
കാലിഫോര്‍ണിയ: ഐഫോൺ ഉപയോക്താക്കൾ ഗൂഗിൾ ക്രോം ബ്രൗസര്‍ ഉപയോഗിക്കരുതെന്ന് ആപ്പിൾ നിർദ്ദേശിച്ചു. ഗൂഗിളിന്‍റെ ക്രോം ബ്രൗസർ ഉപയോഗിക്കുന്നത് ഒഴിവാക്കി ആപ്പിളിന്‍റെ സ്വന്തം സഫാരി ബ്രൗസർ ഉപയോഗിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. വെബ്‌സൈറ്റുകൾ വഴി ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ മാർഗമായ "ഫിംഗർപ്രിന്‍റിംഗിൽ" നിന്ന് സഫാരി ബ്രൗസർ ഉപയോക്താക്കളെ സംരക്ഷിക്കുന്നു എന്നും പരസ്യദാതാക്കളെയും വെബ്‌സൈറ്റുകളെയും സഫാരി തടയുന്നുവെന്നും ആപ്പിൾ പറയുന്നു. ആപ്പിളിന്‍റെ വിശദീകരണത്തെ കുറിച്ച് വിശദമായി അറിയാം.
ആപ്പിളിന്‍റെ ഈ മുന്നറിയിപ്പ് ഫിംഗർപ്രിന്‍റിംഗിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ വർഷം ഉയർന്നുവന്ന ഒരു ട്രാക്കിംഗ് രീതിയാണ് ഫിംഗർപ്രിന്‍റിംഗ്‍സ്. ഈ സാങ്കേതികവിദ്യ ഒരു ഉപയോക്താവിന്‍റെ ഉപകരണത്തിൽ നിന്ന് വിവിധ ഡാറ്റ ശേഖരിച്ച് ഒരു പ്രൊഫൈൽ സൃഷ്‌ടിക്കുന്നുവെന്നും അതിന്‍റെ അടിസ്ഥാനത്തിൽ പരസ്യദാതാക്കൾക്ക് വെബിലുടനീളം ഉപയോക്താവിന് ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾ കാണിക്കാൻ കഴിയുമെന്നും ആപ്പിൾ പറയുന്നു. കുക്കികളിൽ നിന്ന് വ്യത്യസ്‌തമായി, ഇതിന് ഒരു ഓപ്‌റ്റ്-ഔട്ട് ഓപ്ഷനുമില്ല. മാത്രമല്ല പ്രവർത്തനരഹിതമാക്കാൻ കഴിയാത്ത ഈ രഹസ്യ സാങ്കേതികവിദ്യയുടെ വിലക്ക് ഗൂഗിൾ നീക്കിയതിനാൽ ഈ വർഷം ഡിജിറ്റൽ ഫിംഗർപ്രിന്‍റിംഗ് പ്രത്യേകിച്ച് അപകടകരമാണെന്നും അതുകൊണ്ട് ഇത് വളരെയധികം ആശങ്കാജനകമാണെന്നും ആപ്പിൾ പറയുന്നു.
ഫിംഗർപ്രിന്‍റിംഗിനെ ചെറുക്കുന്നതിന്, മിക്ക ഉപകരണങ്ങളെയും ട്രാക്കറുകൾക്ക് ഒരുപോലെ തോന്നിപ്പിക്കുന്ന ലളിതമായ ഒരു സിസ്റ്റം കോൺഫിഗറേഷൻ സഫാരി വാഗ്‌ദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ ഉപകരണം ട്രാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു.
അതേസമയം, ഈ സിഗ്നലുകളെ തടയുന്നതിനായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിൽ ആപ്പിൾ ഒറ്റയ്ക്കല്ല. മോസില്ല ഫയർഫോക്‌സും സമാനമായ രീതിയിൽ അപ്ഡേറ്റ് ചെയ്‌തിട്ടുണ്ട്. നിങ്ങളുടെ ഉപകരണത്തിൽ ഫിംഗർപ്രിന്‍റുകൾ രേഖപ്പെടുത്താൻ കഴിയുമോ അതോ നിങ്ങളുടെ ഐഡന്‍റിറ്റി മറയ്ക്കപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം. എഐ അധിഷ്‌ഠിത ട്രാക്കിംഗ് പ്രതിരോധം, സ്വകാര്യ ബ്രൗസിംഗ് തുടങ്ങിയവയിലൂടെ സഫാരി സുരക്ഷയും വാഗ്‌ദാനം ചെയ്യുന്നുവെന്ന് ആപ്പിൾ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം