
ദില്ലി: 18 വര്‍ഷത്തിനിടെ ആദ്യമായി പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ ലാഭം കൊയ്തു. 2024-25 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാംപാദത്തില്‍ 262 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് നാലാംപാദത്തില്‍ 280 കോടി രൂപയുടെ അറ്റാദായം നേടി എന്നാണ് ബിഎസ്എന്‍എല്ലിന്‍റെ അറിയിപ്പ്. മുന്‍കാലത്തെ അപേക്ഷിച്ച് സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 58 ശതമാനം കുറയ്ക്കാനും ബിഎസ്എന്‍എല്ലിനായി. 2007ന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാംപാദത്തിലായിരുന്നു.
2024 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാംപാദത്തില്‍ 849 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണ് മാര്‍ച്ച് 31ന് അവസാനിച്ച 25 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാപാദം ബിഎസ്എന്‍എല്‍ 280 കോടി രൂപയുടെ അറ്റാദായം നേടിയത്. തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ബിഎസ്എന്‍എല്‍ ലാഭം കണ്ടെത്തിയതോടെ ആകെ നഷ്ടം കുറച്ചുകൊണ്ടുവരാന്‍ കമ്പനിക്കായി. 2025 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള നഷ്ടം 2,247 കോടി രൂപയായി ബിഎസ്എന്‍എല്‍ കുറച്ചു. 2024 സാമ്പത്തിക വർഷം ആകെ നഷ്ടം 5,370 കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിലെ 19,330 കോടി രൂപയുമായി തട്ടിച്ചുനോക്കുമ്പോള്‍ 2025 സാമ്പത്തിക വർഷത്തിൽ ബിഎസ്‌എൻഎല്ലിന്‍റെ പ്രവർത്തന വരുമാനം 7.8 ശതമാനം ഉയർന്ന് 20,841 കോടി രൂപയിലെത്തി. അതേസമയം മൊത്തം വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർധിച്ച് 21,302 കോടി രൂപയിൽ നിന്ന് 23,427 കോടിയായി.
രാജ്യത്ത് 4ജി വിന്യാസം ആരംഭിച്ചതാണ് ബിഎസ്എന്‍എല്ലിന്‍റെ തിരിച്ചുവരവിന് കൂടുതല്‍ കരുത്തേകിയത്. അതേസമയം ഫൈബര്‍-ടു-ദി-ഹോം സേവനവും ലീസ്‌ഡ് ലൈനുകളും സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി.
രാജ്യത്തുതന്നെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം അവസാന ഘട്ടത്തിലാണ്. ഉടന്‍തന്നെ ഒരുലക്ഷം 4ജി സൈറ്റുകള്‍ എന്ന നേട്ടം ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പൂര്‍ത്തിയാക്കും. ബിഎസ്എന്‍എല്‍ ഇതിനകം 93,450 4ജി ടവറുകള്‍ പൂര്‍ത്തിയാക്കിയതായി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും (ടിസിഎസ്) തേജസ് നെറ്റ്‌വര്‍ക്കും സി-ഡോട്ടുമായി സഹകരിച്ചാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. തദ്ദേശീയമായ 4ജി സാങ്കേതികവിദ്യയുള്ള അഞ്ചാമത്തെ രാജ്യം മാത്രമാണ് ഇന്ത്യ. ചൈന (വാവെയ്, ZTE, ഫിന്‍ലാന്‍ഡ് (നോക്കിയ), സ്വീഡന്‍ (എറിക്സണ്‍), ദക്ഷിണ കൊറിയ (സാംസങ്) എന്നീ രാജ്യങ്ങളാണ് പ്രാദേശികമായി 4ജി സാങ്കേതികവിദ്യ വികസിപ്പിച്ച മറ്റ് നാല് രാജ്യങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം