ആപ്പിൾ അബദ്ധത്തിൽ ചൈനീസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ നൽകി; പിന്നാലെ പിൻവലിച്ചു

Published : Mar 31, 2026, 10:06 PM IST
Apple Intelligence

Synopsis

ചൈനയിലെ ചില ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ഇന്റലിജൻസ് എഐ ഫീച്ചറുകൾ അബദ്ധത്തിൽ ലഭ്യമായി. ഫീച്ചറിന് സർക്കാർ അനുമതിയില്ലാത്തതിനാൽ ഈ സാങ്കേതിക പിഴവ് ആപ്പിൾ ഉടൻ തിരുത്തുകയും ഫീച്ചറുകൾ പിൻവലിക്കുകയും ചെയ്തു. ചൈനീസ് വിപണിയിൽ എഐ അവതരിപ്പിക്കാൻ ആലിബാബയുമായി സഹകരിക്കാൻ ശ്രമിക്കുന്ന ആപ്പിളിന് കർശനമായ നിയമ നിയന്ത്രണങ്ങൾ വലിയ വെല്ലുവിളിയാണ്.

ചൈനയിലെ ചില ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ഇന്‍റലിജൻസ് എഐ സവിശേഷതകൾ താൽക്കാലികമായി ലഭ്യമായതായി കണ്ടെത്തിയ സംഭവം ടെക് ലോകത്ത് വലിയ ചർച്ചയാകുന്നു. ചില ഉപഭോക്താക്കൾ അവരുടെ ഡിവൈസുകളിലെ സെറ്റിംഗ്‍സ് മെനുവിൽ തന്നെ ഈ എഐ സവിശേഷതകൾ ആക്‌ടീവായിരിക്കുകയാണെന്ന് ശ്രദ്ധിച്ചു. എന്നാൽ ഇത് ആപ്പിളിന്‍റെ ഔദ്യോഗിക ലോഞ്ച് അല്ലെന്നും ആവശ്യമായ സർക്കാർ അനുമതി ലഭിക്കുന്നതിന് മുമ്പ് സംഭവിച്ച സാങ്കേതിക പിഴവാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ആപ്പിൾ ഈ ഫീച്ചറുകൾ പിൻവലിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ആപ്പിളിന് ചൈനയില്‍ സംഭവിച്ചത് വമ്പന്‍ പിഴവ്

സംഭവം തിരിച്ചറിഞ്ഞ ഉടൻ തന്നെ ആപ്പിൾ ഈ സവിശേഷതകൾ പിൻവലിച്ചു എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടർ മാർക്ക് ഗുർമാൻ നൽകുന്ന വിവരങ്ങൾ. ഏറെക്കാലമായി വികസനഘട്ടത്തിൽ ആയിരുന്ന ഈ സാങ്കേതികവിദ്യ ചൈനയിൽ അവതരിപ്പിക്കാൻ കമ്പനി ഇപ്പോഴും റെഗുലേറ്ററി അനുമതിക്കായി കാത്തിരിക്കുകയാണ്. ഉടൻ തന്നെ ഔദ്യോഗികമായി ഈ സേവനം ആരംഭിക്കാനുള്ള സാധ്യത കുറവാണെന്നും മാർക്ക് ഗുർമാൻ സൂചിപ്പിച്ചു.

ചൈനയിലെ നിയമപരമായ നിയന്ത്രണങ്ങൾ രാജ്യത്ത് ആപ്പിൾ ഇന്‍റലിജൻസ് അവതരിപ്പിക്കുന്നതിൽ വലിയ തടസ്സമാണ്. ചില സവിശേഷതകൾ രാജ്യത്തിന്‍റെ ഡിജിറ്റൽ നിയമങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ഉദാഹരണത്തിന്, ചിത്രങ്ങൾ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഗൂഗിൾ റിവേഴ്‌‌സ് ഇമേജ് സെർച്ച് സേവനം ചൈനയിൽ നിരോധിതമാണ്. അതിനാൽ, ഈ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്ന എഐ സവിശേഷതകൾ നേരിട്ട് ഉപയോഗിക്കാൻ കഴിയില്ല.

ഈ സാഹചര്യത്തിൽ, ചൈനീസ് വിപണിയിൽ സാന്നിധ്യം ഉറപ്പാക്കാൻ ആപ്പിൾ ആലിബാബയുമായി സഹകരിക്കുന്നു. എന്നാൽ, രാജ്യത്തെ സൈബർസ്‌പേസ് അഡ്‍മിനിസ്ട്രേഷൻ(CAC) എന്ന നിയന്ത്രണ ഏജൻസിയുടെ അംഗീകാരം ലഭിക്കുന്നത് വരെ ഈ പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ല. എല്ലാ എഐ മോഡലുകളും സൈബർസ്‌പേസ് അഡ്‍മിനിസ്ട്രേഷന്‍റെ കർശന പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.

ഇതിനിടെ വാവെ, ഷവോമി പോലുള്ള പ്രാദേശിക കമ്പനികൾ എഐ സാങ്കേതികവിദ്യയിൽ മുന്നേറുന്നതും ആപ്പിളിന് വെല്ലുവിളിയാകുന്നു. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കും മെച്ചപ്പെടുത്തിയ എഐ അടിസ്ഥാനത്തിലുള്ള സിരി സേവനം കാത്തിരിപ്പിലാണ്. 2026 ജൂൺ എട്ടിന് നടക്കുന്ന വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ (WWDC) പുതിയ സിരി അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാംപോ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന ഈ സംവിധാനം ഉപയോക്താക്കളുടെ ആവശ്യങ്ങൾ കൂടുതൽ കൃത്യമായി മനസിലാക്കി ആപ്പുകൾക്കുള്ളിൽ പ്രവർത്തനങ്ങൾ നിർവഹിക്കാൻ സഹായിക്കും.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ പുറത്തിറങ്ങി: 200എംപി ക്യാമറയും ശക്തമായ ബാറ്ററിയും
ഐഫോൺ 18 പ്രോയിൽ ചെറിയ ഡൈനാമിക് ഐലൻഡ്: ആപ്പിളിന്‍റെ പുതിയ ഡിസൈൻ തന്ത്രം