
നമ്മുടെ ഡിജിറ്റല്‍ ജീവിതത്തില്‍ ക്യുആർ കോഡുകള്‍ക്ക് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ഓണ്‍ലൈന്‍ പണമിടപാടുകള്‍ മുതല്‍, എന്തിനേറെ റസ്റ്റോറന്‍റുകളില്‍ ഭക്ഷണ മെനു വായിക്കാന്‍ വരെ നാം ക്യുആർ കോഡുകളെ ആശ്രയിച്ചുതുടങ്ങി. മാര്‍ക്കറ്റിംഗ്, പരസ്യങ്ങള്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് ട്രാക്കിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട് തുടങ്ങി അനവധി സേവനങ്ങള്‍ക്ക് ഇപ്പോള്‍ ക്യുആര്‍ കോഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. വിമാനത്താവളങ്ങളിലും മെട്രോകളിലും ചെക്ക്-ഇന്നും ചെക്ക്-ഔട്ടും വരെ ക്യുആര്‍ കോഡ് സ്‌കാനിംഗ് വഴിയായി. ബാര്‍ കോഡുകള്‍ റീഡ് ചെയ്യുന്നത് പോലുള്ള പ്രത്യേക സ്‌കാനറുകള്‍ വേണ്ട ക്യുആർ കോഡുകള്‍ വായിക്കാന്‍. കയ്യിലുള്ള മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് നോക്കിയാല്‍ എല്ലാ വിവരങ്ങളെല്ലാം അറിയാമെന്നതാണ് ക്യുആര്‍ കോഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. ക്യുആര്‍ കോഡുകളെ ജനകീയമാക്കുന്നതും അനായാസം ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതും ഈ ഫീച്ചര്‍ തന്നെ. എന്നാല്‍ ക്യുആര്‍ കോഡ് തട്ടിപ്പുകള്‍ വലിയ സൈബര്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ക്യുആർ കോഡ് സ്‌കാമുകളില്‍ നിന്ന് സുരക്ഷിതരാവാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന് നോക്കാം.
കാണുന്ന എല്ലാ ക്യുആര്‍ കോഡുകളും സ്‌കാന്‍ ചെയ്യുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതിനൊരു വലിയ അപകടമാണ്. പോസ്റ്ററുകളോ, ഇമെയിലുകളോ എസ്‌എംഎസുകളോ, മെസേജുകളോ ഒക്കെ വഴി വരുന്ന ക്യുആര്‍ കോഡുകള്‍ രണ്ടുവട്ടം ആലോചിച്ചുറപ്പിച്ച ശേഷം മാത്രം സ്‌കാന്‍ ചെയ്യുക. അല്ലെങ്കില്‍ നിങ്ങള്‍ വലിയ കുരുക്കിലും സാമ്പത്തിക നഷ്‌ടത്തിലും മറ്റ് സൈബര്‍ തട്ടിപ്പുകളിലും പെട്ടേക്കാം. ഇമെയിലുകളും മെസേജുകളും വഴിയെത്തുന്ന പല ക്യുആര്‍ കോഡുകളും വ്യാജ ലോഗിന്‍ പേജുകളിലേക്ക് നയിക്കുന്നവയാകാം. അതിനാല്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട് പോലുള്ള സാമ്പത്തിക വിവരങ്ങളും സമര്‍പ്പിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ആളുകളുടെ വ്യക്തിവിവരങ്ങള്‍ തട്ടിയെടുക്കാന്‍ ക്യുആര്‍ കോഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്‌തുത. സംശയാസ്‌പദമായ മെയിലുകള്‍, മെസേജുകള്‍, എസ്‌എംഎസുകള്‍ എന്നിവയെ അകറ്റിനിര്‍ത്തുന്നത് സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് നിങ്ങളെ സുരക്ഷിതരാക്കും.
ക്യുആര്‍ കോഡും വ്യാജ വെബ്‌സൈറ്റുകളും
ഇപ്പോള്‍ വിവിധ പോസ്റ്ററുകള്‍, ലഘുലേഖകള്‍, ഭക്ഷണ മെനുകള്‍, ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങി അനവധി സേവനങ്ങള്‍ക്ക് ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഒരു യുആര്‍എല്‍ (വെബ്‌സൈറ്റ് വിലാസം) ടൈപ്പ് ചെയ്യാതെ തന്നെ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌താല്‍ മതിയാകും. വിവിധ പ്രൊമോഷണല്‍ സ്ഥാപനങ്ങള്‍ നിങ്ങളോട് അവരുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടേക്കാം. നിങ്ങള്‍ സമയമെടുത്ത് യുആര്‍എല്‍ ടൈപ്പ് ചെയ്യാതെ നേരിട്ട് നിങ്ങള്‍ക്ക് വെബ്‌സൈറ്റിലേക്ക് ആക്‌സസ് നല്‍കും ഇത്തരം ക്യുആര്‍ കോഡുകള്‍. എന്നാല്‍ നിങ്ങള്‍ പ്രവേശിക്കുന്നത് വിശ്വസനീയമായ വെബ‌്സൈറ്റുകളിലേക്കാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതിനായി HTTPS വിലാസം ദൃശ്യമാകുന്നുണ്ടോയെന്ന് നോക്കാം. യുആര്‍എല്ലുകളുടെ സ്‌പെല്ലിംഗുകള്‍ കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതും ഗുണകരമാകും.
ഓണ്‍ലൈന്‍ പേയ്‌മെന്‍റുകളിലും ശ്രദ്ധിക്കാനേറെ
യുപിഐ പേയ്‌മെന്‍റുകള്‍ പോലെയുള്ള ഓണ്‍ലൈന്‍ പണ കൈമാറ്റങ്ങള്‍ക്കാണ് ഇന്ത്യയില്‍ പ്രധാനമായും ആളുകള്‍ ക്യുആര്‍ കോഡിനെ ആശ്രയിക്കുന്നത്. ക്യുആര്‍ കോഡ് രീതി കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്‍റ് ഉറപ്പുവരുത്തുന്നു. കൊവിഡ് ലോക്ക്‌ഡൗണ്‍ കാലത്താണ് ഡിജിറ്റല്‍ പണമിടപാടുകള്‍ ഇന്ത്യയില്‍ വര്‍ധിച്ചത്. യുപിഐ സംവിധാനത്തിന്‍റെയും യുപിഐ ആപ്പുകളുടെയും വരവോടെ ഒരൊറ്റ സ്‌കാനിംഗില്‍ പണമടയ്‌ക്കാനുള്ള ഓപ്ഷന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കായി. ഷോപ്പിംഗിന് ഇപ്പോള്‍ ആളുകള്‍ ക്യുആര്‍ കോഡ് പേയ്‌മെന്‍റ് രീതിയെ കാര്യമായി ആശ്രയിക്കുന്നുണ്ട്. എന്നാല്‍ സ്‌കാന്‍ ചെയ്‌ത് പണമടയ്‌ക്കും മുമ്പ്, പണം ലഭിക്കേണ്ട യഥാര്‍ഥ ഉടമയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ പേര് തന്നെയാണോ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ തെളിയുന്നത് എന്ന് ഉറപ്പുവരുത്തണം. വ്യാജ ക്യുആര്‍ കോഡുകള്‍ സ്ഥാപിച്ച് പണം തട്ടുന്ന ഒട്ടനവധി കേസുകളാണ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എമര്‍ജന്‍സിയാണ്, വളരെ പെട്ടെന്ന് (Urgency) പണമയക്കൂ എന്നുപറഞ്ഞ് ആരെങ്കിലും ക്യുആര്‍ കോഡ് നിങ്ങള്‍ക്ക് അയച്ചുതന്നാല്‍, അതൊരു തട്ടിപ്പിന്‍റെ സാധ്യതയാകാമെന്ന സംശയം നിങ്ങളില്‍ ഉടനടിയുണ്ടാകണം. ഉടനടി പണം ഓണ്‍ലൈനായി അയച്ചുകൊടുക്കുന്നതില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുക.
പ്രധാനമായും മൊബൈല്‍ ക്യാമറകളും ഗൂഗിള്‍ ലെന്‍സ് പോലുള്ള ഫീച്ചറുകളും വഴിയാണ് ക്യുആര്‍ കോഡുകള്‍ ആളുകള്‍ സ്‌കാന്‍ ചെയ്യുന്നതെങ്കിലും ക്യുആര്‍ സ്‌കാനര്‍ ആപ്പുകളും ഈ ഉപയോഗത്തിന് ലഭ്യമാണ്. ഏതൊരു മൊബൈല്‍ ആപ്പുകളുടെയും കാര്യത്തിലെ എന്നതുപോലെ സുരക്ഷിതമായ ആപ്പ് ക്യുആര്‍ കോഡുകള്‍ റീഡ് ചെയ്യാനും ഉപയോഗിക്കേണ്ടതുണ്ട്. പ്ലേ സ്റ്റോറുകളില്‍ നിന്ന് ക്യുആര്‍ കോഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ആപ്പുകളുടെ വിശ്വസനീയതയും റിവ്യൂകളും പരിശോധിക്കണം. Gamma Play പോലുള്ള ആപ്പുകള്‍ സുരക്ഷിതമായ ക്യുആര്‍ കോഡ് സ്‌കാനിംഗിന് സഹായകമാണെന്ന് സൈബര്‍ വിദഗ്‌ധര്‍ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam