അസ്യൂസ് സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോ - റിവ്യൂ

By Web DeskFirst Published Nov 29, 2017, 12:20 PM IST
Highlights

സെല്‍ഫി അധിഷ്ഠിതമായ ഫോണുകള്‍ ഇന്ത്യന്‍ വിപണി കീഴടക്കുമ്പോള്‍ ആ ഗണത്തില്‍ അസ്യൂസ് ഇറക്കുന്ന പ്രീമിയം ഫോണ്‍ ആണ് സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോ. മുന്നില്‍ സെല്‍ഫിക്ക് വേണ്ടി ഇരട്ട ക്യാമറയുണ്ട് എന്നതാണ് ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത്. നേരത്തെ തന്നെ വിവിധ കമ്പനികള്‍ ഈ പ്രത്യേകത അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് തീര്‍ത്തും അഡ്വാന്‍സ്ഡ് ആണ് തങ്ങളുടെ ഫോണ്‍ എന്നാണ് അസ്യൂസിന്‍റെ അവകാശവാദം. പോട്രിയറ്റ് മോഡിന്‍റെ സഹായമുള്ള 12 എംപി ഇരട്ട മുന്‍ക്യാമറയാണ് സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോ വാഗ്ദാനം ചെയ്യുന്നത്. 23,999 രൂപയാണ് ഒക്ടോബറില്‍ ഇന്ത്യയില്‍ എത്തിയ ഫോണിന്‍റെ വില.

പ്രത്യേകതയായി സെല്‍ഫി ക്യാമറകള്‍

മികച്ച വെളിച്ചത്തിലും, ഇന്‍ഡോറിലും മികവാര്‍ന്ന സെല്‍ഫികളാണ് സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോ നല്‍കുന്ന ഒരു വാഗ്ദാനം. 3,000 എംഎഎച്ച് ബാറ്ററിയുള്ള പോണിന്‍റെ ചാര്‍ജ്ജിംഗ് പോര്‍ട്ട് യുഎസ്ബി 2.0 ആണ്. സ്ക്രീനിന്‍റെ മുന്‍പിലുള്ള ഹോം ബട്ടണ്‍ ഫിംഗര്‍പ്രിന്‍റ് സ്കാനറായും പ്രവര്‍ത്തിക്കും. യൂണി ബോഡി മെറ്റല്‍ ഡിസൈന്‍ ആണ് സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോയ്ക്ക് എന്ന് പറയാം. വോളിയം,പവര്‍ ബട്ടണുകള്‍ ഫോണിന്‍റെ വലത് വശത്താണ്. 3.5എംഎം ഹെഡ്സെറ്റ് ജാക്കറ്റും, സ്പീക്കറുകളും ഫോണിന്‍റെ അടിഭാഗത്തായി ക്രമീകരിച്ചിരിക്കുന്നു. 

ബോഡി ഡിസ്പ്ലേ റിവ്യൂ

5.5 ഇഞ്ച് ഫുള്‍  എച്ച്ഡി എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. മെറ്റല്‍ യൂണിബോഡി ഡിസൈന്‍ കാണുവാന്‍ തന്നെ പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്. ലൈറ്റ് വൈറ്റാണ് ഫോണ്‍ 145 ഗ്രാം ആണ് ഫോണിന്‍റെ ഭാരം. അതേ സമയം ശരീരവ്യാപ്തി 7എംഎം ആണ്. പിന്‍ഭാഗം ഇത്തിരി വഴുതല്‍ അനുഭവപ്പെട്ടേക്കാം അതിനാല്‍ തന്നെ ഫോണ്‍ കവര്‍ ചെയ്ത് ഉപയോഗിക്കുന്നത് അഭികാമ്യമാണ്. കാഴ്ച ഭംഗിയില്‍ ഈ വിലയില്‍ ലഭ്യമാകുന്ന ഏതൊരു ഫോണിനോടും കിടപിടിക്കും സെന്‍ഫോണ്‍ 4 സെല്‍ഫി എന്ന് പറയാം.

ശബ്ദം നിയന്ത്രിക്കാനുള്ള ബട്ടണുകളും, പവര്‍ ബട്ടണുകളും വേഗത്തില്‍ കൈയ്യില്‍ ലഭിക്കുന്നതാണെന്ന് പറയാം. ഫിംഗര്‍ പ്രിന്‍റ് സ്കാനര്‍ മുന്‍പില് ആയതിനാല്‍ എളുപ്പത്തില്‍ അണ്‍ലോക്ക് സാധ്യമാണ്. വളരെ ക്രിസ്പാണ് ഫോണിന്‍റെ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി എഎംഒഎല്‍ഇഡി സ്ക്രീന്‍ എന്ന് എളുപ്പം പറയാം. മികച്ച വ്യൂ അംഗിളാണ് സ്ക്രീനുള്ളത്. സ്ക്രീന് ഐക്കണ്‍സ് വളരെ ഷാര്‍പ്പ് ആയിതന്നെ മുന്നില്‍ എത്തുന്നു. വളരെ സന്തുലിതമായ കളര്‍ പറ്റേണിലാണ് സ്ക്രീന്‍. ഇത് വളരെ ലൈറ്റ് ഉള്ള ഔട്ട്ഡോറില്‍ പോലും വളരെ സഹായകരമാണ്. ഇതിന് ഒപ്പം തന്നെ ഗെയിം പ്രേമികള്‍ക്കും, വീഡിയോ കാണാല്‍ ശീലമാക്കിയവര്‍ക്കും ഇത് സഹായകരമാകും എന്നതില്‍ സംശയമില്ല.

ക്യാമറ

ഡ്യൂവല്‍ പിക്സല്‍ ടെക്നോളജിയോടെ 28 എംപി (20എംപി+8എംപി) ക്യാമറയാണ് ഫോണിന്‍റെ മുന്നില്‍ ഉള്ളത്. കുറഞ്ഞ വെളിച്ചത്തില്‍ പോലും മികച്ച ചിത്രങ്ങള്‍ നല്‍കുന്നു എന്നതിനാല്‍ ഈ മുന്‍ക്യാമറ ഒട്ടും നിരാശപ്പെടുത്തുന്നില്ല എന്ന് തന്നെ പറയാം. ഫോക്കസ് ചെയ്യാനുള്ള വേഗത ക്യാമറയുടെ ഒരു പ്രത്യേകതയാണ്, അതിനാല്‍ തന്നെഫോട്ടോഡീറ്റെയില്‍സില്‍ അതിവേഗം മാറ്റങ്ങള്‍ ക്ലിക്കിന് മുന്‍പ് തന്നെ വരുത്താന്‍ സാധിക്കും. വളരെ നാച്യൂറലായി തന്നെ ഫോട്ടോ കളറിംഗ് സാധിക്കുന്നുണ്ട്. എന്നാല്‍ കൂടിയ സൂര്യപ്രകാശത്തില്‍ എടുക്കുന്ന ചിത്രങ്ങള്‍ ഇത്തിരി വ്യാപിച്ചതായി കാണപ്പെടുന്നുണ്ട്.

ഇതിന് ഒപ്പം തന്നെ മുന്നില്‍ അസ്യൂസ് ആഡ് ചെയ്തിരിക്കുന്ന സോഫ്റ്റ് എല്‍ഇഡി ഫ്ലാഷ് മികച്ച പ്രവര്‍ത്തനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. ഇതിന് ഒപ്പം തന്നെ സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോയുടെ പ്രോട്രിയറ്റ് മോഡിനെ മികച്ചതെന്ന് പറയാം. വ്യക്തമല്ലാത്ത ബാക്ഗ്രൌണ്ടില്‍ പോലും ഷാര്‍പ്പ്ഫോക്കസില്‍ ചിത്രങ്ങള്‍ ലഭിക്കാന്‍ ഇത് ഉതകുന്നു. ഇത് മൂലം കൃത്യമായ കളര്‍ ബാലന്‍സില്‍ മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട്.

പിന്നിലെ 16എംപി ക്യാമറയും നിരാശപ്പെടുത്തുന്നില്ല. എന്നാല്‍ ബ്രൈറ്റ് ഔട്ട്ഡോറില്‍ അത്ര ഡീറ്റെയിലായി ചിത്രങ്ങള്‍ ലഭിക്കുന്നില്ല എന്നത് ചിലപ്പോള്‍ നിരാശ നല്‍കിയേക്കാം. അതേ സമയം റെയര്‍ ക്യാമറയ്ക്ക് പ്രോ മോഡും, ഓട്ടോ മോഡും ലഭിക്കും. 

ബാറ്ററിയും ഫോണിന്‍റെ പ്രകടനവും

സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോയില്‍ ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 625 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്‍റെ റാം ശേഷി 4ജിബിയാണ്.   ഇന്‍റേണല്‍ സ്റ്റോറേജ്  64ജിബിയാണ്. എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 2ടിബിവരെ വര്‍ദ്ധിപ്പിക്കാം.

ദൈന്യന്തിന ജോലികള്‍ നന്നായി കൊണ്ടുപോകാന്‍ കഴിയുന്ന കോണ്‍ഫിഗ്രേഷനാണിതെന്നതില്‍ തര്‍ക്കമില്ല. ഇത് പരീക്ഷിക്കാന്‍ കൂടുയ ഗ്രാഫിക്സുള്ള ഗെയിമുകള്‍ ഫോണില്‍ കളിക്കുകയുണ്ടായി, ഒപ്പം മള്‍ട്ടി ടാബ് ബ്രൌസിംഗും നടത്തി എന്നാല്‍ വലിയ തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ ഫോണ്‍ പ്രവര്‍ത്തിച്ചു. ഒപ്പം വീഡിയോ കാണാലും സൌകര്യപ്രഥമായിരുന്നു.  ഒരു മോഡറേറ്റര്‍ ഉപയോക്താവിന് ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഫോണിന്‍റെ 3,000 എംഎഎച്ച് ബാറ്ററി. എന്നാല്‍ ഗെയിമുകളും മറ്റും കളിക്കുന്ന വ്യക്തികള്‍ക്ക് ദിവസം രണ്ടുനേരമെങ്കിലും ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടിവരും. എന്തായാലും 24,000 പ്രൈസ് ടാഗില്‍ ഇന്ന് വിപണിയില്‍ പ്രതീക്ഷിക്കാവുന്ന ബാറ്ററി പെര്‍ഫോമന്‍സാണ് സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോയ്ക്ക് എന്ന് പറയാം.

സോഫ്റ്റ് വെയര്‍

ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ട് ആണ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഇതിന് ഒപ്പം അസ്യൂസിന്‍റെ സ്വന്തം ഒഎസ് കവര്‍ സെന്‍യൂസര്‍ ഇന്‍റര്‍ഫേസ് 4.0 യുമുണ്ട്. അതായത് സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് ആല്ല ഫോണില്‍ ഉള്ളത്. മുന്‍മോഡലുകളെ അപേക്ഷിച്ച് ബോള്‍ട്ട്വെയര്‍ കുറഞ്ഞ മോഡലാണ് സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോ എന്ന് പറയാം. അപ്പുകളെ ഗ്രൂപ്പുകളായോ, തനിച്ചോ ക്രമീകരിക്കാന്‍ സാധിക്കും. നോട്ടിഫിക്കേഷനുകള്‍ നോക്കാനുള്ള എളുപ്പം, ലോക്കേഷന്‍ റിപ്പോര്‍ട്ടര്‍ ഇങ്ങനെ വിവിധ രീതിയില്‍ അസ്യൂസ് സെന്‍ യൂസര്‍ ഇന്‍റര്‍ഫേസ് ഫോണ്‍ സോഫ്റ്റ്വെയറിനെ ഉപയോക്താവിന്‍റെ സഹായിയാക്കി മാറ്റുന്നുണ്ട്.

ഒരു ഡ്യൂവല്‍ സിം ഫോണ്‍ ആണ് സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോ. രണ്ട് നാനോ ജിഎസ്എം സിമ്മുകള്‍ ഇതില്‍ ഉപയോഗിക്കാം. വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി ഒടിജി ലഭിക്കുന്ന ഫോണ്‍ 4ജി സപ്പോര്‍ട്ടാണ്. 

click me!