
ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ (Bharat Sanchar Nigam Limited), എംടിഎന്‍എല്‍ (Mahanagar Telephone Nigam Limited) എന്നീ കമ്പനികള്‍ക്ക് 4ജി വിന്യാസം പൂര്‍ത്തിയാക്കാന്‍ 6,000 കോടി രൂപ കൂടി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതായി മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. ഒരുലക്ഷം 4ജി ടവറുകള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് ഈ തുക ബിഎസ്എന്‍എല്‍ ഉപയോഗിക്കുക.
പൊതുമേഖല ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലിന്‍റെയും എംടിഎന്‍എല്ലിന്‍റെയും 4ജി വിന്യാസം പൂര്‍ത്തിയാക്കാന്‍ 6,000 കോടി രൂപ കൂടി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി 4ജി എത്തിക്കാന്‍ ബിഎസ്എന്‍എല്‍ 19,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 13,000 കോടിയോളം രൂപ ഇതിനകം ചിലവഴിച്ചു. അവശേഷിക്കുന്ന 6,000 കോടി രൂപയ്ക്കായി ബിഎസ്എന്‍എല്‍ ടെലികോം മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര ക്യാബിനറ്റ് ബാക്കി തുകയും അനുവദിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വന്നിട്ടില്ല.
നിലവില്‍ എംടിഎന്‍എല്ലിന്‍റെ 4ജി വിന്യാസത്തിനും ബിഎസ്എന്‍എല്ലാണ് മേല്‍നോട്ടം വഹിക്കുന്നത്. ദില്ലിയിലും മുംബൈയിലുമാണ് എംടിഎന്‍എല്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നത്. 10 വര്‍ഷത്തേക്ക് എംടിഎന്‍എല്ലിന്‍റെ 4ജി നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ഒരുക്കുന്നത് ബിഎസ്എന്‍എല്‍ ആയിരിക്കും.
2019 മുതല്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപയാണ് ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരെ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കേന്ദ്രം അനുവദിച്ചത്. മൂന്ന് പുനരുദ്ധാരണ പാക്കേജുകള്‍ വഴിയായിരുന്നു ഇരു കമ്പനികള്‍ക്കും കേന്ദ്രത്തിന്‍റെ വമ്പിച്ച സാമ്പത്തിക സഹായം. ഇതിനകം 65000ത്തിലേറെ 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ പൂര്‍ത്തീകരിച്ചത്. കേരളത്തില്‍ 5,000 സൈറ്റുകളില്‍ ബിഎസ്എന്‍എല്‍ 4ജി എത്തി.
Read more: കേരളത്തില്‍ ബിഎസ്എന്‍എല്‍ കുതിപ്പ്; 5000 4ജി സൈറ്റുകള്‍ ഓണ്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം