കേരളത്തില്‍ ബിഎസ്എന്‍എല്‍ 4 ജി അവതരിപ്പിക്കുന്നു

By Web DeskFirst Published Apr 10, 2017, 11:27 AM IST
Highlights

കൊച്ചി:  വേഗതയുടെ പേരില്‍ കേള്‍ക്കുന്ന പഴി അവസാനിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ കേരളത്തിലും 4ജി സര്‍വീസ് അവതരിപ്പിക്കുകയാണ്. . ഈ വര്‍ഷം അവസാനത്തോടെ പ്രധാന നഗരങ്ങളിലെല്ലാം 4ജി സര്‍വീസ് ലഭ്യമാക്കും. സംസ്ഥാനത്തുള്ള ടവറുകളെല്ലാം 3ജിയിലേക്ക് മാറ്റുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ കൊച്ചിയില്‍ അറിയിച്ചു.

റിലയന്‍സ് ജിയോയെ നേരിടാന്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റ വാഗ്ദാനം ചെയ്‌തെങ്കിലും ഇന്റര്‍നെറ്റിന് വേഗം പോരെന്ന പരാതിയുടെ തുടര്‍ന്നാണ് പുതിയ നീക്കം. സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി സ്ഥാപിക്കുന്ന 400 ടവറുകളില്‍ 4ജി സര്‍വീസ് ഏര്‍പ്പെടുത്തും. ഒപ്പം സംസ്ഥാനത്തെ എല്ലാ ടവറുകളും 3ജിയിലേക്ക് മാറ്റും. കൊച്ചിയിലടക്കം വേഗമേറിയ ഹോട്ട്‌സ്‌പോട്ട് സംവിധാനവും വരും മാസങ്ങളില്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കും.

339 രൂപയുടെ പ്രതിമാസ പ്ലാന്‍ അവതരിപ്പിച്ച് 20 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് നിന്ന് 3.2 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. പ്രതിദിനം രണ്ട് ജിബി ഡാറ്റയും ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേക്ക് പരിധിയില്ലാത്ത സംസാര സമയവും മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് പ്രതിദിനം 25 മിനിറ്റ് ടോക്ക് ടൈമുമാണ് 339 രൂപയുടെ പ്ലാനില്‍ ലഭിക്കുക. 

വരിക്കാര്‍ കൂടിയതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സര്‍ക്കിളായി കൊച്ചി മാറി. എറണാകുളം സര്‍ക്കിളില്‍ 508 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിഎസ്എന്‍എല്‍ സ്വന്തമാക്കിയത്.
 

click me!