
സാന്‍ ഫ്രാന്‍സിസ്‌കോ: യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തുന്നത് കമ്പനിയുടെ വരുമാനത്തേയും നിക്ഷേപങ്ങളെയും ബാധിക്കുമെന്ന് എഐ ഭീമനായ ആന്ത്രോപിക്. ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുന്നത് കമ്പനിയുടെ പ്രതിച്ഛായക്ക് കളങ്കം ചാര്‍ത്തുമെന്നും 2026-ല്‍ ബില്യണ്‍ കണക്കിന് ഡോളറിന്‍റെ നഷ്‌ടമുണ്ടാകുമെന്നും അവകാശപ്പെട്ട ആന്ത്രോപിക്, പെന്‍റഗണിന്‍റെ ദേശീയ സുരക്ഷാ കരിമ്പട്ടികയില്‍ കമ്പനിയെ ഉള്‍പ്പെടുത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് കോടതിയിലെത്തിയതോടെ ആന്ത്രോപിക്കിന്‍റെ എഐ സാങ്കേതികവിദ്യയിലെ ഉപയോഗ നിയന്ത്രണങ്ങളെച്ചൊല്ലി യുഎസ് സൈന്യവുമായുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമാക്കും.
'ആന്ത്രോപിക്കിന് എതിരായ നിയന്ത്രണങ്ങള്‍ കമ്പനിയുടെ വരുമാനത്തില്‍ നൂറുകണക്കിന് കോടി ഡോളറിന്‍റെ നഷ്‌ടമുണ്ടാക്കും. പിന്നീട് പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ ആന്ത്രോപിക്കിന് പ്രയാസമായിരിക്കും. 2026-ല്‍ ആന്ത്രോപിക്കിനുള്ള ദശലക്ഷക്കണക്കിന് മില്യണ്‍ ഡോളര്‍ മൂല്യ കരാറുകള്‍ പ്രതിസന്ധിയിലാവും. ആന്ത്രോപ്പിക്കിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ഇത് പ്രതികൂലമായി ബാധിക്കും. കൂടുതല്‍ സാമ്പത്തിക നിക്ഷേപങ്ങള്‍ കണ്ടെത്തുകയും പ്രയാസകരമാകും. പ്രതിരോധ കരാറുകളില്‍ നിന്നുള്ള വരുമാനത്തില്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെ നഷ്‌ടം കമ്പനി സഹിക്കേണ്ടിവരും. ആന്ത്രോപിക്കിന്‍റെ പേരും പെരുമയും നഷ്‌ടമാക്കാനും യുഎസ് പ്രതിരോധ വകുപ്പിന്‍റെ നടപടി വഴിവെക്കും'- എന്നും ആന്ത്രോപിക് ഹര്‍ജിയില്‍ പറയുന്നു.
സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള എഐ സ്റ്റാര്‍ട്ടപ്പാണ് ആന്ത്രോപിക്. യുദ്ധ ആസൂത്രണം വേഗത്തിലാക്കുന്നതിനായി യുഎസ് യുദ്ധ വകുപ്പിലും മറ്റ് ദേശീയ സുരക്ഷാ ഏജൻസികളിലും തങ്ങളുടെ എഐ സംവിധാനം ആന്ത്രോപിക് വിന്യസിച്ചിരുന്നു. ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള നീക്കത്തിൽ യുഎസ് സൈന്യം ആന്ത്രോപിക്കിന്‍റെ എഐ ടൂളായ 'ക്ലോഡ്' ഉപയോഗിച്ചതിനെ ആന്ത്രാപിക് എതിർത്തതിന് പിന്നാലെ, കമ്പനിയുമായുള്ള പ്രതിരോധ കരാറുകള്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിടുകയായിരുന്നു. തെറ്റിപ്പിരിഞ്ഞതോടെ ആന്ത്രാപിക് കമ്പനിയെ 'റാഡിക്കൽ ലെഫ്റ്റ്' എന്നും യഥാർഥ ലോകത്തെക്കുറിച്ച് ധാരണയില്ലാത്തവർ എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.
ആക്രമണങ്ങള്‍ക്കോ ആയുധങ്ങൾ നിർമ്മിക്കുന്നതിനോ കമ്പനിയുടെ സാങ്കേതികവിദ്യകള്‍ ആരും ഉപയോഗിക്കരുതെന്ന് ആന്ത്രാപിക്കിന്‍റെ നിബന്ധനകളിൽ പറയുന്നുണ്ട്. സൈനിക സംവിധാനങ്ങളിൽ നിന്ന് ആന്ത്രോപിക്കിന്‍റെ സാങ്കേതികത പെട്ടെന്ന് മാറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തുറന്നു സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ, ആന്ത്രോപിക്കിന്‍റെ എതിരാളികളായ ഓപ്പൺഎഐ പെന്‍റഗണുമായി കരാറിലേർപ്പെടുന്നതും ലോകം കണ്ടു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam