
ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ) വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) സേവനം രാജ്യവ്യാപകമായി അവതരിപ്പിച്ചു. സെല്ലുലാർ കവറേജ് ഇല്ലാത്തപ്പോഴും ഉപഭോക്താക്കൾക്ക് വൈ-ഫൈ നെറ്റ്‌വർക്കിലൂടെ വോയ്‌സ് കോളുകൾ (വൈ-ഫൈ കോള്‍) വിളിക്കാനും സ്വീകരിക്കാനും കഴിയുന്ന സംവിധാനമാണ് വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) എന്നറിയപ്പെടുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയർടെൽ, വോഡാഫോണ്‍ ഐഡിയ (വി) തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ വളരെക്കാലമായി ഉപയോക്താക്കള്‍ക്ക് വോയ്‌സ് വൈഫൈ ആക്‌സസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, നേരത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കിളുകളില്‍ ബിഎസ്എന്‍എല്‍ വോയ്‌സ് ഓവർ വൈ-ഫൈ സേവനം ആരംഭിച്ചിരുന്നുവെങ്കിലും രാജ്യവ്യാപകമായി ഈ സേവനം ലഭ്യമായിത്തുടങ്ങിയത് 2026-ലെ പുതുവത്സര ദിനത്തിലാണ്.
ഇന്ത്യയിലെ മുഴുവന്‍ ടെലികോം സര്‍ക്കിളുകളിലും ബിഎസ്എന്‍എല്ലിന്‍റെ വോയ്‌സ് ഓവർ വൈ-ഫൈ സേവനം ഇനി ലഭ്യമാകും. VoWiFi സേവനം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വി) എന്നീ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളും രാജ്യത്ത് ഏറെക്കാലം മുമ്പുതന്നെ അവതരിപ്പിച്ചിരുന്നു. ബിഎസ്എന്‍എല്ലും വോയ്‌സ് ഓവർ വൈ-ഫൈ രാജ്യവ്യാപകമായി അവതരിപ്പിച്ചതോടെ ഇന്ത്യയിലെങ്ങും മൊബൈല്‍ കണക്റ്റിവിറ്റി ഏറെ മെച്ചപ്പെടും. ദുര്‍ഘടമായ പ്രദേശങ്ങളിലും ഉയര്‍ന്ന-നിലവാരത്തിലുള്ള കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ വോയ്‌സ് ഓവർ വൈ-ഫൈ സൗകര്യത്തിലൂടെ കഴിയുമെന്ന് ടെലികോം മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വൈ-ഫൈ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ച് കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും മാത്രമല്ല, മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും വോയ്‌സ് ഓവർ വൈ-ഫൈ സേവനം വഴിയാകും.
വൈ-ഫൈ കോളിംഗ് സൗകര്യം ഉപയോഗിച്ച് ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് ഇനി മുതല്‍ സെല്ലുലാർ റിസപ്ഷൻ കുറവുള്ള പ്രദേശങ്ങളിൽ പോലും പതിവായി വോയ്‌സ് കോളുകൾ ചെയ്യാനും സ്വീകരിക്കാനും കഴിയും. ബിഎസ്എന്‍എല്ലിന്‍റെ ഭാരത് ഫൈബറോ മറ്റ് ബ്രോഡ്‌ബാന്‍ഡ് സേവനങ്ങളോ ലഭ്യമായതും എന്നാല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പരിമിതമോ ആയ സ്ഥലങ്ങളിലാണ് വോയ്‌സ് ഓവർ വൈ-ഫൈ സംവിധാനം കൂടുതല്‍ ഗുണം ചെയ്യുക.
മൊബൈൽ സിഗ്നൽ ദുർബലമാകുമ്പോൾ കോളുകൾ റൂട്ട് ചെയ്യുന്നതിന് ഓട്ടോമാറ്റിക്കായി വൈ-ഫൈയിലേക്ക് മാറുന്നതാണ് വോയ്‌സ് ഓവർ വൈ-ഫൈ സാങ്കേതികവിദ്യ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡാഫോൺ ഐഡിയ (വി) തുടങ്ങിയ പ്രമുഖ ടെലികോം ഓപ്പറേറ്റർമാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൈ-ഫൈ കോളിംഗ് പിന്തുണ രാജ്യത്ത് വാഗ്‌ദാനം ചെയ്യുന്നുണ്ട്. വോയ്‌സ് ഓവർ വൈ-ഫൈ സേവനത്തിന് സാധാരണയായി അധിക തുകയൊന്നും ടെലികോം കമ്പനികള്‍ ഈടാക്കാറില്ല. നിലവിലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തന്നെ, പ്രത്യേക തേഡ്-പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഒന്നിന്‍റെയും സഹായമില്ലാതെ വോയ്‌സ് ഓവർ വൈ-ഫൈ വഴി വൈ-ഫൈ കോളിംഗ് സാധ്യമാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam