനിലെ സുബാരു ടെലസ്‍കോപ്പ് എന്നിവയിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിച്ചു. പെർസിയസ് ക്ലസ്റ്ററിൽ നാല് സാന്ദ്ര ഗ്ലോബുലർ ക്ലസ്റ്ററുകൾ കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്. പിന്നീട് ഈ ടെലിസ്കോപ്പുകളുടെ ചിത്രങ്ങൾ കൂട്ടിച്ചേർത്തപ്പോൾ, അവയുടെ ചുറ്റും വളരെ മങ്ങിയ പ്രകാശവലയവും കണ്ടെത്തി. ഈ മങ്ങിയ പ്രകാശവലയമാണ് ACDG-2 ഗാലക്സിയുടെ സാന്നിധ്യം സൂചിപ്പിച്ചത്.

ഈ ഗാലക്സിയുടെ ആകെ നക്ഷത്രപ്രകാശം ഏകദേശം 60 ലക്ഷം സൂര്യന്മാരുടെ പ്രകാശത്തിന് തുല്യമാണെന്ന് വിശകലനത്തിൽ കണ്ടെത്തി. അതിൽ 16 ശതമാനം ഗ്ലോബുലർ ക്ലസ്റ്ററുകളിലാണുള്ളത്. അതേസമയം, ഗാലക്സിയുടെ ആകെ ഭാരത്തിന്റെ 99 ശതമാനവും ഇരുണ്ട ദ്രവ്യമാണെന്ന് പഠനം വ്യക്തമാക്കുന്നു. ഗ്ലോബുലർ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ മാത്രം കണ്ടെത്തപ്പെട്ട ആദ്യ ഗാലക്സിയാണിത് എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

പെർസിയസ് ക്ലസ്റ്ററിനുള്ളിലെ ഗുരുത്വാകർഷണ ഇടപെടലുകൾ മൂലം ഈ ഗാലക്സി തന്റെ വാതകത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെടുത്തിയിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഭാവിയിൽ നാസയുടെ റോമൻ ബഹിരാകാശ ദൂരദർശിനി അല്ലെങ്കിൽ വെരാ സി. റൂബിൻ ഒബ്സർവേറ്ററി പോലുള്ള ദൂരദർശിനികൾ ഉപയോഗിച്ചുള്ള സർവേകൾ ഇത്തരത്തിലുള്ള കൂടുതൽ ഇരുണ്ട ഗാലക്സികൾ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.