
ദില്ലി: അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോൺ നിർമ്മാണം പുതിയ നാഴികക്കല്ലില്‍. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഐഫോൺ നിർമ്മാണം ഏകദേശം 53 ശതമാനം ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ, ലോകമെമ്പാടും നിർമ്മിക്കുന്ന ഐഫോണുകളിൽ ഏകദേശം 25 ശതമാനം ഇപ്പോൾ ഇന്ത്യയിൽ നിന്നാണെന്ന് കണക്കുകള്‍ അടിസ്ഥാനമാക്കി രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്‌തു.
2025-ൽ ഇന്ത്യയിൽ ഏകദേശം 55 ദശലക്ഷം ഐഫോണുകൾ അസംബിൾ ചെയ്‌തു എന്നാണ് കണക്ക്. 2024-ൽ ഇത് 36 ദശലക്ഷം ആയിരുന്നു. ആഗോളതലത്തിൽ ആപ്പിൾ പ്രതിവർഷം 220 മുതൽ 230 ദശലക്ഷം വരെ ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ ഇന്ത്യയുടെ പങ്ക് വളരെ വേഗമാണ് വര്‍ധിക്കുന്നത്. ചൈനയിൽ നിന്ന് ഉത്പാദനം ഭാഗികമായി ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിള്‍ കമ്പനിയുടെ തീരുമാനം പ്രധാനമായും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങളും താരിഫുകളും കാരണമായായിരുന്നു. അമേരിക്ക ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതികൾ ഒഴിവാക്കാൻ ആപ്പിൾ പുതിയ നിർമ്മാണ കേന്ദ്രങ്ങൾ തേടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഐഫോണുകളുടെ പ്രധാന നിർമ്മാണ കേന്ദ്രമായി മാറിയത്.
ഇന്ത്യയിലെ ഐഫോണ്‍ അസംബിളിംഗ് വളര്‍ച്ചയ്‌ക്ക് പിന്തുണ നൽകിയിരിക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻറൻസീവ് (PLI) പദ്ധതിയാണ്. ഈ പദ്ധതിയിലൂടെ നിർമ്മാണ കമ്പനികൾക്ക് സർക്കാർ സബ്‍സിഡികൾ നൽകുന്നു. ചൈനയിലേതുപോലെ ശക്തമായ സപ്ലൈ ചെയിൻ ഇന്ത്യയിൽ ഇല്ലാത്തതിനാൽ ഉണ്ടാകുന്ന ചില ചെലവ് പ്രശ്നങ്ങൾ ഇതിലൂടെ കുറയ്ക്കാൻ സാധിച്ചു.
ഇപ്പോൾ ഏറ്റവും പുതിയ ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകളും ആപ്പിള്‍ ഇന്ത്യയിൽ അസംബിൾ ചെയ്യുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ ഹൈഎൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സ് എന്നിവയും ഉൾപ്പെടുന്നു. കൂടാതെ ഐഫോൺ 15, ഐഫോൺ 16 പോലുള്ള പഴയ മോഡലുകളും ഇന്ത്യയിൽ നിർമ്മിച്ച് ആഭ്യന്തര വിപണിയിലും കയറ്റുമതിക്കായും ആപ്പിള്‍ ഉപയോഗിക്കുന്നു.
ഇന്ത്യയിൽ ആപ്പിളിന്‍റെ പ്രധാന നിർമ്മാണ പങ്കാളികള്‍ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്, ടാറ്റ ഇലക്‌ട്രോണിക്‌സ്, എന്നിവയാണ്. ഇവർ ഇന്ത്യയിൽ നിരവധി നിർമ്മാണ യൂണിറ്റുകൾ വികസിപ്പിച്ചുവരികയാണ്. നിർമ്മാണ രംഗത്തിന് പുറമേ ഇന്ത്യയിൽ ഉപഭോക്തൃ വിപണിയിലും ആപ്പിൾ ശക്തമായി മുന്നേറുകയാണ്. കൂടാതെ ആപ്പിൾ പേ സേവനം ഇന്ത്യയിൽ ആരംഭിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. നിലവിൽ രാജ്യത്ത് ആപ്പിളിന്‍റെ ആറ് റീട്ടെയിൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നതും ഇന്ത്യയുടെ വളരുന്ന വിപണി പ്രാധാന്യം വ്യക്തമാക്കുന്നു. വിപുലമായ ജനസംഖ്യയും വളരുന്ന സ്‌മാർട്ട്ഫോൺ ആവശ്യകതയും കാരണം ഇന്ത്യ ഭാവിയിൽ ആപ്പിളിന്‍റെ ഏറ്റവും പ്രധാന നിർമ്മാണ-വിപണി കേന്ദ്രങ്ങളിൽ ഒന്നാകുമെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam