
ബെയ്‌ജിങ്: ലോകത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഫോള്‍ഡബിള്‍ സ്മാര്‍ട്ട‌്‌ഫോണാകുമെന്ന് പ്രതീക്ഷിക്കുന്ന ഒപ്പോ ഫൈൻഡ് എന്‍5 (Oppo Find N5) രണ്ടാഴ്ചയ്ക്കുള്ളിൽ ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് റിപ്പോർട്ട്. കമ്പനി ഇതുവരെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഒപ്പോ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒപ്പോ ഫൈൻഡ് എന്‍5ന്‍റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചതായാണ് സൂചന. ഒപ്പോ ഫൈൻഡ് എന്‍5 മെലിഞ്ഞതും ആകർഷകവുമായ ഡിസൈൻ ഉള്ളതായിരിക്കും. ഇതിനുപുറമെ വൺ പ്ലസ് ഓപ്പൺ 2 എന്ന പേരിൽ ഈ സ്മാർട്ട്‌ഫോൺ ആഗോള വിപണികളിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്.
ഒപ്പോ ഫൈൻഡ് എന്‍5 ഫോണിനെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ നേരത്തെ ചോർന്നിരുന്നു. ഇത്തവണ ഒപ്പോ എന്താണ് വാഗ്‍ദാനം ചെയ്യുന്നതെന്ന് കാണാൻ സ്മാർട്ട്‌ഫോൺ പ്രേമികൾ ആവേശത്തിലാണ്. ഒപ്പോ ഫൈൻഡ് എന്‍5 ഫെബ്രുവരി മൂന്നാം വാരത്തിൽ ചൈനയിൽ ലോഞ്ച് ചെയ്യും. ചൈനയിൽ ലോഞ്ച് ചെയ്യുന്ന അതേസമയം തന്നെ ഫൈൻഡ് എന്‍5 ആഗോളതലത്തിലും അരങ്ങേറ്റം കുറിക്കുമെന്ന് ഒപ്പോ സ്ഥിരീകരിച്ചു. ഒന്നിലധികം വിപണികളിൽ ഒരേസമയം കമ്പനി ഫോള്‍ഡബിള്‍ പുറത്തിറക്കുന്നത് ഇതാദ്യമായിരിക്കും. മാത്രമല്ല, വൺപ്ലസ് ഓപ്പൺ 2 എന്ന പേരിൽ ഇതേ ഫോണ്‍ പിന്നീട് പുറത്തിറങ്ങാനും സാധ്യതയുണ്ട്. അമേരിക്ക, ഇന്ത്യ പോലുള്ള വിപണികളിൽ വൺപ്ലസ് ഓപ്പൺ 2 എത്തിയേക്കും.
ഫൈൻഡ് എന്‍5 IPx9 വാട്ടർ റെസിസ്റ്റന്‍റ് ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതായത് ഉയർന്ന മർദ്ദത്തിലുള്ള വാട്ടർ സ്പ്രേകളെ കൈകാര്യം ചെയ്യാൻ ഇതിന് കഴിയും. 2കെ റെസല്യൂഷനോടുകൂടിയ 6.85 ഇഞ്ച് 120Hz എല്‍ടിപിഒ അമോലെഡ് സ്‌ക്രീനും ഫോണിലുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. 80 വാട്സ് വയേർഡ്, 50 വാട്സ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും വലിയ ബാറ്ററിയുള്ള ഫൈൻഡ് എന്‍5 ലോകത്തിലെ ഏറ്റവും കട്ടി കുറഞ്ഞ മടക്കാവുന്ന ഫോണായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മടക്കിയ അവസ്ഥയിൽ 4.4 മില്ലീമീറ്ററിലും തുറന്ന അവസ്ഥയിൽ 9.4 മില്ലീമീറ്ററും ആയിരിക്കും ഈ ഒപ്പോ ഫോണിന്‍റെ അളവുകൾ എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ഒപ്പോ ഫൈൻഡ് എന്‍5നെ നിലവിലുള്ള ഏറ്റവും കട്ടി കുറഞ്ഞ മടക്കാവുന്ന ഫോണായ ഹോണർ മാജിക് വി3യേക്കാൾ സ്ലിമ്മാക്കുന്നു.
Read more: വില 15000ത്തില്‍ താഴെ? സാംസങ് ഗാലക്‌സി എഫ്16 ഉടനിറങ്ങും; സ്പെസിഫിക്കേഷനുകൾ ലീക്കായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം