ചരിത്ര നേട്ടം; ഇന്‍റർനെറ്റ് പ്രകടനത്തിൽ ജിയോയെയും എയർടെല്ലിനെയും മറികടന്ന് ബി‌എസ്‌എൻ‌എൽ

Published : Apr 12, 2026, 11:40 AM IST
BSNL

Synopsis

ഫ്രാൻസിലെ നെറ്റ്‌വർക്ക് പരിശോധനാ സ്ഥാപനമായ എൻപെർഫിന്റെ (nPerf) പുതിയ റിപ്പോർട്ട് പ്രകാരം, 2026 സാമ്പത്തിക വർഷത്തിൽ ഫിക്സഡ്-ലൈൻ ഇന്‍റർനെറ്റ് വിഭാഗത്തിൽ ബിഎസ്എൻഎൽ ജിയോയെയും എയർടെലിനെയും മറികടന്ന് ഒന്നാമതെത്തി. ഡൗൺലോഡ് വേഗതയിൽ പിന്നിലാണെങ്കിലും, മൊത്തത്തിലുള്ള സേവന ഗുണമേന്മയിലെ മികച്ച പ്രകടനമാണ് ബിഎസ്എൻഎല്ലിന് ഈ നേട്ടം സമ്മാനിച്ചത്. 

ദില്ലി: ഇന്ത്യയിലെ ടെലികോം രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ രേഖപ്പെടുത്തിക്കൊണ്ട്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 2026 സാമ്പത്തിക വർഷത്തിൽ ഫിക്സഡ്-ലൈൻ ഇന്‍റർനെറ്റ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഫ്രാൻസിലെ സ്വതന്ത്ര നെറ്റ്‌വർക്ക് പരിശോധനാ സ്ഥാപനമായ എൻപെർഫ് (nPerf) പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കുന്നത്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ബിഎസ്എൻഎൽ ജിയോയും എയർടെലും പോലുള്ള പ്രമുഖ സ്വകാര്യ കമ്പനികളെ മറികടന്ന് ഈ മേഖലയിൽ ഒന്നാം സ്ഥാനത്തെത്തി.

റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ശക്തമായി മത്സരത്തിൽ ഉണ്ടായിരുന്നുവെങ്കിലും, മൊത്തത്തിലുള്ള സ്കോറിൽ ബിഎസ്എൻഎൽ മുന്നിലെത്തി. 2025–2026 കാലയളവിലെ ഫിക്സഡ്-ലൈൻ ബാരോമീറ്ററിൽ ബിഎസ്എൻഎൽ 89,174 എൻപോയിന്‍റ്സ് നേടി ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തായിരുന്ന കമ്പനി തുടർച്ചയായ വളർച്ചയിലൂടെ ഈ നേട്ടം കൈവരിച്ചു എന്നതാണ് ശ്രദ്ധേയം.

അതേസമയം, ജിയോ 73,957 പോയിന്‍റും എയർടെൽ 74,975 പോയിന്‍റും നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുകയാണ്. വിപണി വിഹിതത്തിന്‍റെ അടിസ്ഥാനത്തിൽ ബിഎസ്എൻഎൽ ഇപ്പോഴും മൂന്നാം സ്ഥാനത്താണെങ്കിലും, സേവന ഗുണമേന്മയിൽ വലിയ മുന്നേറ്റമാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. യഥാർഥ ഉപയോക്തൃ അനുഭവത്തെ അടിസ്ഥാനമാക്കി ഇന്‍റർനെറ്റ് കണക്ഷനുകളുടെ നിലവാരം വിലയിരുത്തുന്ന പ്ലാറ്റ്ഫോമാണ് എൻപെർഫ്.

ഇന്ത്യയിലെ ഫിക്‌സഡ്-ലൈൻ വിപണി കൂടുതൽ പക്വതയിലേക്ക് നീങ്ങുകയാണ് എന്നും ഫൈബർ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം എല്ലാ സേവനദാതാക്കളിലും ഉപയോക്തൃ അനുഭവം ഗണ്യമായി മെച്ചപ്പെടുത്തുന്നു എന്നും എൻപെർഫ് പ്രസിഡന്‍റായ റെനോഡ് കെറഡെക് അഭിപ്രായപ്പെട്ടു. അതേസമയം, ഫൈബർ-ടു-ദി-ഹോം (FTTH) ഡൗൺലോഡ് വേഗതയുടെ കാര്യത്തിൽ ഭാരതി എയർടെൽ മുൻതൂക്കം നേടി. എയർടെൽ 241.72 Mbps വേഗതയാണ് രേഖപ്പെടുത്തിയത്. തുടർന്ന് ജിയോ 225.18 Mbpsയും ബിഎസ്എന്‍എല്‍ 198.54 Mbps-യും നേടി. ഇതോടെ വേഗതയിൽ പിന്നിലായിരുന്നെങ്കിലും, മൊത്തത്തിലുള്ള പ്രകടനത്തിൽ ബിഎസ്എൻഎൽ മുൻതൂക്കം നേടിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇതോടെ, സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ വീണ്ടും വിപണിയിൽ തിരിച്ചുവരവ് നടത്തുന്നതിന്റെ സൂചനകൾ ശക്തമാകുകയാണ്. സ്വകാര്യ കമ്പനികളുമായി കടുത്ത മത്സരത്തിനിടയിലും, സേവന നിലവാരത്തിൽ മുന്നേറ്റം കൈവരിക്കുന്നത് ഭാവിയിൽ ടെലികോം രംഗത്തെ മത്സരം കൂടുതൽ ശക്തമാക്കുമെന്നു വിലയിരുത്തപ്പെടുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാംസങ്, എൽജി, ഷവോമി സ്‌മാർട്ട് ടിവി കാഴ്‌ചക്കാർക്ക് നിരാശ വാർത്ത, സൗജന്യ ചാനലുകൾ നിരോധിച്ചേക്കും
ചാരപ്പണിക്ക് എഐയുമായി സിഐഎ; മനുഷ്യ ചാരന്‍മാരുടെ തൊഴില്‍ പോകുമോ?